വെളളക്കടുവ മലരിന് കൂട്ടായി ശ്രാവണെത്തി

Posted on: 25 Aug 2015കടുവകള്‍ ഒന്‍പതായി


തിരുവനന്തപുരം : മൃഗശാലയിലെ മലരെന്ന പെണ്‍ വെള്ള കടുവയ്ക്ക് കൂട്ടായി ആണ്‍ വെള്ളക്കടുവ ശ്രാവണെത്തി. ഇതോടെ തിരുവനന്തപുരം മൃഗശാലയ്ക്ക് കടുവകള്‍ ഒന്‍പതായി. ഡല്‍ഹിയിലെ നാഷണല്‍ സുവോളജി പാര്‍ക്കില്‍ നിന്നാണ് ശ്രാവണിനെ കൊണ്ടുവന്നത്. ആറ് വയസ്സാണ് മലരിന്. ശ്രാവണിന് ഒന്നരവയസ്സുമാണ്.
കേന്ദ്ര മൃഗശാല അതോറിറ്റിയുടെ നിര്‍ദേശപ്രകാരം മൃഗശാലകള്‍ തമ്മിലുള്ള കൈമാറ്റ വ്യവസ്ഥയുടെ ഭാഗമായാണ് ഡല്‍ഹി നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് തിരുവനന്തപുരം മൃഗശാലയ്ക്ക് വെള്ളക്കടുവയെ നല്‍കിയത്. ഇവിടെ നിന്ന് റിയാ പക്ഷികള്‍, കൂമന്‍, കൃഷ്ണപരുന്ത്, നാടന്‍ കുരങ്ങുകള്‍ എന്നിവ നല്‍കിയാണ് വെള്ളക്കടുവയെ വാങ്ങുന്നത്.
ഓണക്കാലത്ത് പ്രദര്‍ശന കുട്ടിലേക്ക് താത്കാലികമായെ ശ്രാവണിനെ തുറന്ന് വിടുകയുള്ളൂ. മറ്റ് കടുവകളുടെ ശരീര ഗന്ധം, അവയുടെ ശബ്ദം, പുതിയ അന്തരീക്ഷം എന്നിവയുമായി കടുവ ഇണങ്ങണം. ഇതിനായി ശ്രാവണിനെ പ്രത്യേക കൂട്ടിലാണ് പാര്‍പ്പിക്കുക. മൃഗശാലയിലെ ചുറ്റുപാടുമായി ഇണങ്ങാന്‍ മൂന്നാഴ്ചയെങ്കിലും വേണമെന്ന് ഡോ.ജേക്കബ് അലക്‌സാണ്ടര്‍ പറഞ്ഞു. ഇവിടെ കാര്‍ത്തിക, പൊന്നി, കരിഷ്മ, മലര്‍ എന്നീ പെണ്‍കടുവകളും മനു, മണികണ്ഠന്‍, രാഹുല്‍, കിരണ്‍ എന്നീ ആണ്‍കടുവകളുമാണുള്ളത്.
ഒരു ദിവസം 10 കിലോയോളം കുട്ടിപോത്തിന്റെ ഇറച്ചിയാണ് ഡല്‍ഹി മൃഗശാലയില്‍ ശ്രാവണിന് നല്‍കിയിരുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് കുട്ടിപോത്തിന്റെ ഇറച്ചി കിട്ടാന്‍ പ്രയാസമായതിനാല്‍ കോഴിയിറച്ചിയും കാളയിറച്ചിയുമാണ് നല്‍കുക. അതേസമയം ആറ് വയസ്സുകാരി മലരിന് ഒരു ദിവസം എട്ട് കിലോയോളം ഇറച്ചിമാത്രം മതി. ഒരാഴ്ചയില്‍ ആറു ദിവസം മാത്രമേ ഇവര്‍ക്ക് ഭക്ഷണം നല്‍കുകയുള്ളു. ഒരു ദിവസം ആഹാരം വെള്ളവും മരുന്നും മാത്രമാണ്. ഇവയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുക. മൂന്നാഴ്ച കഴിഞ്ഞ് ശ്രാവണിനെ പ്രദര്‍ശനകൂട്ടിലേക്ക് മാറ്റും.

More Citizen News - Thiruvananthapuram