ഗണേശോത്സവ ഘോഷയാത്ര ഇന്ന്‌

Posted on: 25 Aug 2015തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള സാംസ്‌കാരികസമ്മേളനവും ഗണേശവിഗ്രഹ ഘോഷയാത്രയും ചൊവ്വാഴ്ച നടക്കും.
ജില്ലയിലെ 70 പ്രധാന കേന്ദ്രങ്ങളില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്രകള്‍ പഴവങ്ങാടി ഗണപതിക്ഷേത്രത്തിനുമുന്നില്‍ എത്തിച്ചേരുന്നതോടെ സാംസ്‌കാരികസമ്മേളനത്തിനും പ്രധാന ഘോഷയാത്രയ്ക്കും തുടക്കമാകും.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നും നഗരത്തിലെ 50 കേന്ദ്രങ്ങളില്‍നിന്നും ആരംഭിക്കുന്ന ഘോഷയാത്രകളും പഴവങ്ങാടി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും.
പഴവങ്ങാടിയില്‍ ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജി.മാധവന്‍നായരുടെ അധ്യക്ഷതയില്‍ വൈകുന്നേരം 4ന് ചേരുന്ന സമ്മേളനത്തില്‍ ഘോഷയാത്ര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സമ്മേളനം ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഗണേശപുരസ്‌കാരം ഡോ. കെ.ജെ.പുരുഷോത്തമും മിന്നല്‍ പരമശിവന്‍നായര്‍ പുരസ്‌കാരം സായി ഗ്രാമം ഡയറക്ടര്‍ അനന്തകുമാറും മന്ത്രി വി.എസ്.ശിവകുമാറില്‍നിന്ന് ഏറ്റുവാങ്ങും. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഖ്യാതിഥിയായിരിക്കും.
പഴവങ്ങാടി മഹാഗണപതിക്ഷേത്രത്തില്‍നിന്ന് എത്തിക്കുന്ന ദീപം ഗണേശവിഗ്രഹത്തിന് മുന്നില്‍ തെളിക്കുന്നതോടെ വര്‍ണാഭമായ ഗണേശവിഗ്രഹ ഘോഷയാത്ര ആരംഭിക്കും.
രണ്ടായിരത്തോളം കലാകാരന്മാര്‍ വാദ്യമേളങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഗണേശഭഗവാന്റെ 32 വിവിധ രൂപഭാവങ്ങളിലും എട്ട് അവതാരരൂപങ്ങളിലുമുള്ള വിഗ്രഹങ്ങള്‍ ഘോഷയാത്രയെ ഭക്തിസാന്ദ്രമാക്കും.
കിഴക്കേക്കോട്ടയില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഓവര്‍ബ്രിഡ്ജ്, ആയുര്‍വേദ കോളേജ്, സ്റ്റാച്യു, പാളയം, എ.കെ.ജി. സെന്റര്‍, ജനറല്‍ ആശുപത്രി, പാറ്റൂര്‍, പേട്ട, ചാക്ക, ആള്‍സെയിന്റ്‌സ് വഴി ശംഖുംമുഖം ആറാട്ടുകടവിലെത്തും. ശംഖുംമുഖത്ത് ഗണേശവിഗ്രഹ നിമജ്ജനത്തോടനുബന്ധിച്ച് നടക്കുന്ന സമാപനസമ്മേളനം നടന്‍ സുരേഷ് ഗോപി ഉദ്ഘാടനംചെയ്യും. ശംഖുംമുഖത്ത് 1008 നാളികേരംകൊണ്ടുള്ള ഗണപതിഹോമവും പ്രത്യേക പൂജയും നടക്കും. പൂജാചടങ്ങുകള്‍ക്ക് മിത്രന്‍ നമ്പൂതിരിപ്പാട് നേതൃത്വം നല്‍കും. പൂജകള്‍ക്കുശേഷം ഗണേശവിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനം ചെയ്യും.

More Citizen News - Thiruvananthapuram