മലയിന്‍കീഴ് ഫെസ്റ്റില്‍ ഓണത്തിരക്ക്

Posted on: 25 Aug 2015മലയിന്‍കീഴ്: ഓണക്കോപ്പുകള്‍ വാങ്ങാനുള്ളവരും മലയിന്‍കീഴ് ഫെസ്റ്റിനെത്തുന്നു. ഓണക്കോടികള്‍ കൂടാതെ അടുക്കളയ്ക്കാവശ്യമായ പനയോലയില്‍ മെടഞ്ഞ മുറം, കുട്ട, വട്ടി എന്നിവയും വൃത്തിയാക്കിയ പുളിയും വിഷംതൊടാത്ത നാട്ടിന്‍പുറത്തിന്റെ പച്ചക്കറിയുമെല്ലാം ഫെസ്റ്റിലുണ്ട്. ക്ഷീരവികസന വകുപ്പിന്റെ പാല്‍ ഉല്പന്നങ്ങളും വെള്ളായണി കാര്‍ഷിക കോളേജിന്റെ ഫലവൃക്ഷത്തൈകളും മേളയ്‌ക്കെത്തുന്നവര്‍ക്ക് പ്രിയപ്പെട്ടതാണ്. പട്ടികജാതി വികസന വകുപ്പ്, ശാസ്ത്രസാഹിത്യപരിഷത്ത്, ഐ.സി.ഡി.എസ്., മെഡിക്കല്‍ കോളേജ്, വനംവകുപ്പ്, അനര്‍ട്ട്, കൃഷിവകുപ്പ് എന്നിവയുടെ സ്റ്റാളുകള്‍ മേളയിലുണ്ട്. കൈത്തറി, കരകൗശല ഉല്പന്നങ്ങള്‍, കുടുംബശ്രീ വിഭവങ്ങള്‍ എന്നിവയും ഫെസ്റ്റിന്റെ ആകര്‍ഷണങ്ങളിലുള്‍പ്പെടുന്നു. ഞായറാഴ്ച വിവിധയിനം കന്നുകാലികളുടെ പ്രദര്‍ശനം നടന്നു. രാത്രി വയനാട് നാട്ടുകൂട്ടം അവതരിപ്പിച്ച ഗോത്രമൊഴി ആസ്വാദകശ്രദ്ധ നേടി. തിങ്കളാഴ്ച പകല്‍ നടന്ന ക്ഷീരവികസന സെമിനാര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് എല്‍.അനിത മോഡറേറ്ററായിരുന്നു. രാത്രി മാജിക് ഷോ, ഗാനമേള എന്നീ പരിപാടികളുണ്ടായിരുന്നു. നേമം വികസന ബ്‌ളോക്കും മലയിന്‍കീഴ് പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫെസ്റ്റ് ബുധനാഴ്ച സമാപിക്കും.

More Citizen News - Thiruvananthapuram