ഓണത്തെ വരവേല്‍ക്കാന്‍ കനകക്കുന്ന് ഒരുങ്ങി

Posted on: 25 Aug 2015തിരുവനന്തപുരം: കനക്കുന്ന് കൊട്ടാരം പുനരുദ്ധാരണ പദ്ധതിയുടെ ആദ്യഘട്ടം 25ന് ഓണം വാരാഘോഷത്തിന്റെ തുടക്കത്തോടനുബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
12 അടി വീതിയില്‍ തയാറാക്കിയ കരിങ്കല്‍ പടിക്കെട്ടും ഒന്നേകാല്‍ കിലോമീറ്റര്‍ വരുന്ന കരിങ്കല്‍ പാകിയ വീഥിയുമുള്‍പ്പെടുന്ന ആദ്യഘട്ടം മൂന്നുമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. അരനൂറ്റാണ്ടു മുമ്പ് തയാറാക്കിയ ഇപ്പോഴത്തെ വീഥി പരിഷ്‌കരിച്ചപ്പോള്‍ അതിനിരുവശവും കല്ലുകൊണ്ടുള്ള ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചു.
വൈദ്യുതാലങ്കാര സംവിധാനങ്ങളും ഹരിതാഭ നിലനിര്‍ത്താനുള്ള പുത്തന്‍ ജലസേചന സംവിധാനവും ആദ്യഘട്ടത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. മൂന്നുകോടി രൂപ ചെലവില്‍ പുനരുദ്ധാരണ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും മറ്റൊരു രണ്ടുകോടി രൂപ കൂടി ടൂറിസം വകുപ്പ് അനുവദിച്ചതോടെ പദ്ധതി വിപുലീകരിക്കുകയായിരുന്നു.
കുടുംബ ഉദ്യാനത്തിന്റെ നിര്‍മാണവും കൊട്ടാരത്തിന്റെ പിന്‍ഭാഗത്തായി പുരോഗമിക്കുന്നുണ്ട്. കുടുംബമായെത്തുന്ന സന്ദര്‍ശകര്‍ക്ക് നഗരത്തിലെ തിരക്കുകള്‍ക്ക് നടുവില്‍തന്നെ കൊട്ടാരവളപ്പില്‍ ശാന്തമായ അന്തരീക്ഷം സമ്മാനിക്കുന്നതിനാണ് ഫാമിലി പാര്‍ക്ക് നിര്‍മിക്കുന്നത്. അര്‍ധവൃത്താകൃതിയിലുള്ള സഞ്ചാരവീഥിയും കൂടുതല്‍ ഇരിപ്പിടങ്ങളും വൈദ്യുതവിളക്കുകളും ഇവിടെ സജ്ജീകരിക്കുന്നുണ്ട്. സ്വകാര്യതയും നിശബ്ദതയും ഉറപ്പാക്കിയാണ് കുടുംബ ഉദ്യാനം നിര്‍മിക്കുന്നത്.

More Citizen News - Thiruvananthapuram