ഓണം വാരാഘോഷത്തിന് വിളംബര ഘോഷയാത്രയോടെ തുടക്കമായി

Posted on: 25 Aug 2015തിരുവനന്തപുരം: വര്‍ണശബളമായ വിളംബര ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് തുടക്കമായി. പുലികളിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയില്‍ നടന്ന വിളംബരഘോഷയാത്രയോടെയാണ് വിനോദസഞ്ചാര വകുപ്പിന്റെ ഓണം വാരാഘോഷം ആരംഭിച്ചത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് മുന്നില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര പാലോട് രവി എം.എല്‍.എ. ഫ്ലഗ് ഓഫ് ചെയ്തു.
ഓണം പതാക വഹിച്ചുള്ള വിളംബരഘോഷയാത്ര സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച് കനകക്കുന്നില്‍ സമാപിച്ചു. കാളവണ്ടിയില്‍ മഹാബലിയും വാമനനും, അശ്വാരൂഢസേന, റോളര്‍ സ്‌കേറ്റിങ്, ചെണ്ടമേളം, സൈക്ലിങ് വിവിധ കായികയിന പ്രദര്‍ശനങ്ങള്‍ എന്നിവ ഘോഷയാത്രയില്‍ പങ്കെടുത്തു.
ആഘോഷത്തിന് തുടക്കംകുറിച്ച് കനകക്കുന്ന് കൊട്ടാരമുറ്റത്ത് മന്ത്രി എ.പി.അനില്‍കുമാര്‍ പതാകയുയര്‍ത്തി. കനകക്കുന്ന് നവീകരണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിക്കൊണ്ടാണ് ഇക്കുറി വിനോദസഞ്ചാര വകുപ്പിന്റെ ഓണാഘോഷം നടത്തുന്നതെന്ന് മന്ത്രി അനില്‍കുമാര്‍ പറഞ്ഞു.
അലങ്കാരദീപങ്ങളുടെ സ്വിച്ച് ഓണ്‍, മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷനായി. പാലോട് രവി എം.എല്‍.എ., വിനോദസഞ്ചാരവകുപ്പ് ഡയറക്ടര്‍ ഷേക്ക് പരീത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കസേരകളി, സാക്ക് റേസ്, കളരിപ്പയറ്റ്, കരാട്ടെ, ഗുസ്തി, ഉറിയടി എന്നിവ അരങ്ങേറി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ടൂറിസം വകുപ്പും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ജില്ലയില്‍ 30 വേദികളിലായി നാടന്‍കലാരൂപങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആഗസ്ത് 31 വരെ അരങ്ങേറും.

More Citizen News - Thiruvananthapuram