പുതുക്കുളങ്ങരയിലെ ഇന്ദിരാഗാന്ധി പ്രതിമ തകര്‍ത്ത് തോട്ടിലെറിഞ്ഞു

Posted on: 25 Aug 2015പ്രതിഷേധിച്ച് ഹര്‍ത്താലാചരിച്ചു


നെടുമങ്ങാട്:
പുതുക്കുളങ്ങര ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ഇന്ദിരഗാന്ധി സ്മാരകത്തിലെ പ്രതിമ തകര്‍ത്ത് തോട്ടിലെറിഞ്ഞ നിലയില്‍ കണ്ടെത്തി. പുതുക്കുളങ്ങര -മുണ്ടേല റോഡുവക്കിലുള്ള സ്മാരകത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന ഇന്ദിരാഗാന്ധിയുടെ അര്‍ധകായ പ്രതിമയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പൊളിച്ച് പുതുക്കുളങ്ങര പാലത്തിന് സമീപമുള്ള തോട്ടിലുപേക്ഷിച്ചത്. ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് ഇന്‍ഡ്യയില്‍ ആദ്യമായി സ്ഥാപിച്ച പ്രതിമയാണ് പുതുക്കുളങ്ങരയിലുണ്ടായിരുന്നത്.
റോഡ് വികസനത്തിനായി സ്മാരകം പൊളിച്ചു മാറ്റി കൊടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത് വരികയും ഇതിനടുത്തായി കല്ല് കെട്ടി ഇടതു പ്രസ്ഥാനങ്ങളുടെ കൊടി നാട്ടുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായിട്ടും സ്മാരകം പൊളിച്ചു മാറ്റാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറായിരുന്നില്ല. റോഡ് പണി പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് രാത്രിയില്‍ പ്രതിമ നശിപ്പിച്ചത്. പ്രതിമ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പുതുക്കുളങ്ങരയില്‍ ഹര്‍ത്താലാചരിച്ചു. വൈകുന്നേരം പ്രതിഷേധ യോഗവും നടന്നു.
ഡി.സി.സി. പ്രസിഡന്റ് അഡ്വ.കരകുളം കൃഷ്ണപിള്ള, ഡി.സി.സി. ഭാരവാഹികളായ എന്‍.രഞ്ചകുമാര്‍, അഡ്വ.എസ്.അരുണ്‍കുമാര്‍, സക്കീര്‍ ഹുസൈന്‍, കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ. എന്നിവര്‍ സ്ഥലത്തെത്തി. പോലീസ്, ഡോഗ് സ്‌ക്വോഡ്, വിരലടയാള വിദഗ്ദ്ധര്‍, ഫോറന്‍സിക് വിഭാഗം എന്നിവര്‍ പരിശോധന നടത്തി. തോട്ടില്‍ നിന്ന് കണ്ടെടുത്ത പ്രതിമ ആര്യനാട് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.


More Citizen News - Thiruvananthapuram