ഓണം ട്രേഡ് ഫെയര്‍ പ്രദര്‍ശനം

Posted on: 25 Aug 2015തിരുവനന്തപുരം: ടൂറിസംവകുപ്പിന്റെ ഓണം ട്രേഡ് ഫെയര്‍ ആന്‍ഡ് എക്‌സിബിഷന്‍ മന്ത്രി എ.പി.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
ടൂറിസം വികസനത്തില്‍ സ്വയം സഹകരണ ഗ്രൂപ്പുകളുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യം മനസ്സിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഉന്നമനത്തിലൂടെ വനിതാ ശാക്തീകരണം വലിയൊരളവില്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ടൂറിസം വികസനത്തിന് പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു.
സൂര്യകാന്തി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ. അധ്യക്ഷനായി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍, ചെറുകിട, സന്നദ്ധ സംരംഭങ്ങള്‍ തുടങ്ങിയവയുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ട്. തനത് പ്രദര്‍ശന വസ്തുക്കളും ഭക്ഷ്യവിഭവങ്ങളുമായി എത്തുന്ന കുടുംബശ്രീ, ജനശ്രീ, വനശ്രീ മുതലായവ വരുംദിവസങ്ങളില്‍ ഉണ്ടാകും. കരകൗശല വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍, പുസ്തകങ്ങള്‍, ഫാന്‍സി സാധനങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളുമായി കൂടുതല്‍ സ്റ്റാളുകള്‍ ഒരുങ്ങുന്നതോടെ ട്രേഡ് ഫെയര്‍ കൂടുതല്‍ വര്‍ണാഭമാകും.
സംസ്ഥാന ഇക്കോ ടൂറിസം ഡയറക്ടര്‍ ജോസഫ് തോമസ് സ്വാഗതം പറഞ്ഞു. നന്തന്‍കോട് വാര്‍ഡ് കൗണ്‍സിലര്‍ ലീലാമ്മ ഐസക്, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ജേക്കബ് മാത്തന്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ എസ്.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 മണിവരെ നടക്കുന്ന ട്രേഡ് ഫെയര്‍ ഗ്രൗണ്ടിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.

More Citizen News - Thiruvananthapuram