വിശക്കുന്നവന് ആശ്രയമായി 'അന്നം പുണ്യം' പദ്ധതി

Posted on: 25 Aug 2015തിരുവനന്തപുരം: തലസ്ഥാനത്ത് എത്തുന്ന ആര്‍ക്കും ഇനി മുതല്‍ വിശപ്പ് അടക്കിപ്പിടിക്കേണ്ടി വരില്ല. അനന്തപുരിയുടെ വിശപ്പകറ്റാന്‍ അന്നം പുണ്യം പദ്ധതി വരുന്നു. പാവപ്പെട്ടവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുകളും നേരിടാതെ ഭക്ഷണം കഴിക്കാനുള്ള അവസരം ഇതോടെ ലഭിക്കും. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെയാണ് പദ്ധതി സാക്ഷാത്കരിക്കുക.
കോഴിക്കോട്ട് ആരംഭിച്ച ഓപ്പറേഷന്‍ സുലൈമാനിയുടെ മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. കളക്ടര്‍ ബിജു പ്രഭാകര്‍ അന്നം പുണ്യം പദ്ധതി എന്ന ആശയവുമായി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനെ സമീപിക്കുകയായിരുന്നു. അസോസിയേഷന്‍ പൂര്‍ണ സമ്മതത്തോടെ സ്വീകരിച്ചതും പദ്ധതിക്ക് തുടക്കമായി.
ഓപ്പറേഷന്‍ സുലൈമാനിയുടെ മാതൃകയില്‍ ഫുഡ് കൂപ്പണ്‍ നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. ആഗസ്ത് ഏഴ് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നഗരത്തിലെ പതിമൂന്ന് വില്ലേജ് ഓഫീസുകള്‍ വഴി കൂപ്പണ്‍ വിതരണം ചെയ്തുതുടങ്ങി. വഞ്ചിയൂര്‍, കവടിയാര്‍, മണക്കാട്, പേട്ട, ശാസ്തമംഗലം, തിരുമല, തൈക്കാട്, ഉള്ളൂര്‍, വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന്, മുട്ടത്തറ, തിരുമല, പേരൂര്‍ക്കട എന്നീ വില്ലേജ് ഓഫീസുകള്‍ വഴിയാണ് കൂപ്പണ്‍ വിതരണം.
അസോസിയേഷനില്‍ ഇപ്പോള്‍ 42 ഹോട്ടലുകള്‍ അംഗമായിട്ടുണ്ട്. അംഗങ്ങളായ ഹോട്ടലുകളില്‍ സ്ഥാപിക്കുന്ന പണപ്പെട്ടിയില്‍ നിന്ന് ലഭിക്കുന്ന തുകയാണ് അന്നം പുണ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗം. കടയുടമ ദിവസം ഒരു ഊണിന്റെ തുക നിക്ഷേപിക്കണമെന്നാണ് നിബന്ധന. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കും പണം നിക്ഷേപിക്കാനുള്ള അവസരമുണ്ട്. അസോസിയേഷനിലുള്ളവര്‍ തന്നെ സ്‌പോണ്‍സര്‍മാരായി രംഗത്ത് വന്നിട്ടുണ്ട്.
ദിവസം ഒരു നേരത്തെ ഭക്ഷണമാണ് കൂപ്പണ്‍ വഴി നല്‍കുക. ഒരാള്‍ക്ക് ദിവസം ഒരു കൂപ്പണാണ് നല്‍കുന്നത്. ഈ കൂപ്പണ്‍ അതത് ദിവസം തന്നെ ഉപയോഗിക്കുകയും വേണം. ഇഷ്ടമുള്ള സമയത്ത് ഭക്ഷണം കഴിക്കാം. രാവിലെ പലഹാരവും ഉച്ചയ്ക്ക് ഊണും രാത്രി ചപ്പാത്തിയും കറിയും എന്നിങ്ങനെയാണ് നല്‍കുക.
വില്ലേജ് ഓഫീസില്‍ നിന്ന് കൂപ്പണ്‍ ലഭിച്ചയാള്‍ക്ക് വില്ലേജ് ഓഫീസിന്റെ പരിസരത്തുള്ള നാല് ഹോട്ടലുകളില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന് ഭക്ഷണം കഴിക്കാം. പണം നല്‍കുന്നതിന് തുല്യമാണ് ഈ കൂപ്പണ്‍. ഇപ്പോള്‍ ഓരോ വില്ലേജ് ഓഫീസില്‍ നിന്നും ദിവസേന ഏഴ് കൂപ്പണ്‍ വരെ നല്‍കാന്‍ കഴിഞ്ഞു. ഉള്ളൂര്‍ വില്ലേജിലാണ് കൂടുതലായി കൂപ്പണ്‍ ചെലവാകുന്നത്. കൂടുതല്‍ ഹോട്ടലുടമകള്‍ അസോസിയേഷനില്‍ അംഗമാകുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സുധീഷ് പറയുന്നു.
സപ്തംബര്‍ രണ്ടാം വാരത്തോടെ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. അതോടെ കൂടുതല്‍ വില്ലേജുകളെ ഉള്‍പ്പെടുത്താനാണ് അസോസിയേഷന്റെ തീരുമാനം.

More Citizen News - Thiruvananthapuram