സര്‍വകലാശാല നിയമനം പി.എസ്.സി. ക്ക് വിടുന്നത് അട്ടിമറിച്ചു

Posted on: 25 Aug 2015


അനീഷ് ജേക്കബ്‌നിയമം പാസ്സാക്കാതെയും
ഓര്‍ഡിനന്‍സ് ഇറക്കാതെയും കള്ളക്കളി


തിരുവനന്തപുരം:
സര്‍വകലാശാല അനധ്യാപക നിയമനം പി.എസ്.സി.ക്ക് വിട്ട തീരുമാനം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു. നിയമനം പി.എസ്.സി.ക്ക് വിടാന്‍ മൂന്ന് പ്രാവശ്യം മന്ത്രിസഭ തീരുമാനിച്ചു, രണ്ട് പ്രാവശ്യം ഓര്‍ഡിനന്‍സിനും ധാരണയായി. എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ നിലവില്‍ ഓര്‍ഡിനന്‍സ് പ്രാബല്യത്തിലില്ല. ഈയവസരം മുതലാക്കി സര്‍വകലാശാലകള്‍ സ്വന്തം നിലയില്‍ നിയമന നടപടികളിലേക്ക് കടക്കുകയാണ്.
യു.ഡി.എഫ്. സര്‍ക്കാറിന്റെ നൂറ് ദിന പരിപാടിയില്‍ തന്നെ സര്‍വകലാശാല നിയമനം പി.എസ്.സിക്ക് വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭ ഇക്കാര്യം തത്ത്വത്തില്‍ തീരുമാനിക്കുകയും ചെയ്തു. കേരള, കാലിക്കറ്റ് അടക്കം മിക്ക സര്‍വകലാശാലകളിലെയും നിയമനം അഴിമതിയില്‍ മുങ്ങിക്കുളിച്ചതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം.
പ്രഖ്യാപനം വന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇതിനായി ആദ്യം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. എന്നാല്‍ ഈ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് ചെന്നതിന് തൊട്ടുപിന്നാലെ നിയമസഭ വിളിച്ചുചേര്‍ക്കാനുള്ള ശുപാര്‍ശയും മന്ത്രിസഭ നല്‍കി.
നിയമസഭ വിളിച്ചുചേര്‍ക്കാനുള്ള ശുപാര്‍ശ നിലനില്‍ക്കെ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കാറില്ല. ഓര്‍ഡിനന്‍സ് ബില്ലാക്കി നിയമസഭയില്‍ അവതരിപ്പിക്കാന്‍ നിര്‍ദേശിച്ച് ഗവര്‍ണര്‍ നിര്‍ദേശം മടക്കി. എന്നാല്‍ ബില്‍ സഭയില്‍ വന്നില്ല.
നിയമസഭ പിരിഞ്ഞശേഷം ഓര്‍ഡിനന്‍സ് ഇറക്കിയാലും നിയമം പ്രാബല്യത്തില്‍ വരുമായിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. വീണ്ടും ഈ അട്ടിമറി ആവര്‍ത്തിച്ചു. ഓര്‍ഡിനന്‍സ് ഇറക്കാന്‍ വീണ്ടും ശുപാര്‍ശ ചെയ്യുന്നത് കഴിഞ്ഞപ്രാവശ്യം നിയമസഭ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ച ശേഷമാണ്. അപ്പോഴും ബില്ലാക്കാന്‍ നിര്‍ദേശിച്ച് ഗവര്‍ണര്‍ ഫയല്‍ മടക്കി.
ഇതിനിടെ എം.ജി. സര്‍വകലാശാലയുമായി ബന്ധപ്പെട്ട കേസില്‍ സ്വന്തം നിലയില്‍ നിയമനത്തിന് കോടതി അനുമതി നല്‍കി. നിയമനം പി.എസ്.സി.ക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം നിലവില്‍ വന്നിട്ടില്ലാത്തതിനാലായിരുന്നു ഇത്. കേരള സര്‍വകലാശാലയും പല തസ്തികകളിലേക്കും സ്വന്തം നിലയില്‍ നിയമനത്തിനുള്ള ശ്രമം തുടങ്ങി. കാലിക്കറ്റില്‍ അസിസ്റ്റന്റ് നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ സ്ഥാനമൊഴിഞ്ഞ വി.സി. ഒപ്പിടാന്‍ തയ്യാറായില്ല. ഇന്റര്‍വ്യൂവില്‍ സ്വജനപക്ഷപാതം നടന്നുവെന്ന് ചൂണ്ടികാട്ടിയായിരുന്നു വി.സി.യുടെ വിസമ്മതം. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു.
പി.എസ്.സി. വഴിയുള്ള നിയമനം അനിശ്ചിതത്വത്തിലായതോടെ പത്ത് വര്‍ഷം കരാറടിസ്ഥാനത്തിലും മറ്റും പ്രവര്‍ത്തിച്ചുവന്നവരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും പല സര്‍വകലാശാലകളിലും ആരംഭിച്ചിട്ടുണ്ട്. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ സ്വന്തം നിലയില്‍ നിയമനം നടത്താനുള്ള ഒരുക്കത്തിലാണ് സര്‍വകലാശാലകള്‍.
സര്‍വകലാശാല നിയമനം പി.എസ്.സി.ക്ക് വിട്ടുകൊണ്ടുള്ള പ്രഖ്യാപനം ഇടക്കിടെ നടത്തുമെങ്കിലും ഭരണ നേതൃത്വത്തിലുള്ളവര്‍ക്ക് താത്പര്യമില്ലാത്തതാണ് ഇത് യാഥാര്‍ഥ്യമാകുന്നതിന് തടസ്സം. നിയമനം പി.എസ്.സി.ക്ക് വിട്ടുകൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കുന്നതിനൊപ്പം ഈ ചുമതല പി.എസ്.സി.യെ ഏല്പിച്ചുകൊണ്ടുള്ള ഉത്തരവും ഉണ്ടാകണം. പി.എസ്.സി.യില്‍ അതിനനുസരിച്ച ക്രമീകരണവും അനിവാര്യമാണ്. ഇതൊന്നുമുണ്ടായിട്ടില്ല.
സര്‍വകലാശാല നിയമനം പി.എസ്.സി.ക്ക് വിടണമെന്ന് കെ.പി.സി.സി. എക്‌സിക്യൂട്ടീവ് രണ്ട് പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് വി.എം.സുധീരന്‍ ഇക്കാര്യം ആവര്‍ത്തിച്ച് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ ഭരണതലത്തില്‍ ഇത് അട്ടിമറിക്കപ്പെടുന്നത് നോക്കി നില്‍ക്കാനേ പാര്‍ട്ടിക്കും കഴിയുന്നുള്ളൂ.

More Citizen News - Thiruvananthapuram