അറ്റകുറ്റപ്പണികള്‍ നടത്തുന്നില്ല; പോലീസ് ക്വാര്‍ട്ടേഴ്‌സ് ജീര്‍ണാവസ്ഥയില്‍

Posted on: 25 Aug 2015നെയ്യാറ്റിന്‍കര: വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണികള്‍ നടത്താത്തത് കാരണം നെയ്യാറ്റിന്‍കര പോലീസ് ക്വാര്‍ട്ടേഴ്‌സ് ജീര്‍ണാവസ്ഥയിലായി. നാല്പത് വര്‍ഷത്തിലേറെ പഴക്കമുള്ള ഓടിട്ട ക്വാര്‍ട്ടേഴ്‌സുകളുടെ മേല്‍ക്കൂര പലതും നിലംപൊത്താറായ നിലയിലാണ്.
നാല്പതിലേറെ കുടുംബങ്ങളാണ് നെയ്യാറ്റിന്‍കര പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നത്. ഓടിട്ട പന്ത്രണ്ട് ക്വാര്‍ട്ടേഴ്‌സും മൂന്ന് നിലകളുള്ള പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ഒരു ഫ്ലറ്റുമാണ് ഉള്ളത്. ഇതില്‍ ഇരുപത്തിനാല് കുടുംബങ്ങള്‍ താമസിക്കുന്ന ഓടിട്ട പന്ത്രണ്ട് ക്വാര്‍ട്ടേഴ്‌സുകളുടെ അവസ്ഥ പരമദയനീയമാണ്. ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലാണ് ജീര്‍ണാവസ്ഥയിലായ മേല്‍ക്കൂരകള്‍. ഓടുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.
1972-ലാണ് ഈ ക്വാര്‍ട്ടേഴ്‌സുകള്‍ പണിതത്. ഒരു ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് കുടുംബങ്ങള്‍ വീതമാണ് താമസിക്കുന്നത്. പി.ഡബ്ലൂു.ഡി.ക്കാണ് ക്വാര്‍ട്ടേഴ്‌സുകളുടെ അറ്റകുറ്റപ്പണികളുടെ ചുമതല. എന്നാല്‍ വര്‍ഷങ്ങളായി അവര്‍ ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല. മഴക്കാലമായാല്‍ ക്വാര്‍ട്ടേഴ്‌സ് ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ്. പലരും സ്വന്തം ചെലവിലാണ് ക്വാര്‍ട്ടേഴ്‌സ് മെയിന്റനന്‍സ് നടത്തുന്നത്. ക്വാര്‍ട്ടേഴ്‌സിന് അര കിലോമീറ്റര്‍ അകലെയുള്ള പി.ഡബ്ലൂു.ഡി. ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് ക്വാര്‍ട്ടേഴ്‌സിന്റെ ദുരവസ്ഥ അറിയാമെങ്കിലും മെയിന്റനന്‍സ് നടത്താതെ ഒഴിഞ്ഞുമാറുന്നു.
അഞ്ചേക്കറിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്വാര്‍ട്ടേഴ്‌സിലേക്ക് പോകാന്‍ ടാറിട്ട റോഡില്ല. ഇതുകാരണം പോലീസുകാര്‍ക്ക് വാഹനങ്ങള്‍ കൊണ്ടുപോകുന്നതിനും ഏറെ ബുദ്ധിമുട്ടാണ്. കാടുകയറിക്കിടക്കുന്ന പ്രദേശം ഇഴജന്തുക്കളുടെ കേന്ദ്രമാണ്.
കുടിവെള്ളത്തിന്റെ അവസ്ഥ ഇതിലും ദുരിതപൂര്‍ണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച വാട്ടര്‍ അതോറിറ്റി പൈപ്പില്‍ നിന്ന് വെള്ളം വരുന്നതും നൂലുപോലെയാണ്. രണ്ട് കിണറുണ്ടെങ്കിലും ശുചീകരണം നടത്താതെ മാലിന്യം നിറഞ്ഞുകിടക്കുകയാണ്.


More Citizen News - Thiruvananthapuram