ഓണത്തിരക്കേറി; വഴിയോര വിപണിയില്‍ വാഴയില മുതല്‍ വാച്ച് വരെ

Posted on: 25 Aug 2015തിരുവനന്തപുരം: അത്തം ഉദിച്ചതോടെ വാഴയില വിപണിയും സജീവമായി. ഓണസദ്യയില്‍ വിഭവങ്ങളേക്കാള്‍ അനിവാര്യമായ ഒന്നാണ് വാഴയില. കഴിഞ്ഞ മാസം ഒരു വാഴയിലയ്ക്ക് 2 മുതല്‍ 2.50 രൂപ വരെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 4 രൂപയാണ് വില. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളില്‍ ഇലയുടെ വില കൂടുമെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
ദിവസം ഒരു ലക്ഷം ഇലയുടെ കച്ചവടമാണ് നടക്കുന്നതെന്ന് ചാലയില്‍ 12 വര്‍ഷത്തോളമായി വാഴയില കച്ചവടം ചെയ്യുന്ന അയ്യപ്പന്‍ നായര്‍ പറയുന്നു. ഇപ്പോള്‍ ഹോട്ടലുകാരാണ് ഓണസദ്യയ്ക്കായി കൂടുതല്‍ ഇലകള്‍ കൊണ്ടുപോകുന്നത്. ഓണം തുടങ്ങുന്നതോടെ നഗരവാസികളും ഇലകള്‍ക്കായി എത്തും. തിരുനെല്‍വേലിക്ക് അടുത്ത് നിന്നുമാണ് ഇലകള്‍ വരുന്നത്. ഒരു കെട്ടിന് അവിടെ 650 രൂപയാണ് ഇവിടെ എത്തുമ്പോള്‍ 800 രൂപ വരെയാകും.
ഓണം അടുത്തതോടെ വഴിയോര കച്ചവടക്കാരും എം.ജി. റോഡിന്റെ ഇരുവശത്തുമായി എത്തിയിട്ടുണ്ട്. പുത്തരിക്കണ്ടത്തിനോട് ചേര്‍ന്നാണ് ഏറ്റവും കൂടുതല്‍ കച്ചവടക്കാരുള്ളത്. ബാഗ്, ചെരുപ്പ്, തുണി, വാച്ച് തുടങ്ങി എല്ലാ സാധനവും വഴിയോര കച്ചവടക്കാരുടെ കൈയിലുണ്ട്. പഴവങ്ങാടി ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള റോഡിലും വഴിയോര കച്ചവടമുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വസ്ത്രങ്ങളുമായി റോഡിലൂടെ നടന്ന് കച്ചവടം നടത്തുന്നവരുമുണ്ട്.

More Citizen News - Thiruvananthapuram