മുട്ടത്തോടില്‍ വിസ്മയം തീര്‍ത്ത് ജിജിന്‍ ലോക ശ്രദ്ധയിലേക്ക്

Posted on: 25 Aug 2015പൂവാര്‍: മുട്ടത്തോടില്‍ വിസ്മയകരമായ ശില്പങ്ങള്‍ തീര്‍ക്കുന്ന യുവാവിന് അമേരിക്കയില്‍ കലാപ്രകടനത്തിന് ക്ഷണം. നെല്ലിമൂട് മേരിമാതായില്‍ ആര്‍.സുരേഷ് കുമാറിന്റെ മകന്‍ ജിജിന്‍ എസ്.കുമാറിനാണ് അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് എഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ ക്ഷണം ലഭിച്ചത്.
മുട്ടത്തോട് ശില്പങ്ങള്‍ പ്രദര്‍ശനം നടത്തി കിട്ടുന്ന പണം പാവങ്ങളെ സഹായിക്കാനാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായ ഈ ഇരുപത്തിരണ്ടുകാരന്‍ ഉപയോഗിക്കുന്നത്.
കുട്ടിക്കാലം മുതല്‍ കരകൗശലപ്പണിയോട് ജിജിന് താത്പര്യമായിരുന്നു. പിന്നീട് മുട്ടത്തോടിനോടായി കമ്പം. അതില്‍ ചിത്രപ്പണി തുടങ്ങി. മുട്ടത്തോട് ശില്പങ്ങള്‍ കണ്ടവര്‍ പ്രോത്സാഹിപ്പിച്ചു. തുടര്‍ന്ന് എഗ് കാര്‍വിങ് എന്ന ശില്പ കലയില്‍ ജിജിന്‍ െൈകവച്ചു. അതില്‍ വിജയവും കണ്ടു.
എഗ് കാര്‍വിങ്ങില്‍ കഴിവ് തെളിയിച്ചതോടെ എന്‍സൈക്ലോപീഡിയ ഓഫ് വേള്‍ഡ് എഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ അംഗവുമായി. എന്‍സൈക്ലോപീഡിയയുടെ കണക്ക് പ്രകാരം ലോകത്തില്‍ ആയിരത്തിനാന്നൂറോളം പേരാണ് മുട്ടത്തോട് ശില്പികള്‍. ഇതില്‍ ഭൂരിഭാഗവും ഒട്ടക പക്ഷിയുടെയും എമുവിന്റെയും മുട്ടകളിലാണ് കാര്‍വിങ് നടത്തുന്നത്. കോഴിയുടെയും താറാവിന്റെയും മുട്ട ഉപയോഗിക്കുന്ന കലാകാരന്മാര്‍ ഇരുപതോളം മാത്രം.
ഇതില്‍ അസോസിയേഷനില്‍ ഇടം പിടിച്ച ഇന്ത്യക്കാര്‍ രണ്ടുപേര്‍ മാത്രമാണ്. ഒന്ന് ജിജിനും മറ്റൊരാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയും.
ഒരു മുട്ടയില്‍ ശില്പം തീര്‍ക്കാന്‍ ജിജിന് വേണ്ടത് നാല് ദിവസമാണ്. ചെറിയ അരവും സാന്‍ഡ്‌പേപ്പറും സൂചിയുമാണ് പണിയായുധങ്ങള്‍. പ്രദര്‍ശനങ്ങളില്‍ നിന്ന് കിട്ടിയ വരുമാനം പ്രദേശത്തെ ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കിയും ജിജിന്‍ മാത്യകയായി.
ഇതൊക്കെയാണെങ്കിലും ജിജിന് അമേരിക്കയിലെത്താന്‍ ഒരു സ്‌പോണ്‍സറെ കിട്ടണം. ഇപ്പോള്‍ അത് കണ്ടെത്താനുള്ള ഓട്ടത്തിലാണ്. പലരും വാഗ്ദാനവുമായി എത്തുന്നത് ഈ കലാകാരന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

More Citizen News - Thiruvananthapuram