നന്ദിയോട്-ആനാട് സമഗ്ര കുടിവെള്ള പദ്ധതി ഉദ്ഘാടനം 26 ന്‌

Posted on: 24 Aug 2015പാലോട് : മലയോരപ്രദേശങ്ങളുടെ ചിരകാലാവശ്യമായ നന്ദിയോട്-ആനാട് സമഗ്ര കുടിവെള്ള പദ്ധതി ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ത്ഥ്യമാവുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം 26 നു വൈകീട്ട് നാലിന് നന്ദിയോട് മാര്‍ക്കറ്റ് ജങ്ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
ആനാട്, കുറുപുഴ, പാലോട് വില്ലേജുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് വേണ്ടി വിലയ്ക്ക് വാങ്ങിയ ഭൂമിയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാന്‍ പര്യാപ്തമായ വിധത്തിലായിരിക്കും പദ്ധതിയുടെ നിര്‍വഹണം.
ജലവിഭവവകുപ്പ് മന്ത്രി പി.ജെ.ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍ എം.എല്‍.എ സ്വാഗതം പറയും. ഡോ.എ.സമ്പത്ത് എം.പി, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, പാലോട് രവി എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളാവും. ജല അതോറിട്ടി എം.ഡി. അജിത് പാട്ടീല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പഞ്ചായത്ത് ഡയറക്ടര്‍ സി.എ.ലത, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസ്സല്‍, ആനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാദിയാബീവി, ജില്ലാപഞ്ചായത്തംഗങ്ങളായ ആനാട് ജയന്‍, സോഫിതോമസ്, ആര്‍.ജെ.മഞ്ജു, യുവജനക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

More Citizen News - Thiruvananthapuram