ശാന്തിനഗറിലെ പത്താം നമ്പര്‍ മന്ദിരം ഇന്നൊരു ഓര്‍മ മാത്രം

Posted on: 24 Aug 2015



ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ യുദ്ധം ചെയ്ത വേലുത്തമ്പി ദളവ പണികഴിപ്പിച്ചതാണ് പുത്തന്‍ചന്ത സുബ്രഹ്മണ്യ ക്ഷേത്രം. മേലേ തമ്പാനൂരില്‍ ഹൗസിങ് ബോര്‍ഡ് ഓഫീസിന് സമീപത്തുള്ള ഈ ക്ഷേത്രത്തിന്റെ നന്ദാവനം അഥവാ പൂന്തോട്ടമായിരുന്നു ഇന്ന് ശാന്തിനഗര്‍ കോളനി. ഇവിടം കേരള സംസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയുടെയും കേരള രാഷ്ട്രീയ നേതാക്കളുടെയും ആസ്ഥാനമാകുമെന്ന് ഒരു പക്ഷേ ആരും കണക്കുകൂട്ടി കാണില്ല. വിവിധതരം വൃക്ഷങ്ങളും ചെടികളും കുളവും കല്‍മണ്ഡപവും പൂജാരിയുടെ മഠവും എല്ലാം നിറഞ്ഞതായിരുന്നു ഇന്നത്തെ ശാന്തിനഗര്‍ ഒരു കാലത്ത്. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്കും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കുമുള്ള പൂക്കള്‍ ഇവിടെ നിന്നാണ് ശേഖരിച്ചിരുന്നത്. ഒരു കാലത്ത് അനന്തപുരിയില്‍ ധാരാളം നന്ദാവനങ്ങളുണ്ടായിരുന്നു. ഇതിനെയെല്ലാം രാജകീയ ഭരണകൂടം സംരക്ഷിക്കാന്‍ നടപടിയും സ്വീകരിച്ചിരുന്നു. ഐക്യകേരള രൂപവത്കരണത്തോടെയാണ് പല മഠങ്ങളേയും നന്ദാവനങ്ങളേയും കൂടി സര്‍ക്കാര്‍ ഏറ്റെടുത്തത്. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും ജീവനക്കാര്‍ക്കും താമസിക്കാന്‍ വീട് നിര്‍മിച്ചു നല്‍കേണ്ട ചുമതല മുന്‍നിര്‍ത്തിയാണ് പട്ടം താണു പിള്ള മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സിറ്റി ഇംപ്രൂവ്‌മെന്റ് ട്രസ്റ്റ് ആക്ട് കൊണ്ടുവന്നത്. 1961-ല്‍ ഇത് നിയമമായതോടെ സിറ്റി ഇംപ്രൂവ്‌മെന്റ് ട്രസ്റ്റ് (സി.ഐ.ടി.) നിലവില്‍ വന്നു. എ.കുഞ്ഞുകൃഷ്ണപിള്ള (റിട്ട. ഐ.എ.എസ്.), കെ.മാധവന്‍ നായര്‍ (കളക്ടര്‍), ജി.അപ്പുക്കുട്ടന്‍ പിള്ള (കോര്‍പ്പറേഷന്‍ കമ്മീഷണര്‍), ജെ.സി.അലക്‌സാണ്ടര്‍ (ചീഫ് ടൗണ്‍ പ്ലാനര്‍) തുടങ്ങിയവരുള്‍പ്പെട്ടതായിരുന്നു ട്രസ്റ്റ്. അഡ്വക്കേറ്റ് മോഹനചന്ദ്രന്‍ നായരായിരുന്നു സെക്രട്ടറി. മരിച്ചീനിവിള (ജവഹര്‍ നഗര്‍), പൂച്ചെടിവിള (പി.എം.ജി.യുടെ സമീപം), ചാരാച്ചിറ, ഉത്സവമഠം, നന്ദാവനം എന്നിവയും സുബ്രഹ്മണ്യസ്വാമി ക്ഷേത്ര നന്ദാവനവും എല്ലാം ആണ് ആദ്യഘട്ടത്തില്‍ ട്രസ്റ്റ് ഏറ്റെടുത്തത്. സുബ്രഹ്മണ്യസ്വാമി ക്ഷേത്ര നന്ദാവനം ശാന്തിനഗര്‍ ആയി. ഇവിടത്തെ 4 ഏക്കര്‍ എഴുപത്തി അഞ്ച് സെന്റ് ഭൂമി ഭവനനിര്‍മാണത്തിന് 1963 മാര്‍ച്ചില്‍ വിളംബരം ചെയ്തു. സെന്റിന് 890 രൂപയായിരുന്നു വില. പിന്നീടത് 940 രൂപയാക്കി. ഇതുപ്രകാരം മുപ്പത്തി ആറുപേര്‍ സ്ഥലം വാങ്ങി. കെട്ടിട നിര്‍മാണത്തിന്റെ പ്ലാന്‍ സി.ഐ.ടി. അംഗീകരിക്കണമായിരുന്നു. ക്രമേണ അവിടെ പുതിയ വീടുകള്‍ ഉയരാന്‍ തുടങ്ങി. ഇതിനകത്ത് ഉണ്ടായിരുന്ന കുളത്തിന്റെ സ്ഥാനത്താണ് ഇപ്പോഴത്തെ കളിസ്ഥലം സ്ഥിതി ചെയ്യുന്നത്. ഏലിയാസ് ആയിരുന്നു ആദ്യ കെട്ടിടം പൂര്‍ത്തിയാക്കിയത്. ഡി.ജി.പി.യായിരുന്ന പി.ആര്‍.ചന്ദ്രന്റെ വീട് 1965 ഫിബ്രവരി 8ന് ആണ് പാലുകാച്ചിയതെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. ഇപ്പോള്‍ ശാന്തിനഗറില്‍ 42 വീടുകളുണ്ട്.
കേരള രാഷ്ട്രീയത്തിന്റേയും മാധ്യമങ്ങളുടേയും ഈറ്റില്ലമായിരുന്നു ഒരു കാലത്ത് ശാന്തിനഗര്‍. ഇവിടത്തെ താമസക്കാരില്‍ പ്രധാനി മറ്റാരുമായിരുന്നില്ല, രാഷ്ട്രീയ ഭീഷ്മാചാര്യനായ ഇ.എം.എസ്.നമ്പൂതിരിപ്പാട് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പത്താം നമ്പര്‍ വീട് കേരളം ഒരു കാലത്ത് ശ്രദ്ധിക്കപ്പെട്ട രാഷ്ട്രീയ നിരീക്ഷണശാലയായിരുന്നു. ആ വീടിന്റെ മുമ്പില്‍ പേശയും ബനിയനും ധരിച്ച് കസേരയില്‍ ഇരുന്ന് പത്രങ്ങളും മാസികകളും വായിച്ചുകൊണ്ടിരുന്ന ഇ.എം.എസിന്റെ രൂപം എത്രയോ ആളുകളുടെ മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നു. ഭാര്യ ആര്യ അന്തര്‍ജനത്തിന്റെ രൂപവും ആളുകള്‍ക്ക് ഓര്‍മയുണ്ട്. കേരള രാഷ്ട്രീയത്തിന്റെ ശുക്രാചാര്യര്‍ എന്ന് വിശേഷിപ്പിക്കാവുന്ന കെ.കരുണാകരനും ശാന്തി നഗറുമായി ബന്ധമുണ്ട്. കെ.പി.സി.സി. ഓഫീസ് കുറേക്കാലം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ദേശാഭിമാനി, ഇന്ത്യന്‍ എക്‌സ്​പ്രസ്, എക്‌സ്​പ്രസ്, മാതൃഭൂമി, മനോരമ, യു.എന്‍.ഐ. എന്നീ മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ ഇതിനകത്ത് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ രാഷ്ട്രീയ നേതാക്കളുടെയെല്ലാം ശ്രദ്ധ ഇവിടം പിടിച്ചുപറ്റി. പ്രസ്താവനകളും ഫോട്ടോകളുമായി ഇവിടം കയറി ഇറങ്ങിയ പല യുവനേതാക്കളുമാണ് പിന്നീട് ഭരണചക്രം നിയന്ത്രിക്കുന്ന മന്ത്രിമാരായി മാറിയത്. ഇവിടെ വൈകുന്നേരങ്ങളില്‍ സവാരിക്ക് ഇറങ്ങിയിരുന്ന പാവങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെടുന്ന എ.കെ.ജി.യുടെ രൂപം ആരും മറന്നിട്ടില്ല. അദ്ദേഹം അസുഖം വരുമ്പോഴെല്ലാം വിശ്രമിക്കാന്‍ എത്തിയിരുന്നത് ദേശാഭിമാനി ഓഫീസിലായിരുന്നു. ഈ സമയത്ത് ധാരാളം ഉന്നത ഉദ്യോഗസ്ഥന്മാരും കേന്ദ്രമന്ത്രിമാരും വിദേശ ടെലിവിഷന്‍കാരുമെല്ലാം പാര്‍ലമെന്റ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എ.കെ.ജി.യെ കാണാന്‍ ഇവിടെ എത്തിയിട്ടുണ്ട്. വയനാട് സ്വദേശിയായ എം.ജെ.കൃഷ്ണമോഹന്റെ ഭൗതികാവശിഷ്ടം ഏറ്റുവാങ്ങാനും ഒരിക്കല്‍ ഇവിടം സാക്ഷിയായി. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ ആയിരുന്ന കൃഷ്ണമോഹന്‍ അനന്തപുരിയില്‍ വെച്ചാണ് അന്തരിച്ചത്. മൃതദേഹം കുറേ നേരം ഇവിടെയുള്ള മാതൃഭൂമി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു.
കേരള മുഖ്യമന്ത്രി എന്ന നിലയില്‍ ഇ.എം.എസ്. താമസിച്ചിരുന്നത് ശാന്തിനഗറിലെ പത്താം നമ്പര്‍ വീട്ടിലാണ്. ഇതുകാരണം ചില സമരങ്ങള്‍ക്കും ഇവിടം വേദിയായിട്ടുണ്ട്. ഇ.എം.എസിന്റെ മകള്‍ ഡോ. മാലതിയുടെ വിവാഹം നടന്നത് ശാന്തിനഗറിലാണ്. ഇന്ന് കളിസ്ഥലവും അപ്പുറം എക്‌സ്​പ്രസ് ഓഫീസ് കെട്ടിടവും സ്ഥിതിചെയ്യുന്ന സ്ഥലത്താണ് പന്തല്‍ കെട്ടിയതെന്ന് ഇ.എം.എസിന്റെ മകള്‍ രാധ ഓര്‍ക്കുന്നു. 1965 മുതല്‍ 78 വരെയാണ് ഇ.എം.എസ്. ഇവിടെ താമസിച്ചിരുന്നത്. അദ്ദേഹം അത് വിറ്റ ശേഷമാണ് വാടക വീട്ടിലേക്ക് താമസം മാറ്റിയത്. പിന്നീട് ചന്ദ്രിക പത്രം ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. രാഷ്ട്രീയ ഭീഷ്മാചാര്യന്റെ ഓര്‍മകളുമായി പത്താം നമ്പര്‍ മന്ദിരം ഇന്ന് ഇവിടെ അടഞ്ഞുകിടക്കുന്നു.
ശാന്തിനഗറിന്റെ അന്‍പതാം വാര്‍ഷികാഘോഷത്തിന്റെ തിരക്കിലാണ് അവിടത്തെ റസിഡന്റ് അസോസിയേഷന്‍. സപ്തംബര്‍ 11 മുതല്‍ 13 വരെ അന്‍പതാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുമെന്ന് പ്രസിഡന്റ് ടി.ആര്‍.നീലകണ്ഠന്‍ നായരും സെക്രട്ടറി ആര്‍.പി.നായരും അറിയിച്ചു. ഇവിടെ താമസിച്ചിരുന്നവരുടെ സംഗമവും അന്തരിച്ച പ്രമുഖരുടെ ഫോട്ടോ അനാച്ഛാദനവും ഇതോടൊപ്പം നടക്കും.

More Citizen News - Thiruvananthapuram