അനധികൃത ഓട്ടോ സ്റ്റാന്‍ഡിനെതിരെ പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രമേയം

Posted on: 24 Aug 2015കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് മുന്‍വശം കിളിമാനൂര്‍ സി.ഐ യുടെ നിര്‍ദേശപ്രകാരം സ്ഥാപിച്ച പുതിയ ഓട്ടോ സ്റ്റാന്‍ഡിനെതിരെ പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രമേയം പാസ്സാക്കി. വളരെ തിരക്കേറിയതും നോ പാര്‍ക്കിങ് ഏരിയയായി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ച സ്ഥലത്താണ് സമാന്തര സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ യാത്രക്കാര്‍, വ്യാപാരികള്‍ എന്നിവര്‍ നിരന്തരം പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പഞ്ചായത്ത് നടപടിക്ക് ഒരുങ്ങുന്നത്.
പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് മുന്നില്‍ മുമ്പ് ജീപ്പ് സ്റ്റാന്‍ഡ് പ്രവര്‍ത്തിച്ചിരുന്നു. ഗതാഗതത്തിരക്ക്മൂലം അതും അവിടെനിന്ന് മാറ്റിയിരുന്നു. അതേ സ്ഥലത്താണ് പിന്നീട് സി.ഐ.യുടെ നിര്‍ദേശപ്രകാരം സമാന്തര സ്റ്റാന്‍ഡ് ആരംഭിച്ചത്. ഇതിന് കാരണക്കാരനായ സി.ഐ.ക്ക് നോട്ടീസ് നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി ഒന്നടങ്കം പ്രമേയം പാസ്സാക്കുകയായിരുന്നു.
ഓണക്കാലമായതോടെ കിളിമാനൂര്‍ കവലയിലും മറ്റുമുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് പത്ത് ഓട്ടോ റിക്ഷകളെ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് മാറ്റിയതെന്ന് സി.ഐ. എസ്.ഷാജി പറഞ്ഞു. കിളിമാനൂരില്‍ ഓട്ടോ സ്റ്റാന്‍ഡിന് വേണ്ടി സ്ഥലം അനുവദിച്ച് തരണമെന്ന് പഞ്ചായത്തധികൃതരോട് നേരത്തെ ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

More Citizen News - Thiruvananthapuram