കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്: കാത്തിരിക്കുന്നത് പത്ത് വാര്‍ഡുകളുടെ പ്രഖ്യാപനത്തിന്‌

Posted on: 24 Aug 2015തിരുവനന്തപുരം: സംവരണവാര്‍ഡുകളായി പ്രഖ്യാപിക്കുന്ന അമ്പത് വാര്‍ഡുകളില്‍ പത്തെണ്ണത്തെ ആശ്രയിച്ചാണ് തലസ്ഥാനനഗരസഭയിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയം നടക്കുക. പട്ടികവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പത്ത് വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. ബാക്കിയുള്ള സംവരണവാര്‍ഡുകള്‍ റൊട്ടേഷന്‍ അനുസരിച്ചാണ് പ്രഖ്യാപിക്കുക.
2010 ലെ വാര്‍ഡ് പുനര്‍വിഭജനമനുസരിച്ച് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ കഴിഞ്ഞ ടേമിലെ വനിതാസംവരണവാര്‍ഡുകളൊക്കെ ഇക്കുറി ജനറല്‍ വാര്‍ഡുകളാകും. എന്നാല്‍ പട്ടികവിഭാഗങ്ങള്‍ക്കുള്ള വാര്‍ഡുകളെ സംബന്ധിച്ച് അന്തിമതീരുമാനം വരുന്നതോടെയേ തിരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചകള്‍ സജീവമാകൂ. ആകെയുള്ള 100 വാര്‍ഡുകളില്‍ വനിതാസംവരണ വാര്‍ഡുകളില്‍ നിന്ന് അഞ്ചെണ്ണവും ജനറല്‍ വിഭാഗത്തിലെ വാര്‍ഡുകളില്‍ നിന്ന് അഞ്ചെണ്ണവുമാകും നറുക്കെടുപ്പിനായി തിരഞ്ഞെടുക്കുക.
തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രചാരണപരിപാടികളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സജീവമായിക്കഴിഞ്ഞു. തെരുവുവിളക്കുകളെല്ലാം കത്തിച്ചുകൊണ്ട് കോര്‍പ്പറേഷന്‍ ഭരണം കൈയാളുന്ന എല്‍.ഡി.എഫ്. ഭരണവിരുദ്ധ തരംഗമുണ്ടാകാതിരിക്കാനുള്ള നീക്കത്തിലേക്ക് കടന്നു. മാലിന്യസംസ്‌കരണ പരിപാടി ആറുമാസം മുമ്പ് തന്നെ ഊര്‍ജിതമാക്കിയെങ്കിലും നഗരത്തിലെ പല വാര്‍ഡുകളില്‍നിന്നും പരാതികള്‍ വ്യാപകമാണ്. മാലിന്യസംസ്‌കരണ വിഷയത്തില്‍ നഗരസഭ പിന്നാക്കം പോയെന്നാണ് പരാതി.
ഭരണസമിതിക്കെതിരായ പ്രചാരണവുമായി യു.ഡി.എഫും ബി.ജെ.പിയും രണ്ട് മാസം മുമ്പ് തന്നെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പദയാത്രകളും പ്രതിഷേധ പരിപാടികളുമായി ഇവര്‍ രംഗത്തുണ്ട്്.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ അവകാശവാദത്തര്‍ക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എല്‍.ഡി. എഫും ബി.ജെ.പി.യും യു.ഡി.എഫും അനൗപചാരികമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ സീറ്റ് വിഭജനചര്‍ച്ചകള്‍ ഒരുതലത്തിലും ആരംഭിച്ചിട്ടില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

More Citizen News - Thiruvananthapuram