ഓണത്തിന് പാചകവാതകം മറിച്ചുവില്‍ക്കുന്നതായി ആക്ഷേപം

Posted on: 24 Aug 2015ആറ്റിങ്ങല്‍: ഓണത്തിന് പാചകവാതകവിതരണത്തില്‍ കൃത്രിമങ്ങള്‍ കാട്ടി സിലിണ്ടറുകള്‍ മറിച്ചുവില്‍ക്കുന്നതായി ആക്ഷേപം. സിലിണ്ടര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് പാചകവാതകം കിട്ടാത്തപ്പോള്‍ കരിഞ്ചന്തയില്‍ വന്‍വിലക്ക് സുലഭമാണെന്ന് ആക്ഷേപമുണ്ട്. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കല്ലമ്പലം മേഖലകളിലാണ് മറിച്ചുവില്പന വ്യാപകമായിട്ടുള്ളത്.
ആറ്റിങ്ങലില്‍ ചില കേന്ദ്രങ്ങളില്‍ കരിഞ്ചന്തയില്‍ പാചകവാതകം സുലഭമാണെന്ന് ജനം പറയുന്നു. ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നില്ലെന്ന് പറയുന്നു. ചിലരുടെ മൊബൈല്‍ നമ്പരിലേക്ക് വിതരണം ചെയ്തതായി സന്ദേശമെത്തുകയും അക്കൗണ്ടില്‍ സബ്‌സിഡി ലഭ്യമാവുകയും ചെയ്യുന്നുണ്ട്. സിലിണ്ടറുകള്‍ ബുക്ക് ചെയ്യാത്തവരുടെ അക്കൗണ്ടുകളിലേക്കും ഇങ്ങനെ സബ്‌സിഡി തുക ലഭ്യമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏജന്‍സികളില്‍ അന്വേഷിക്കുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് വ്യക്തമായ മറുപടി ലഭിക്കാറില്ല.
ബേക്കറികള്‍ക്കും ഹോട്ടലുകള്‍ക്കും വന്‍കിട റിസോര്‍ട്ടുകള്‍ക്കുംവരെ ഗാര്‍ഹിക സിലിണ്ടറുകള്‍ മറിച്ചു വില്‍ക്കുന്നതായാണ് ആക്ഷേപം. രണ്ട് മാസം മുമ്പ് ആറ്റിങ്ങലിലെയും കല്ലമ്പലത്തെയും ചില ഹോട്ടലുകളിലും റൈസ് മില്ലുകളിലും ഗാര്‍ഹിക സിലിണ്ടറുകള്‍ ഉപയോഗിക്കുന്നത് താലൂക്ക് സപ്ലൈ ഓഫീസറും സംഘവും കണ്ടെത്തിയിരുന്നു. ഇതുപോലെ ധാരാളം കച്ചവടകേന്ദ്രങ്ങളില്‍ ഗാര്‍ഹിക സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
ഓണ്‍ലൈന്‍വഴി ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ കരിഞ്ചന്ത കുറക്കാനായെങ്കിലും അത് മറ്റ് പലരൂപത്തില്‍ തലയുയര്‍ത്തുന്നതാണ് ആറ്റിങ്ങല്‍ മേഖലയില്‍ കാണുന്നത്. ബുക്ക് ചെയ്ത് കാത്തിരിക്കുന്ന പലര്‍ക്കും സിലിണ്ടറുകള്‍ ലഭിക്കുന്നില്ല. അന്വേഷിച്ചെത്തുമ്പോള്‍ സിലിണ്ടര്‍ വിതരണം ചെയ്തുവെന്നും ഇനി വേണമെങ്കില്‍ പുതുതായി ബുക്ക് ചെയ്ത് കാത്തിരിക്കണമെന്നുമാണ് നിര്‍ദ്ദേശം. അനധികൃതമായി പാചകവാതക സിലിണ്ടറുകള്‍ സൂക്ഷിക്കുന്ന സ്ഥാപനങ്ങളുണ്ടെന്നും പറയപ്പെടുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍പോലും പാലിക്കാതെ പാചകവാതക സിലിണ്ടറുകള്‍ പലയിടത്തും സൂക്ഷിക്കുന്നതായാണ് ആക്ഷേപം.
ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ അടിയന്തര പരിശോധനകള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. അനധികൃതമായി പാചകവാതകം മറിച്ച് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് പ്രധാന ആവശ്യം.

More Citizen News - Thiruvananthapuram