നഗരത്തില്‍ കുരുക്കൊഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി പോലീസ്‌

Posted on: 24 Aug 2015ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരത്തിലെ വാഹനത്തിരക്കൊഴിവാക്കാന്‍ വാഹനങ്ങളുമായി നഗരത്തിലെത്തുന്നവര്‍ക്കായി പോലീസ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
വണ്‍ വേകള്‍ കൃത്യമായി അനുസരിക്കുക, നഗരസഭാ ഓഫീസിന് മുന്നില്‍ നിന്ന് ദേശീയപാതയെയും പാലസ് റോഡിനെയും ബന്ധിപ്പിക്കുന്ന ഇടറോഡില്‍ പാലസ് റോഡില്‍ നിന്ന് വാഹനങ്ങള്‍ കയറരുത്, ടൗണ്‍ യു.പി.എസ്. ജങ്ഷനില്‍നിന്ന് കച്ചേരിനടയിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
പൂവമ്പാറ മുതല്‍ മാമം വരെ ഓവര്‍ടേക്കിങ് നിരോധിച്ചിട്ടുണ്ട്. ബിവറേജസ് റോഡില്‍ നിന്നിറങ്ങി പൂവമ്പാറഭാഗത്തേക്ക് പോകുന്നവാഹനങ്ങള്‍ കച്ചേരിനടയിലെത്തി തിരിഞ്ഞ് പോകണം. സ്വകാര്യബസ്സുകള്‍ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തണം. വീരളത്തുനിന്ന് കച്ചേരിനടവരെ തിരുവനന്തപുരത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വലത് വശത്തുകൂടിയും ആലംകോട് ഭാഗത്തേക്ക് പോകുന്നവ ഇടതുവശത്തുകൂടിയും പോകണം. പാര്‍ക്കിങ് അനുവദിച്ചിട്ടില്ലാത്തയിടങ്ങളില്‍ പാര്‍ക്ക് ചെയ്യരുത്. കടകളിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുളള സൗകര്യം സ്ഥാപനങ്ങള്‍ ഒരുക്കണം. നടന്നുപോകുന്നവര്‍ സീബ്രാലൈനില്‍ക്കൂടിമാത്രം റോഡ് മുറിച്ച് കടക്കണം. നടക്കാന്‍ നടപ്പാതയുപയോഗിക്കണം. റോഡിലിറങ്ങി നടക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം.
ചരക്ക് വഹനങ്ങള്‍ക്ക് നഗരത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള വാഹനങ്ങള്‍ കോരാണിയില്‍ തിരിഞ്ഞ് ചിറയിന്‍കീഴ് മണനാക്ക് വഴി ആലംകോടിറങ്ങി പോകണം. തിരിച്ചുള്ള വാഹനങ്ങളും ഇതേവഴി കടന്നുപോകണം. തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തിരക്കുള്ള സമയങ്ങളില്‍ സ്റ്റാന്‍ഡില്‍ കയറരുത്. സ്വകാര്യ ബസ്സുകള്‍ മാമത്ത് പാര്‍ക്ക് ചെയ്യണം. പോലീസുകാരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സി.ഐ. എം.അനില്‍കുമാര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram