ആറ്റിങ്ങലില്‍ ഓണത്തിരക്ക്; ഗതാഗതക്കുരുക്ക് നിയന്ത്രണാതീതം

Posted on: 24 Aug 2015ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഓണ തിരക്കിലായി. ദേശീയപാതയിലും ചെറു റോഡുകളിലും ഓണക്കച്ചവടക്കാരും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും കാഴ്ചകള്‍ കാണാനെത്തുന്നവരും നിരന്നു. കാഴ്ചകളും കച്ചവടവും പൊടിപൊടിക്കുമ്പോള്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. ആറ്റിങ്ങല്‍ കടക്കണമെങ്കില്‍ ഇപ്പോള്‍ അര മണിക്കൂറിലധികം കുരുക്കില്‍പ്പെടണമെന്നാണ് വിധി.
ആറ്റിങ്ങല്‍ സി.ഐ. എം.അനില്‍കുമാര്‍. എസ്.ഐ. ബി.ജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും എ.ആര്‍. ക്യാമ്പില്‍ നിന്നുള്ള പോലീസുകാരും ഇവിടെ ഗതാഗത നിയന്ത്രണത്തിനുണ്ട്. വനിതാപോലീസുകാരും ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കപ്പെട്ടിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വളന്റിയര്‍മാരുടെ സേവനവും ഉണ്ട്.
നഗരസഭയുടെ വക ഓണാഘോഷപരിപാടികള്‍ ഞായറാഴ്ച തുടങ്ങി. ഇതോടൊപ്പം നഗരത്തിലെ വൈദ്യുതി ദീപാലങ്കാരവും തുടങ്ങിയിട്ടുണ്ട്. വൈദ്യുതി ദീപങ്ങള്‍ കാണാന്‍ ഞായറാഴ്ച മുതല്‍ ആളുകളുടെ തിരക്കാണ്. മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ കുടുംബശ്രീയുടെ ഓണച്ചന്ത പ്രവര്‍ത്തിക്കുന്നുണ്ട്. നാടന്‍ പലഹാരങ്ങള്‍ മുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍വരെ ഇവിടെയുണ്ട്്.
നഗരത്തിലെ ഇടറോഡുകളും ദേശീയപാതയോരത്തെ ഒഴിഞ്ഞ കടത്തിണ്ണകളും വഴിവാണിഭക്കാര്‍ കൈയേറിക്കഴിഞ്ഞു. അന്യസംസ്ഥാനക്കാരാണ് കച്ചവടക്കാര്‍. തുണികള്‍ തന്നെയാണ് പ്രധാന കച്ചവടം.
കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ ഗവര്‍ണറുടെ വാഹനവും ഗതാഗതത്തിരക്കില്‍പ്പെട്ടു. നഗരസഭയ്ക്ക് മുന്നിലാണ് വാഹനം കുടുങ്ങിയത്. പോലീസുകാര്‍ അടിയന്തരമായിടപ്പെട്ടാണ് കുരുക്കഴിച്ച് ഗവര്‍ണറെ കടത്തിവിട്ടത്.

More Citizen News - Thiruvananthapuram