ചരിത്രസ്മരണകള്‍ ഉണര്‍ത്തുന്ന ഉദയഗിരിക്കോട്ട

Posted on: 24 Aug 2015നാട്ടുവിശേഷം


കന്യാകുമാരി ദേശീയപാതയില്‍ തക്കലയ്ക്കടുത്ത് പുലിയൂര്‍ക്കുറിച്ചിയില്‍ റോഡിന് ഇരുവശത്തായി 100 മീറ്ററോളം നടന്നാല്‍ പഴമയോടെ നില്‍ക്കുന്നു ഉദയഗിരിക്കോട്ട.
തമിഴ്‌നാട് വനംവകുപ്പിന്റെ കീഴില്‍ ജൈവ വൈവിദ്ധ്യ ഉദ്യാനമായി പരിപാലിക്കപ്പെടുന്ന കോട്ടയ്ക്കുള്ളില്‍ ചരിത്രത്തിന്റെ നാള്‍വഴികള്‍ കണ്ടെടുക്കാം.
വേണാട് രാജാവ് വീര രവിവര്‍മയുടെ കാലത്താണ് ഉദയഗിരിക്കോട്ട പണിതത്. ശത്രുക്കളുടെ ആക്രമണത്തില്‍നിന്ന് ദ്രവ്യങ്ങളും മറ്റും സംരക്ഷിക്കാന്‍ നിര്‍മിച്ചതാണ് കോട്ട. മണ്ണുകൊണ്ട് നിര്‍മിച്ച കോട്ടയ്ക്ക് 98 ഏക്കര്‍ വിസ്തൃതിയുണ്ട്. 260 അടി ഉയരമുള്ള ഒരു മലയും കോട്ടയ്ക്കുള്ളില്‍ കാണാം. ശത്രുക്കള്‍ കടല്‍മാര്‍ഗം വരുന്നത് ഈ മലയ്ക്കുമുകളില്‍നിന്നാല്‍ കാണാന്‍ കഴിയും. മുന്‍കാലങ്ങളില്‍ മലയിലേക്ക് വിനോദസഞ്ചാരികളെ കടത്തിവിട്ടിരുന്നു. എന്നാല്‍ കുറച്ചുനാളുകളായി പാതയുടെ നവീകരണം നടക്കുന്നതിനാല്‍ മലയ്ക്കുമുകളിലേക്കുള്ള യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്താണ് ഇന്നുകാണുന്ന രീതിയില്‍ കല്ലുകൊണ്ട് കോട്ട പുതുക്കിപ്പണിതത്. ഉദയഗിരിക്കോട്ടയ്ക്കുള്ളില്‍നിന്ന് ശക്തിയാര്‍ജിച്ച ഭടന്മാരാണ് തിരുവിതാംകൂറിന്റെ ചരിത്രപ്രധാനമായ വികസനത്തിന് കാരണമായത്. തിരുവിതാംകൂര്‍ സേന തോക്കും പീരങ്കിയും ഉപയോഗിക്കാന്‍ പരിശീലനം നേടിയതും ഉദയഗിരിക്കോട്ടയില്‍ നിന്നാണ്. കുളച്ചല്‍ യുദ്ധത്തില്‍ തോറ്റ ഡച്ച് സേന തിരുവിതാംകൂര്‍ സേനയ്ക്കുമുന്നില്‍ കീഴടങ്ങി. ഡച്ചുസേനയുടെ സേനാപതി യുസ്റ്റേഷ്യസ് ബനഡിക്ട്‌സ് ഡിലനോയ് തടവിലായി. ഡച്ച് സേനയുടെ യുദ്ധോപകരണങ്ങള്‍ തിരുവിതാംകൂര്‍ സേന കൈക്കലാക്കി. നവീന യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനം തിരുവിതാംകൂര്‍ സേന അങ്ങനെ നേടി.
ഡിലനോയി ഉദയഗിരിക്കോട്ടയില്‍ താമസമാക്കി. അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രം പ്രാര്‍ഥനയ്ക്കായി ഒരു പള്ളിയും കോട്ടയ്ക്കുള്ളില്‍ പണിതു. 1741-44 കാലയളവില്‍ ഡിലനോയുടെ നിര്‍ദേശപ്രകാരം ഉദയഗിരിക്കോട്ട നവീകരിച്ചു. പീരങ്കി നിര്‍മാണകേന്ദ്രവും സ്ഥാപിച്ചു. ഡിലനോയി സൈനിക ഉപദേഷ്ടാവായതോടെ തിരുവിതാംകൂര്‍ സേന വന്‍ശക്തിയായി. 1758-ല്‍ മാര്‍ത്തണ്ഡവര്‍മ നാടുനീങ്ങിയശേഷവും തിരുവിതാംകൂര്‍ സേനയില്‍ ഡിലനോയി സേവനമനുഷ്ഠിച്ചു. 1777 ജൂണ്‍ ഒന്നിന് മരിച്ച ഡിലനോയിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പള്ളിക്കുള്ളില്‍ സംസ്‌കരിച്ചു.
തിരുവിതാംകൂര്‍ ചരിത്രസ്മാരകങ്ങള്‍ ഓരോന്നായി നശിച്ചുവരുന്ന കന്യാകുമാരിയില്‍ ഉദയഗിരിക്കോട്ടയുടെ സംരക്ഷണവും ഉറപ്പില്ലാത്ത നിലയിലാണ്. എന്നാല്‍ കോട്ടയുടെ ഭൂരിഭാഗവും മരങ്ങള്‍ വളര്‍ന്നും സംരക്ഷിക്കപ്പെടാതെയും ദയനീയ അവസ്ഥയിലാണ്. പ്രധാന കവാടംവഴി കോട്ടയ്ക്കുള്ളില്‍ പ്രവേശിച്ചാല്‍ തമിഴ്‌നാട് വനംവകുപ്പ് ഒരാള്‍ക്ക് പത്തുരൂപാവീതം പ്രവേശന ഫീസ് വാങ്ങുന്നു. ചെറിയ കുളത്തില്‍ ബോട്ട് സര്‍വീസുമുണ്ട്. ചില്‍ഡ്രന്‍സ് പാര്‍ക്ക്, അക്വേറിയം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
കോട്ടയ്ക്കുള്ളില്‍ ഭൂരിഭാഗവും കാടിന്റെ പ്രതീതിയില്‍ത്തന്നെ പരിപാലിക്കുന്നു. ഉള്ളില്‍ ചില ഭാഗങ്ങളില്‍ എത്തുമ്പോള്‍ കാട്ടിനുള്ളില്‍ നടക്കുന്നതുപോലുള്ള അനുഭവം ലഭിക്കും. കോട്ടയ്ക്കുള്ളിലെ ഭാഗങ്ങള്‍ സൈക്കളില്‍ ചുറ്റിക്കാണാന്‍ സൈക്കിള്‍ വാടകയ്ക്ക് കോട്ടയ്ക്കുള്ളില്‍ ലഭിക്കും. മണിക്കൂറിന് 20 രൂപയാണ് വാടക.
തമിഴ്‌നാട് ആര്‍ക്കിയോളജി വകുപ്പിന്റെ കീഴിലാണ് പഴയ പള്ളിയും പരിസരവും. മതില്‍ക്കെട്ടിനുള്ളില്‍ മേല്‍ക്കൂരയില്ലാതെ പള്ളിയുടെ ഭാഗങ്ങള്‍ സൂക്ഷിക്കപ്പെടുന്നു. എന്നാല്‍ പരിസരം പുല്ലുപടര്‍ന്ന് യാതൊരു പരിചരണവുമില്ലാത്ത അവസ്ഥയിലാണ്. പള്ളിക്കെട്ടിടത്തിനുള്ളില്‍ മൂന്ന് കല്ലറകള്‍ അടുത്തടുത്ത് കാണാം. ഡിലനോയി, ഭാര്യ മാര്‍ഗരറ്റ് ഡിലനോയി, മകന്‍ ജോണ്‍ ഡിലനോയി എന്നിവരുടെ ശവകുടീരങ്ങളാണിത്. അല്പംമാറി പട്ടാളമേധാവി പീറ്റര്‍ ഫ്‌ളോറിയുടെ കല്ലറയും കാണാവുന്നതാണ്. കല്ലറകള്‍ക്ക് മുകളിലെ ലിഖിതങ്ങള്‍ പള്ളിക്കുപുറത്ത് പുതുതായി എഴുതിവെച്ചിരിക്കുന്നു. മുപ്പതുവര്‍ഷം തിരുവിതാംകൂറിനായി സേവനമനുഷ്ഠിച്ച ധീരയോദ്ധാവിന്റെയും കുടുംബത്തിന്റെയും സ്മരണകള്‍ മാത്രമല്ല പ്രജാതത്പരരായ ഭരണാധികാരികളുടെ സ്മരണകളും ഉദയഗിരിക്കോട്ടയില്‍ ഉറങ്ങുന്നു.

More Citizen News - Thiruvananthapuram