എയ്ഡ്‌പോസ്റ്റുകളും പരിശോധനയുമില്ല; അതിര്‍ത്തി കടത്തിയുള്ള സ്​പിരിറ്റ് കടത്ത് വ്യാപകം

Posted on: 24 Aug 2015നെയ്യാറ്റിന്‍കര: സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള റോഡുകളില്‍ പോലീസിന്റെയോ എക്‌സൈസിന്റെയോ എയ്ഡ് പോസ്റ്റുകള്‍ ഇല്ലാത്തത് കാരണം ജില്ലയിലേയ്ക്കുള്ള സ്​പിരിറ്റ് കടത്ത് വ്യാപകമാവുന്നു. ഓണക്കാലമായതോടെ സാധാരണയില്‍ നിന്ന് ഇരട്ടിയാണ് സ്​പിരിറ്റ് അതിര്‍ത്തി കടത്തി എത്തിക്കുന്നത്.
പളുകല്‍, ചെറിയകൊല്ല, ആറുകാണി, കടുക്കറ, വെള്ളച്ചിപ്പാറ, തോലടി, കന്നുമാമൂട്, കുന്നത്തുകാല്‍, പനച്ചമൂട്, തോലടി എന്നിവിടങ്ങള്‍ വഴിയാണ് സ്​പിരിറ്റ് വ്യാപകമായി അതിര്‍ത്തി കടത്തുന്നത്. ഈ സ്ഥലങ്ങളിലൊന്നില്‍പോലും പോലീസിന്റെയോ, എക്‌സൈസിന്റെയോ എയ്ഡ് പോസ്റ്റോ, പരിശോധനയോ ഇല്ല. ഇതാണ് ഇതുവഴി സ്​പിരിറ്റ് കടത്ത് വ്യാപകമാകാന്‍ കാരണം.
തമിഴ്‌നാട്ടില്‍ അതിര്‍ത്തി റോഡുകളില്‍ ചെക്ക് പോസ്റ്റുകളുണ്ട്. കന്നുമാമൂട്, മലയില്‍കാവ്, പുലിയൂര്‍ശാല, ചെറിയകൊല്ല, പനച്ചമൂട്, നെട്ട എന്നിവിടങ്ങളില്‍ തമിഴ്‌നാട്ടിന്റെ ചെക്ക് പോസ്റ്റുകള്‍ ഉണ്ട്. എന്നാല്‍ ഇവിടങ്ങളിലൂടെയാണ് യാതൊരു പരിശോധനയും കൂടാതെ സ്​പിരിറ്റ് അതിര്‍ത്തി കടത്തുന്നത്. ചെറിയ വാഹനങ്ങളിലാണ് സ്​പിരിറ്റ് കൂടുതലായും കടത്തുന്നത്. അതിര്‍ത്തി കടത്തി ഗോഡൗണുകളില്‍ എത്തിച്ച ശേഷമാണ് വലിയ വാഹനങ്ങളില്‍ സ്​പിരിറ്റ് കൊണ്ടുപോകുന്നത്.
തമിഴ്‌നാട് അതിര്‍ത്തി കടന്നതിന് ശേഷം ഒരിടത്തും എയ്ഡ് പോസ്റ്റില്ലാത്തത് കാരണം പരിശോധനയും നടക്കാറില്ല. ഒരു വര്‍ഷത്തിനിടയില്‍ ഒരു പ്രാവശ്യമാണ് അതിര്‍ത്തി കടന്നുവന്ന സ്​പിരിറ്റ് പോലീസിനോ, എക്‌സൈസിനോ പിടികൂടാനായത്. ഉത്സവ സീസണുകളില്‍ അതിര്‍ത്തി കടന്നുള്ള സ്​പിരിറ്റ് കടത്ത് തടയുന്നതിനായി സ്ഥിരമായി എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കാറുണ്ട്. എന്നാല്‍ ഈ ഓണക്കാലത്ത് ഇതുവരെ അതിര്‍ത്തി റോഡുകളില്‍ എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടില്ല.

More Citizen News - Thiruvananthapuram