പാലക്കടവ് ചെക്ക് പോസ്റ്റ് വഴി വിഷപ്പച്ചക്കറി കടത്ത് വ്യാപകമാകുന്നു

Posted on: 24 Aug 2015നെയ്യാറ്റിന്‍കര: ഓണക്കാലത്ത് അതിര്‍ത്തികടന്ന് കൊണ്ടുവരുന്ന പച്ചക്കറികള്‍ പരിശോധിക്കുമെന്നുള്ള സര്‍ക്കാരിന്റെ ഉറപ്പ് പാഴാകുന്നു. യാതൊരു പരിശോധനാ സംവിധാനവും ഇല്ലാത്തത് കാരണം നെയ്യാറ്റിന്‍കര പാലക്കടവ് ചെക്ക് പോസ്റ്റ് വഴി ദിവസവും നൂറിലേറെ ലോഡ് വിഷപ്പച്ചക്കറിയാണ് കടത്തുന്നത്. ഇവിടെ താത്കാലിക പോലീസ് പോസ്റ്റ് ഇടാന്‍പോലും അധികൃതര്‍ തയ്യാറാകുന്നില്ല.
ചാല ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന ചന്തകളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി എത്തിക്കുന്നത് പാലക്കടവ് ചെക്ക് പോസ്റ്റ് വഴിയാണ്. ഇവിടെ ആകെയുള്ളത് വാണിജ്യ വകുപ്പിന്റെ പരിശോധന മാത്രമാണ്. വേഗം കേടുവരുന്ന വസ്തുക്കള്‍ക്ക് ചെക്ക് പോസ്റ്റുകളില്‍ നികുതി നല്‍കണ്ട. അതിനാല്‍ പാലക്കടവില്‍ വാണിജ്യനികുതി വകുപ്പുകാര്‍ പച്ചക്കറിയുമായി വരുന്ന ലോറികള്‍ പരിശോധിക്കാറില്ല.
ഒരു ദിവസം ശരാശരി നൂറ് ലോഡ് പച്ചക്കറിയാണ് പാലക്കടവ് ചെക്ക് പോസ്റ്റ് വഴി ജില്ലയില്‍ എത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. എന്നാല്‍ അമരവിള ചെക്ക് പോസ്റ്റില്‍ ഒരു ദിവസത്തെ പരിശോധനയില്‍ ഒതുങ്ങി. പിന്നെ പരിശോധനയില്ല.
എന്നാല്‍ ഈ കാലയളവില്‍ പാലക്കടവ് ചെക്ക് പോസ്റ്റ് വഴി വിഷപ്പച്ചക്കറി യാതൊരു തടസ്സവുമില്ലാതെ കടത്തി. സാധാരണ ദിവസങ്ങളില്‍ നൂറ് ലോഡ് പച്ചക്കറി വരെ പാലക്കടവ് ചെക്ക് പോസ്റ്റ് വഴി കടത്തും. എന്നാലത് ഓണക്കാലമായപ്പോള്‍ നൂറ് കടന്നിരിക്കുകയാണ്. കീടനാശിനി തളിച്ച് എത്തിക്കുന്ന പച്ചക്കറികള്‍ സാമ്പിള്‍ പരിശോധന പോലും നടത്താതെയാണ് കടത്തിവിടുന്നത്.
വാണ്യജ്യനികുതി വകുപ്പിന് പുറമെ എക്‌സൈസ്, ആര്‍.ടി.ഒ, പോലീസ് പോസ്റ്റുകള്‍ കൂടിയുണ്ടെങ്കില്‍ വിഷപ്പച്ചക്കറി കടത്തുന്നത് തടയാനാകും. അമരവിള ചെക്ക് പോസ്റ്റില്‍ ഈ സംവിധാനമുണ്ട്. അതുകൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന പച്ചക്കറി ലോഡുകള്‍ പാലക്കടവ് വഴി അതിര്‍ത്തി കടത്തുന്നത്. അമരവിളയിലെ ചെക്ക് പോസ്റ്റ് എത്തുന്നതിന് മുന്‍പായി ജങ്ഷനിലൂടെ കണ്ണംകുഴി വഴി പാലക്കടവില്‍ എത്താനാവും. അതുകൊണ്ട് തന്നെ അമരവിള മെയിന്‍ ചെക്ക് പോസ്റ്റിലൂടെ പോകാതെ ഇവര്‍ പാലക്കടവ് ചെക്ക് പോസ്റ്റിലൂടെ പച്ചക്കറി കടത്തുന്നത്.
സീസണുകളില്‍ വ്യാപകമായി വിഷപ്പച്ചക്കറി കടത്തുന്നത് തടയുന്നതിന് താത്കാലിക എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കാനാവും. എന്നാല്‍ ഇതിന് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. രാത്രി 12ന് ശേഷവും പുലര്‍ച്ചെ നാലിനുമിടയിലാണ് പാലക്കടവ് വഴി പച്ചക്കറി കടത്തുന്നത്.


More Citizen News - Thiruvananthapuram