പാരിപ്പള്ളി ഇ.എസ്.ഐ. മെഡിക്കല്‍കോളേജ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കും;

Posted on: 24 Aug 2015ധാരണാപത്രം ബുധനാഴ്ച മന്ത്രിസഭ പരിഗണിക്കും

തിരുവനന്തപുരം:
കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ഇ.എസ്.ഐ.സി.) യുടെ നിയന്ത്രണത്തിലുള്ള മെഡിക്കല്‍കോളേജ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഇത് സംബന്ധിച്ച ധാരണാപത്രം ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ തയ്യാറാക്കിയ ധാരണാപത്രത്തിന്റെ കരട് ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. 99 വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാരിന് പാട്ടത്തിന് കൈമാറുന്നുവെന്ന രീതിയിലുള്ള ധാരണാപത്രമാണ് ഇ.എസ്.ഐ. തയ്യാറാക്കിയിരിക്കുന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇ.എസ്.ഐ. മേഖലയില്‍ കൈക്കൊണ്ട നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പാരിപ്പള്ളിയിലെ മെഡിക്കല്‍കോളേജ് സംസ്ഥാനസര്‍ക്കാരിന് ലഭിക്കുന്നത്. പുതിയ കേന്ദ്രനയമനുസരിച്ച് തൊഴിലാളികള്‍ക്ക് ചികിത്സ നല്‍കാനുള്ള ബാദ്ധ്യത ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ നിര്‍വഹിക്കുമെങ്കിലും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ബാദ്ധ്യത ഏറ്റെടുക്കില്ല. നേരത്തെ ആരംഭിച്ച ഇ.എസ്.ഐ. മെഡിക്കല്‍കോളേജുകളുടെ കാര്യത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ചുമതലയും തൊഴിലാളികളുടെ ചികിത്സാ ചുമതലയും ഇ.എസ്.ഐ. തുടര്‍ന്നും നിര്‍വഹിക്കും. എന്നാല്‍ തുടങ്ങാനിരിക്കുന്ന മെഡിക്കല്‍കോളേജുകള്‍ ഏറ്റെടുക്കാന്‍ അതതു സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായാല്‍ അവ അവര്‍ക്ക് ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ കൈമാറും. നിര്‍മാണം ഏതാണ്ട് പൂര്‍ത്തീകരിച്ച ഘട്ടത്തിലെത്തിയ മെഡിക്കല്‍കോളേജ് ഏറ്റെടുക്കുന്നതുവഴി സംസ്ഥാന സര്‍ക്കാരിന് സാമ്പത്തികബാദ്ധ്യത ഒന്നുമുണ്ടാകില്ല. 500 കോടി രൂപ എസ്റ്റിമേറ്റ് തയ്യാറാക്കിയ മെഡിക്കല്‍കോളേജിന് വേണ്ടി ഇതുവരെ ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ 325 കോടി രൂപയോളം ചെലവഴിച്ചിട്ടുണ്ട്.
മെഡിക്കല്‍കോളേജ് ഏറ്റെടുക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും ഇ.എസ്.ഐ. കോര്‍പ്പറേഷനും കേന്ദ്രസര്‍ക്കാരും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും സംസ്ഥാനമന്ത്രിസഭയുടെ അന്തിമാനുമതി ലഭിച്ചാല്‍ മാത്രം മതിയെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. ഇക്കാര്യം നേരത്തേ സംസ്ഥാനമന്ത്രിസഭ ചര്‍ച്ചചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറുമായും ഇക്കാര്യം താന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ആഗസ്ത് മാസത്തില്‍ത്തന്നെ ധാരണാപത്രം ഒപ്പുെവച്ചെങ്കില്‍ മാത്രമേ മെഡിക്കല്‍കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഈ വര്‍ഷം തന്നെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശന നടപടികളുമായി മുന്നോട്ടു പോകാനാവൂയെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.

More Citizen News - Thiruvananthapuram