നഗരത്തിലെ ചുവരുകളില്‍ വര്‍ണം വിതറി ആര്‍ട്ടീരിയ

Posted on: 24 Aug 2015തിരുവനന്തപുരം: നഗരത്തിലെ ചുവരുകളെ കാന്‍വാസാക്കുന്ന ആര്‍ട്ടീരിയക്ക് ഓണാഘോഷത്തോടെ തുടക്കമാകും. പ്രശസ്ത കലാകാരന്‍മാരെ പങ്കെടുപ്പിച്ച് ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന്റെ മതില്‍ക്കെട്ട് ചിത്രങ്ങളാല്‍ വര്‍ണാഭമായിക്കഴിഞ്ഞു. ഓണാഘോഷത്തോടനുബന്ധിച്ച് ചിത്രങ്ങള്‍ അനാവരണം ചെയ്യും.
തെരുവോരങ്ങളില്‍ ചിത്രങ്ങള്‍ നിറയുന്നത് നഗരഭംഗി വര്‍ധിക്കുകയും സമകാലീന ചിത്രരചനാ രീതികളെക്കുറിച്ച് പൊതുജനത്തിന് അവബോധമുണ്ടാവുകയും ചെയ്യുമെന്ന് മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ജില്ലാ ഭരണകൂടവുമായി സഹകരിച്ചു നടപ്പാക്കുന്ന ഈ പദ്ധതിക്കായി ആദ്യഘട്ടമെന്ന നിലയില്‍ ഇതിനോടകം 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
എല്‍.എം.എസ് ജങ്ഷന്‍ മുതല്‍ പാളയം വരെയുള്ള മതില്‍ക്കെട്ടുകളാണ് ചിത്രങ്ങളാല്‍ മനോഹരമാക്കുന്നത്. പാളയത്തെ ഫൈന്‍ ആര്‍ട്‌സ് കോേളജിലെ സ്ഥലം അവിടത്തെ വിദ്യാര്‍ഥികളുടെ സൃഷ്ടികള്‍ക്കായി നല്‍കുമെന്ന് ടൂറിസം വകുപ്പ് പ്ലാനിങ് ഓഫീസര്‍ എ.ഉദയകുമാര്‍ പറഞ്ഞു. അറിയപ്പെടാത്തവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കുന്നത് മികച്ച പ്രതിഭകളെ കണ്ടെത്താനും അവരുടെ സര്‍ഗശേഷി ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനുമാണെന്ന് കേരള ടൂറിസം സെക്രട്ടറി ജി.കമലവര്‍ധന റാവു പറഞ്ഞു.
ചിത്രകാരന്മാരായ കാനായി കുഞ്ഞിരാമന്‍, കാട്ടൂര്‍ നാരായണപിള്ള, ബി.ഡി.ദത്തന്‍, എന്‍.എന്‍.റിംസണ്‍, ടെന്‍സിങ് ജോസഫ് തുടങ്ങി ഇരുപതോളം പേരാണ് ആര്‍ട്ടീരിയയുടെ ആദ്യഘട്ടത്തില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. നവാഗതര്‍ക്കും ചിത്രങ്ങള്‍ വരയ്ക്കാനുള്ള അവസരം ആര്‍ട്ടീരിയയിലുണ്ട്. യുവകലാകാരന്‍മാരും വിദ്യാര്‍ഥികളും അവരുടെ സൃഷ്ടികളുടെ മാതൃകകള്‍ ആര്‍ട്ടീരിയയുടെ അധികൃതര്‍ക്ക് അയച്ചുകൊടുത്താല്‍മതി. ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, ക്യൂറേറ്റര്‍ ഡോ.ജി.അജിത്കുമാര്‍, പരിചയസമ്പന്നരായ ചിത്രകാരന്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി മാതൃകകള്‍ പരിശോധിച്ച് അര്‍ഹരായവരെ തിരഞ്ഞെടുക്കും.


More Citizen News - Thiruvananthapuram