കണ്‍സ്യൂമര്‍ഫെഡിന്റെ നഷ്ടം 1100 കോടി

Posted on: 24 Aug 2015ബോണസ് 65000 വീതം

തിരുവനന്തപുരം:
പൊതുവിപണിയില്‍ ഇടപെടാന്‍ പാടുപെടുന്ന കണ്‍സ്യൂമര്‍ഫെഡ് നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ഒരു വിഭാഗം ജീവനക്കാരുടെ ബോണസ് 65000 രൂപ. 1100 കോടി നഷ്ടത്തിലാണ് ഇപ്പോള്‍ ഈ പൊതുമേഖലാ സ്ഥാപനം. ആകെയുള്ള 6200 ജീവനക്കാരില്‍ ഭൂരിപക്ഷത്തിനും 18500 രൂപ ബോണസ് പ്രഖ്യാപിച്ചപ്പോള്‍ സ്ഥാപനത്തിന്റെ 43 മദ്യക്കടകളിലെ 187 അബ്ക്കാരി ജീവനക്കാര്‍ക്കാണ് 65000 രൂപ വീതം ഓണം ബോണസായി നല്‍കുന്നത്. ഇവര്‍ക്ക് മാത്രമായി ശമ്പള അഡ്വാന്‍സ് ഇനത്തിലും ബോണസ് ഇനത്തിലുമായി 1.5 കോടി രൂപയാണ് ഈ മാസം നല്‍കേണ്ടത്.
2001-ല്‍ സ്വകാര്യ മദ്യഷാപ്പുകള്‍ അടച്ചപ്പോള്‍ അവയില്‍ 50 എണ്ണം ഏറ്റെടുത്ത് നടത്താന്‍ കണ്‍സ്യൂമര്‍ഫെഡിനെ ഏല്പിക്കുകയായിരുന്നു. അവിടെ ജോലിചെയ്തുവന്ന ജീവനക്കാരെയും അന്ന് ഏറ്റെടുക്കേണ്ടി വന്നു. ഏറ്റെടുത്ത മദ്യക്കടകളില്‍ ഏഴെണ്ണം പിന്നീട് പൂട്ടി. അവശേഷിക്കുന്ന മൂന്ന് ബിയര്‍ഷോപ്പുകള്‍ ഉള്‍പ്പെടെ 43 മദ്യക്കടകളിലെ ജീവനക്കാരുടെ ശമ്പളയിനത്തില്‍ത്തന്നെ 10.5 കോടിയാണ് ഒരു വര്‍ഷം കണ്‍സ്യൂമര്‍ഫെഡിന് ചെലവാകുന്നത്. ഒരു ചെറിയ വിഭാഗം ജീവനക്കാര്‍ക്കുമാത്രം ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നു എന്ന പരാതിയാണ് അവശേഷിക്കുന്ന ഭൂരിപക്ഷത്തിന്.
ത്രിവേണി സ്റ്റോറുകള്‍, നീതി-നന്മ സ്റ്റോറുകള്‍, വിവിധ ഗോഡൗണുകള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ വേതനവ്യവസ്ഥയിലെ വിവേചനത്തിനെതിരെ പലകുറി അധികാരികള്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യക്കടകളില്‍ അബ്ക്കാരി തൊഴിലാളികള്‍ക്ക് പുറമെ മറ്റുജിവനക്കാരും പണിയെടുക്കുന്നുണ്ടെങ്കിലും അവര്‍ക്ക് കൂടിയ നിരക്കിലുള്ള ബോണസില്ല. ഇവരേക്കാള്‍ 350 ശതമാനം അധികമാണ് അബ്ക്കാരി ജീവനക്കാര്‍ക്ക് ലഭിക്കുന്ന ബോണസ്.
ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നാണ് കണ്‍സ്യൂമര്‍ഫെഡ് മദ്യം വാങ്ങുന്നത്. 20 ശതമാനം വിലകുറച്ച് ലഭിക്കുന്ന മദ്യം കുപ്പിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി വിലയ്ക്കാണ് കണ്‍സ്യൂമര്‍ഫെഡ് വില്‍ക്കുന്നത്. ബാറുകള്‍ പൂട്ടിയതോടെ കച്ചവടത്തില്‍ വലിയ വര്‍ധനയാണുണ്ടായത്. പ്രീമിയം ബ്രാന്‍ഡുകള്‍ക്കു മാത്രമായി തുടങ്ങിയ ഔട്ട്‌ലെറ്റുകളും വന്‍വിജയമാണ്. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യഷാപ്പുകളില്‍ ഏഴ് ജീവനക്കാര്‍ വീതം ജോലിചെയ്യുമ്പോള്‍ കണ്‍സ്യൂമര്‍ഫെഡില്‍ ഇത് 20 മുതല്‍ 25 വരെയാണ്.

More Citizen News - Thiruvananthapuram