തകര്‍ച്ചാ ഭീഷണിയില്‍ വര്‍ക്കല ആലിയിറക്കം കുന്നുകള്‍

Posted on: 24 Aug 2015വര്‍ക്കല: പാപനാശം മുതല്‍ ആലിയിറക്കം വരെയുള്ള കുന്നുകള്‍ തകര്‍ച്ചാ ഭീഷണിയില്‍. ഭൗമപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച വര്‍ക്കല ക്ലിഫില്‍ ഉള്‍പ്പെട്ട കുന്നുകളാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. തകര്‍ച്ചയുടെ ഉദാഹരണങ്ങളായി കടല്‍ത്തീരത്ത് കുന്നില്‍ നിന്ന് അടര്‍ന്നുവീണ് നിരനിരയായി കിടക്കുന്ന കൂറ്റന്‍ കല്ലുകള്‍ കാണാം.

വര്‍ക്കല ഫോര്‍മേഷന്‍ എന്നറിയപ്പെടുന്ന കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള ചെമ്മണ്‍ കുന്നുകള്‍ വിനോദസഞ്ചാരികള്‍ക്ക് എന്നും കാഴ്ചവിരുന്നാണ്. കടലാക്രമണവും മലയോട് ചേര്‍ന്നുള്ള അനധികൃത നിര്‍മാണങ്ങളുമാണ് കുന്നിടിയുന്നതിന് കാരണം. ഒരു മാസം മുമ്പ് ആലിയിറക്കം ആറാട്ടുകടവിന് സമീപം കുന്നിടിഞ്ഞ് വലിയ കല്ലുകള്‍ താഴേക്ക് പതിച്ചിരുന്നു. വലിയ കല്ല് വീണ് വര്‍ഷങ്ങളായി കുളിക്കാനുപയോഗിച്ചിരുന്ന ഓവും അടഞ്ഞു.

ടൂറിസം വളര്‍ന്നതോടെ സഞ്ചാരികള്‍ വ്യത്യസ്ത കാഴ്ചകള്‍ തേടിയപ്പോള്‍ ആലിയിറക്കം, പെരുകുളം കുന്നുകളിലും റിസോര്‍ട്ടുകളും ഹട്ടുകളുമെത്തി. അനധികൃതമായി നിര്‍മിച്ച കല്പടവുകളും വഴികളുമാണ് കുന്നിടിച്ചിലിന് പ്രധാന കാരണമായത്. അധികാരികളുടെ ശ്രദ്ധ എളുപ്പമെത്താത്തതിനാല്‍ അനധികൃത നിര്‍മാണങ്ങള്‍ക്ക് തടസ്സമുണ്ടായില്ല. കുന്നിന്റെ അഗ്രഭാഗത്തുവരെ ഹട്ടുകളും മറ്റും നിര്‍മിച്ചാണ് സഞ്ചാരികളെ ആകര്‍ഷിച്ചത്.

രണ്ടാഴ്ച മുമ്പ് പെരുംകുളം കുന്നിനും കടലിനുമിടയ്ക്കുള്ള ഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയില്‍ കടലിനോട് ചേര്‍ന്നുള്ള വസ്തുവില്‍ അനധികൃത നിര്‍മാണത്തിന് ശ്രമം നടന്നിരുന്നു. കോണ്‍ക്രീറ്റ് ചെയ്ത് അടിസ്ഥാനം നിര്‍മിച്ച് അത്രയും ഭാഗം കെട്ടിപ്പൊക്കാനായിരുന്നു ശ്രമം. ഈ സ്ഥലത്തിനുമുകളില്‍ കുന്നിന്റെ അഗ്രഭാഗത്തായിവരെ കോണ്‍ക്രീറ്റ് തൂണുകളും കെട്ടിടവുമുണ്ട്. തകര്‍ച്ചയെ നേരിടുന്ന പാപനാശം കുന്ന് സംരക്ഷിക്കുന്നതിനായി കളക്ടര്‍ 144 പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് പലയിടത്തും നിര്‍മാണം നടക്കുന്നത്.

More Citizen News - Thiruvananthapuram