29 വര്‍ഷമായി ഏകാന്തവാസം; സരസയ്ക്ക് സഹായവുമായി കുട്ടിപ്പോലീസ്‌

Posted on: 24 Aug 2015പേരൂര്‍ക്കട: കഴിഞ്ഞ 29 വര്‍ഷമായി ഏകാന്തതയുടെ തീരത്ത് ആരോടും പരിഭവമില്ലാതെ കഴിയുന്ന മണ്ണാംമൂല പദ്മവിലാസം ലെയ്ന്‍ ചിത്രപൗര്‍ണമിയില്‍ സരസയ്ക്ക് (60) സഹായവുമായി കുട്ടിപ്പോലീസെത്തി. അമ്പലംമുക്ക് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് സരസയുടെ ജീവിതകഥ അറിഞ്ഞ് ഇവരെ കാണാനെത്തിയത്.
പേരൂര്‍ക്കടയിലെ മുന്‍ കൗണ്‍സിലറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ചെല്ലപ്പന്‍ കോണ്‍ട്രാക്ടറുടെ മകളാണ് ഇവര്‍. വിവാഹജീവിതത്തിലെ പൊരുത്തക്കേടുകള്‍ ഇവരെ ജീവിതത്തില്‍ തനിച്ചാക്കി. തുടര്‍ന്ന് സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ വരാന്‍ മടിച്ചിരുന്ന കാലഘട്ടത്തില്‍ സ്വന്തമായി ഒരു പ്രിന്റിങ്ങ് പ്രസ് സ്ഥാപിച്ച് സരസ പ്രശസ്തി നേടി. ഗീതാരോദനം എന്ന പേരില്‍ ഒരു പത്രവും ഇറക്കി. ഇതോടെ സരസയുടെ ജീവിതം തിരക്കുള്ളതായി. എന്നാല്‍ അപ്രതീക്ഷിതമായി വന്ന ഹൃദയാഘാതത്തെ തുടര്‍ന്ന് ഇടതുകൈക്ക് സ്വാധീനം നഷ്ടപ്പെട്ടു. ആരും സഹായിക്കാനില്ലാതെ വന്നതോടെ പ്രസ്സും പത്രവും നിര്‍ത്തേണ്ടി വന്നു. ആരോഗ്യം മോശമായതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ തന്നെ ബുദ്ധിമുട്ടി. ഇവരുടെ കഥ മനസ്സിലാക്കിയ പേരൂര്‍ക്കട പോലീസ് അമ്പലംമുക്ക് ഗേള്‍സ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസുമായി സരസയുടെ വീട്ടിലെത്തി. വൃത്തിഹീനമായി കിടന്ന വീടും പരിസരവും അടിച്ചു വൃത്തിയാക്കി. ഓണസദ്യ നല്‍കി. കന്റോണ്‍മെന്റ് എ.സി. സുരേഷ്‌കുമാര്‍, എസ്.പി.സി. ജില്ലാ നോഡല്‍ ഓഫീസര്‍ പ്രമോദ്കുമാര്‍, പേരൂര്‍ക്കട സി.ഐ. സുരേഷ്ബാബു, എസ്.ഐ. സൈജുനാഥ്, അധ്യാപകരായ സുജ തോമസ്, ഷാനവാസ് എന്നിവരും കുട്ടികളോടൊപ്പം ഇവിടെ എത്തിയിരുന്നു.


More Citizen News - Thiruvananthapuram