പള്ളിച്ചലില്‍ കര്‍ഷകരുടെ ഓണവിപണി സജീവമായി

Posted on: 24 Aug 2015



ആദായവിലയില്‍ ജൈവപച്ചക്കറികളും കുലകളും


നേമം: കര്‍ഷകരുടെ കൂട്ടായ്മയായ പള്ളിച്ചല്‍ സംഘമൈത്രിയില്‍ ഓണവിപണി സജീവമായി. ആദായവിലയ്ക്ക് നാടന്‍ ഏത്തന്‍കുലകളും ജൈവകൃഷിയില്‍ ഉത്പാദിപ്പിച്ച പച്ചക്കറികളും വില്പന തുടങ്ങി. ഇടനിലക്കാരില്ലാതെ കര്‍ഷകനില്‍ നിന്ന് എടുക്കുന്ന അതേ വിലയ്ക്കാണ് ഏത്തന്‍കുലകളും മറ്റ് പച്ചക്കറി ഉത്പന്നങ്ങളും ഉപഭോക്താവിന് ഇവിടെ നിന്ന് ലഭിക്കുന്നത്. സംഘമൈത്രിയുടെ ഔട്ട്‌ലെറ്റുകള്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സഹകരണത്തോടെ വി.ജെ.ടി. ഹാളിന് സമീപവും പനവിളയിലും സെക്രട്ടേറിയറ്റിന് മുന്നിലും ഇത്തവണ നിയമസഭാ അങ്കണത്തിലും സജ്ജീകരിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ സംഘമൈത്രിയുടെ വിവിധ സ്ഥലങ്ങളിലെ കളക്ഷന്‍ സെന്ററുകള്‍ വഴിയും വില്പന നടത്തുന്നുണ്ടെന്ന് ചെയര്‍മാന്‍ ആര്‍.ബാലചന്ദ്രന്‍നായര്‍ പറഞ്ഞു. ഏത്തന്‍ കിലോ 38 രൂപ, കപ്പ പഴം കിലോ 40, കാവേരി കിലോ 20, റോബസ്റ്റ കിലോ 15, രസകദളി 48 തുടങ്ങിയ നിരക്കുകളില്‍ വാഴപ്പഴങ്ങളും ലഭിക്കും. കുലകള്‍ക്ക് പുറമെ വെള്ളരിക്ക, പാവല്‍, പടവലം, ചേന, പയര്‍, ചേമ്പ്, ഇഞ്ചി, വെണ്ടയ്ക്കാ തുടങ്ങിയ പച്ചക്കറികളും ഓണനാളുകളിലും അല്ലാതെയും വില്പനയുണ്ട്. വെള്ളരിക്ക കിലോ 7 രൂപ, പാവയ്ക്ക കിലോ 40, പടവലം കിലോ 18 തുടങ്ങിയ നിരക്കുകളില്‍ പച്ചക്കറികളും വില്പന നടന്നുവരുന്നു.

More Citizen News - Thiruvananthapuram