സൗഹൃദത്തിന്റെ തണലുമായി പഴയ സഹപാഠികളെത്തി; വേദനയ്ക്കിടയിലും സന്തോഷിച്ച് ടൈറ്റസ്‌

Posted on: 24 Aug 2015വെഞ്ഞാറമൂട്: ഹൃദ്രോഗവും കാന്‍സറും കാര്‍ന്നുതിന്നുന്ന ജീവിത പോരാട്ടത്തിനിടയില്‍ ടൈറ്റസ് ആഹ്ലൂദിച്ച നിമിഷങ്ങളായിരുന്നു അത്. 1986-ല്‍ പിരപ്പന്‍കോട് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഒപ്പം പഠിച്ച കൂട്ടുകാരാണ് ടൈറ്റസിന് താങ്ങായി എത്തിയത്. സ്‌കൂളിലെ 1986 എസ്.എസ്.എല്‍.സി. ബാച്ചാണ് ഒരു പുതിയ സന്ദേശം സമൂഹത്തിന് നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 14ന് നടത്തിയ ഒത്തുകൂടലാണ് സമൂഹത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങാന്‍ അവരെ പ്രേരിപ്പിച്ചത്. ആ ഒത്തുകൂടലിന് അവര്‍ ഒരു പേര് കൊടുത്തിരുന്നു 'സൗഹൃദം 86'. മികച്ച പ്രവര്‍ത്തനം നടത്തുന്നതിന് കെ.സി.സജീവ് പ്രസിഡന്റും ജ്യോതിഷ്‌കുമാര്‍ സെക്രട്ടറിയുമായി ഒരു സംഘാടകസമിതിയേയും തിരഞ്ഞെടുത്തിരുന്നു.
കൂടെ പഠിച്ച നിര്‍ധനനായ സുഹൃത്ത് ടൈറ്റസ് രോഗപീഡയിലാണെന്ന് തിരിച്ചറിഞ്ഞ 'സൗഹൃദ 86' പ്രവര്‍ത്തകര്‍ അരലക്ഷം രൂപയാണ് ചികിത്സയ്ക്കായി നല്‍കിയത്.
വീട്ടില്‍ കൊണ്ടുപോയി ധനസഹായം നല്‍കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തനിക്ക് 'ഞാന്‍ പഠിക്കുകയും കളിക്കുയും ചെയ്ത വിദ്യാലയത്തില്‍ െവച്ചുതന്നെ ധനസഹായം നല്‍കിയാല്‍ മതി'യെന്ന ആഗ്രഹം ടൈറ്റസ് പ്രകടിപ്പിച്ചു. അതനുസരിച്ചാണ് എല്ലാവരും സ്‌കൂള്‍മുറ്റത്ത് ഒത്തുകൂടി സഹായം നല്‍കിയത്. ടൈറ്റസിന്റെ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ കൂട്ടുകാര്‍ ഒന്നടങ്കം പഴയ ചങ്ങാതിയെ ചേര്‍ത്തുപിടിച്ച് സമാധാനിപ്പിച്ചു.
കിട്ടിയ തുകയുമായി ടൈറ്റസ് ആര്‍.സി.സി.യില്‍ റേഡിയേഷന്‍ ചികിത്സ തുടങ്ങുകയും ചെയ്തു.
ടൈറ്റസിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ് സൗഹൃദം 86 ന്റെ ലക്ഷ്യമെന്ന് സംഘാടകര്‍
പറഞ്ഞു.More Citizen News - Thiruvananthapuram