കണ്ണെത്താദൂരത്തോളം കായലായും കടലായും ജലസമൃദ്ധി

Posted on: 24 Aug 2015വാമനപുരം നദി ഇവിടെയാണ് കടലിനോട് ചേരുന്നത്. പുളിമൂട്ടില്‍ കടവില്‍. ലൈഫ് ജാക്കറ്റണിഞ്ഞ് ബോട്ട് യാത്രക്കായി ഇരിക്കുമ്പോള്‍ കുറച്ചുപേര്‍ ഓടിയെത്തി പെട്ടെന്ന് ടിക്കറ്റെടുത്ത് കൂടെക്കയറി. ബോട്ട് നീങ്ങിത്തുടങ്ങി. മുതലപ്പൊഴി പെരുമാതുറ ഭാഗത്തേക്കാണ് ബോട്ടിന്റെ സഞ്ചാരം. ഒരുവശത്ത് ചിറയിന്‍കീഴ്, കടകം, അഴൂര്‍ പ്രദേശങ്ങളുടെ തീരഭാഗങ്ങളും മറുവശത്ത് പൂത്തുറ, താഴംപള്ളി ഭാഗങ്ങളുമാണ്.
കടലിനും കായലിനുമിടയില്‍ തുരുത്തുപോലെയാണ് പൂത്തുറയുടെയും താഴംപള്ളിയുടെയും കിടപ്പ്. ആറ്റിങ്ങല്‍ കോയിക്കല്‍ കൊട്ടാരം, കഠിനംകുളം മഹാദേവര്‍ക്ഷേത്രം തുടങ്ങി വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ബോട്ട് സര്‍വീസ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ആറ്റിങ്ങല്‍ ഭാഗത്തേക്കും ക്ഷേത്രത്തിലേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചും പൂര്‍ണ അര്‍ഥത്തില്‍ സര്‍വീസ് സജ്ജമായിട്ടില്ല. മുതലപ്പൊഴിയെത്താറായി. പത്തോളം മീന്‍പിടിത്ത ബോട്ടുകള്‍ തീരത്തോട് ചേര്‍ന്ന് കിടക്കുന്നു. ലേലത്തിനായി നിര്‍മിച്ച ലേലഹാളിലേക്ക് മീന്‍ ഇറക്കുകയാണ്.
തൊട്ടടുത്ത് മുതലപ്പൊഴി തുറമുഖ നിര്‍മാണം പുരോഗമിക്കുകയാണ്. തുറമുഖത്തിന്റെ പണി തീര്‍ന്നാല്‍ ഇവിടം വലിയ മത്സ്യവ്യാപാര കേന്ദ്രമാകും. അതാ പെരുമാതുറ പാലം. തിടമ്പേറ്റിയ കൊമ്പനെപ്പോലെ തലപ്പൊക്കത്തോടെ മുന്നില്‍. പാലത്തിന്റെ തൊട്ടടുത്താണിപ്പോള്‍ ബോട്ട്. തൊടാവുന്ന അകലത്തില്‍. പാലം ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. ഒരു ജനതയുടെ സ്വപ്‌നസാഫല്യമാണ് ഈ പാലം. സഞ്ചാരം കഠിനംകുളം കായലിന്റെ ഹൃദയത്തിലൂടെയാണിപ്പോള്‍. കുറെ സാധനങ്ങളും കയറ്റി ഒരാള്‍ അതുവഴി വഞ്ചിതുഴഞ്ഞ് പോകുന്നു. ഇനിയും ജലജീവിതം മറക്കാത്ത ഗ്രാമീണനെ ഓര്‍മിപ്പിച്ചു ആ മനുഷ്യന്‍. കായല്‍തീരം കൈയേറി പലയിടത്തും ഫ്ലറ്റുകളും വില്ലകളും പണിയുന്നതും കണ്ടു. കുറച്ചുകൂടി മുന്നോട്ട് എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും ഡ്രൈവര്‍ അപ്പോഴേക്കും ബോട്ട് തിരിച്ചിരുന്നു പുളിമൂട്ടില്‍ കടവിലേക്ക്. മടക്കത്തിനിടയില്‍ കുറേ പേര്‍ മറ്റൊരു ബോട്ടില്‍ ചുറ്റാന്‍ പോകുന്നത് കണ്ടു. ബോട്ടിറങ്ങിയപ്പോഴാണ് ഭാര്‍ഗവീനിലയം പോലൊരു കെട്ടിടം പിന്നില്‍ നിഴലായ് തെളിഞ്ഞത്. അതായിരുന്നു അഞ്ചലാപ്പീസ്. ഇപ്പോഴത്തെ പോസ്റ്റ് ഓഫീസിന്റെ പഴയ പതിപ്പ്. മണിയടിച്ച്, തലപ്പാവണിഞ്ഞ് പണ്ടൊരാള്‍ മരണവും വിരഹവും നിറഞ്ഞ കത്തുകളുമായി ഇതുവഴി പോയിരുന്നു. അഞ്ചലോട്ടക്കാരനെന്നായിരുന്നു അയാളെ വിളിച്ചിരുന്നത്. ഇപ്പോഴത്തെ പോസ്റ്റ്മാന്‍. കാട്മൂടി, കാക്കാന്‍ ആരുമില്ലാതെ അഞ്ചലാപ്പീസ് ഇവിടെ മണ്ണടിയുന്നത് ഖേദത്തോടെ തിരിച്ചറിഞ്ഞു. മുഞ്ഞമൂട് പാലം വഴി ബീച്ച് റോഡ് വഴിയാണ് ഇനി നടത്തം. പെരുമാതുറയാണ് ലക്ഷ്യം. പാലത്തിലൂടെ നടന്ന് അക്കരെയെത്തണമെന്നതാണ് ആഗ്രഹം. മൂഞ്ഞമൂട് പാലമിറങ്ങിയാല്‍ തെളിയുന്ന രണ്ട് വഴികളില്‍ ഒന്ന് പെരുമാതുറ ഭാഗത്തേക്കും ഒന്ന് അഞ്ചുതെങ്ങിലേക്കുമാണ്. എല്ലാവഴികളിലും പള്ളികളും കുരിശടികളും കണ്ടു. കനിവിന്റെ കടലായ കര്‍ത്താവ് പ്രാര്‍ഥിക്കുന്നവരില്‍ പുണ്യം ചൊരിഞ്ഞ് കണ്ണീരിന്റെ ദുരിതമൊഴിക്കുന്നു.
വഴിക്കിടെ ടി.എസ്.കനാല്‍ നിശബ്ദം ഒഴുകുന്നു. പോയകാലത്തിന്റെ നല്ലോര്‍മകളില്‍ പായല്‍ മൂടിക്കിടക്കുന്നു ഇന്ന്. കേരളത്തിന്റ ജലഗതാഗത ഭൂപടത്തിന്റെ തുഞ്ചത്തുള്ള ടി.എസ്.കനാല്‍ ഈ നാടിന്റെ മാറിലൂടെയാണ് ഒഴുകുന്നത്. പണ്ടിതുവഴിയായിരുന്നു വിദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇവിടെയെത്തി കയറും കുരുമുളകുമൊക്കെ കയറ്റിക്കൊണ്ട് പോയിരുന്നത്. കനാലിന് കുറുകെ ബണ്ട് വന്നു. അതിന് മുകളിലൂടെ റോഡും. കനാലിന്റെ നവീകരണം ഒരുഭാഗത്ത് നടക്കുന്നുണ്ട്. എന്നാല്‍ ബണ്ട് നീക്കാതെ, റോഡ് മാറ്റി മേല്പാലം പണിയാതെ എങ്ങനെ കനാലിലൂടെ വീണ്ടും ജലഗതാഗതം സാദ്ധ്യമാകുമെന്ന സംശയം ബാക്കിയാണിപ്പോഴും. ജലക്കാഴ്ചകളുടെ മേളപ്പെരുക്കത്തില്‍ ഒരിടത്തെക്കുറിച്ച് പറയാന്‍ മറന്നുപോയി. പൊന്നുംതുരുത്തിനെക്കുറിച്ചാണത്. കായിക്കര നെടുങ്ങണ്ടയിലെ പൊന്നുംതുരുത്തിനെക്കുറിച്ച് തിരക്കിയപ്പോള്‍ നാട്ടുകാരിലൊരാള്‍ വഴികാട്ടിയായി. ചെന്നപ്പോള്‍ കുളത്തിലെ താമരപോലെ അകത്തുമുറി കായലിന്റെ ചങ്കില്‍ പച്ചമുത്തായി പൊന്നുംതുരുത്ത്. കായല്‍ വക്കത്ത് തുരുത്തിലേക്കുള്ള യാത്രക്കാര്‍ക്കായി വള്ളം കിടക്കുന്നു. പക്ഷേ വള്ളക്കാരനില്ലാത്തതിനാല്‍ യാത്ര ഉപേക്ഷിച്ചു. ഭൂപ്രകൃതിയുടെ സമൃദ്ധിയും ശുദ്ധിയും തുരുത്തിന്റെ മാത്രം ധന്യതയെന്ന് മനസ്സില്‍ മന്ത്രിച്ചു. ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ ഇവിടെയുണ്ട്. അതിനിയും കാണാതെ പോയാല്‍, തൊടാതെ പോയാല്‍ നഷ്ടം നമുക്കു തന്നെയാണ്. ഇനിയാണ് പ്രധാനയാത്ര. ഒരു പുതിയ പാതയിലൂടെ. പെരുമാതുറ പാലത്തിലുടെ. കൂടെ വരൂ, കൂട്ടു വരൂ, നമുക്ക് ഒപ്പം നടക്കാം. പുതിയ പ്രഭാതം നമുക്കായ് കാത്തിരിക്കുന്നു.
(തുടരും)

More Citizen News - Thiruvananthapuram