കൊടുംവളവില്‍ താഴ്ചയിലേക്ക് മറിഞ്ഞ ലോറി ഉയര്‍ത്താന്‍ വന്ന ക്രെയിനും മറിഞ്ഞു

Posted on: 23 Aug 2015വെഞ്ഞാറമൂട്: ചുള്ളാളം കൊടുംവളവില്‍ മറിഞ്ഞ ലോറി ഉയര്‍ത്താന്‍ വന്ന ക്രെയിനും മറിഞ്ഞു. നാലുമണിക്കൂര്‍ നെടുമങ്ങാട്-പുല്ലമ്പാറ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. അപടത്തില്‍ ക്രെയിനിലുണ്ടായിരുന്ന ജീവനക്കാരന് പരിക്കേറ്റു.
അശാസ്ത്രീയമായി പണിതിരിക്കുന്ന ചുള്ളാളത്തെ എസ് വളവില്‍ ആദ്യം ലോറിയാണ് മറിഞ്ഞത്. കമ്പി കയറ്റിവന്ന ലോറി എസ് വളവ് തിരിയുന്നതിനിടയിലാണ് 20 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞത്. നാട്ടുകാര്‍ പണിപ്പെട്ടിട്ടും കര കയറ്റാനാകാത്തത് കൊണ്ടാണ് ക്രെയിന്‍ കൊണ്ടുവന്നത്. ക്രെയിന്‍ വളവില്‍ നിര്‍ത്തി ലോറി ഉയര്‍ത്തുന്നതിനിടയിലാണ് ക്രെയിനും മറിഞ്ഞത്. നീളമുള്ള ക്രെയിന്‍ നടുറോഡില്‍ മറിഞ്ഞതോടെ ഗതാഗതവും നിലച്ചു. ക്രെയിനിലെ ഡീസല്‍ മുഴുവനും റോഡിലേക്ക് ഒഴുകി. ഉടന്‍തന്നെ അഗ്നിശമന സേനയെത്തി ഡീസല്‍ മുഴുവന്‍ കഴുകിക്കളഞ്ഞു. പിന്നീട് മറ്റൊരു ശേഷികൂടിയ ക്രെയിന്‍ കൊണ്ടുവന്നാണ് അപകടത്തില്‍പെട്ട വാഹനങ്ങള്‍ ഉയര്‍ത്തിയത്.
ഇവിടെ നിരന്തരം അപകടം നടക്കുന്നതുകൊണ്ട് റോഡ് ശാസ്ത്രീയമായി പണിയണമെന്ന ആവശ്യം നാട്ടുകാര്‍ പല വകുപ്പുകള്‍ക്കും നല്‍കിയിരിക്കുന്നതിനിടയിലാണ് വീണ്ടും രണ്ട് അപകടങ്ങള്‍ കൂടി നടന്നിരിക്കുന്നത്. കൊടുംവളവ് നിവര്‍ത്തി വീതിയില്‍ റോഡ് പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


More Citizen News - Thiruvananthapuram