കിണറ്റില്‍ വീണ പെണ്‍കുട്ടിയെയും അമ്മൂമ്മയെയും അഗ്നിശമനസേന രക്ഷിച്ചു

Posted on: 23 Aug 2015ആറ്റിങ്ങല്‍: ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പെണ്‍കുട്ടിയെയും അമ്മൂമ്മയെയും അഗ്നിശമനസേന കരയ്ക് കയറ്റി. വെള്ളം കോരുന്നതിനിടെ ഇഴ ഒടിഞ്ഞ് പെണ്‍കുട്ടി കിണറ്റില്‍ വീഴുകയായിരുന്നു. ചാത്തമ്പറ പറങ്കിമാംവിളയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
പറങ്കിമാംവിള പ്രിന്‍സിവിലാസത്തില്‍ പ്രിന്‍സി(15) യാണ് രാവിലെ 9 മണിയോടെ അപകടത്തില്‍പ്പെട്ടത്. കൊച്ചുമകളുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മൂമ്മ ഗിരിജ (50) കയര്‍ കെട്ടി കിണറ്റിലിറങ്ങി കുട്ടിയെ വെള്ളത്തില്‍ നിന്ന് പിടിച്ച് തൊടിയിലടുപ്പിച്ചുെവച്ചു. അഗ്നിശമനസേനയെത്തി രണ്ടുപേരെയും കരയ്‌ക്കെത്തിച്ചു. ഇരുവര്‍ക്കും വലിയ പരിക്കുകളില്ല.
നാല്പതടിയിലധികം ആഴമുള്ളതാണ് കിണര്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ ഫയര്‍‌സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഫയര്‍മാന്‍ എം.എന്‍.ഷിജു കിണറ്റിലിറങ്ങി രണ്ടുപേരെയും കരയ്‌ക്കെത്തിച്ചു.

More Citizen News - Thiruvananthapuram