സ്‌കൂള്‍ ശൗചാലയങ്ങളുടെ നിലവാരം ഉറപ്പാക്കാന്‍ പരിശോധനകള്‍ നടത്തണം -ജില്ലാ വികസനസമിതി

Posted on: 23 Aug 2015പേരൂര്‍ക്കട: സ്‌കൂളുകളിലെ ശൗചാലയങ്ങളുടെ നിലവാരവും സൗകര്യവും പരിശോധിക്കാന്‍ മിന്നല്‍ പരിശോധനകള്‍ നടത്താന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ജില്ലാ വികസനസമിതിയോഗം നിര്‍ദ്ദേശം നല്‍കി. സന്‍സദ് ആദര്‍ശ് ഗ്രാമം യോജന പദ്ധതിയില്‍ ജില്ലയിലെ എം.പി.മാര്‍ ദത്തെടുത്ത പഞ്ചായത്തുകള്‍ക്ക് എല്ലാ വകുപ്പുകളും പ്രത്യേക പരിഗണന നല്‍കണമെന്നും സമിതി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ ബിജു പ്രഭാകര്‍ നിര്‍ദ്ദേശിച്ചു. പാലങ്ങളുടെ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച നടപടികള്‍ക്ക് മുന്‍ഗണന നല്‍കണം. പുകയില നിയന്ത്രണനിയമം ജില്ലയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലും പുകവലി നിയന്ത്രിക്കണമെന്നും പുകവലിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാനും യോഗം തീരുമാനമെടുത്തു.
പല സ്‌കൂളുകളിലും കൃത്യമായ ശൗചാലയങ്ങളില്ലെന്നും, ഉള്ളവ വിദ്യാര്‍ഥികള്‍ക്കായി തുറന്നുകൊടുക്കുന്നില്ലെന്നും പരാതിയുയര്‍ന്നതിനെത്തു!ടര്‍ന്നാണ് പരിശോധനകള്‍ നടത്തി നടപടിയെടുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും നിര്‍ദേശിച്ചത്. ആദര്‍ശ് ഗ്രാമം പദ്ധതിയില്‍ ദത്തെടുത്ത കോട്ടുകാല്‍, അഞ്ചുതെങ്ങ്, കള്ളിക്കാട്, ആര്യനാട് എന്നീ പഞ്ചായത്തുകളെ മാതൃകാഗ്രാമങ്ങളാക്കി മാറ്റാന്‍ എല്ലാ വകുപ്പുകളും പ്രത്യേക പരിഗണന നല്‍കണം. അടുത്ത പദ്ധതിവിഹിതത്തില്‍ ഈ പഞ്ചായത്തുകളില്‍ ആവശ്യമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ നടപടി സ്വീകരിക്കും.
. നഗരത്തില്‍ കൂടുതല്‍ ജലവിതരണ കേന്ദ്രങ്ങള്‍ (ഡിസ്‌പെന്‍സിങ് പോയിന്റുകള്‍) തുടങ്ങാനുള്ള സാധ്യത പരിശോധിക്കണമെന്ന് യോഗം ജല അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു. പുന്നയ്ക്കാമുകള്‍ കൊട്ടൂര്‍ക്കോണം കുളത്തിലേക്ക് കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്ന ലൈനുകള്‍ അടയ്ക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കാന്‍ യോഗം നിര്‍ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, ജമീലാ പ്രകാശം എം.എല്‍.എ, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ പ്രതിനിധി സോമശേഖരന്‍ നായര്‍, ഡോ. എ. സമ്പത്ത് എം.പി.യുടെ പ്രതിനിധി ജാഹിര്‍ ഹുസൈന്‍, വി.ശിവന്‍കുട്ടി എം.എല്‍.എ.യുടെ പ്രതിനിധി ശ്രീവത്സകുമാര്‍, ബി.സത്യന്‍ എം.എല്‍.എ.യുടെ പ്രതിനിധി രാജീവ്, എ.ഡി.എം. വി.ആര്‍. വിനോദ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.ഇ. ശാന്തി തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram