റോഡ് സുരക്ഷാ ഹാക്കത്തോണിന് തുടക്കമായി

Posted on: 23 Aug 2015കഴക്കൂട്ടം: റോഡ് സുരക്ഷയ്ക്ക് പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള ഹാക്കത്തോണിന് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി. കോളേജ് വിദ്യാര്‍ത്ഥികളടക്കം 180 ഓളം പേരാണ് ഹാക്കത്തോണില്‍ പങ്കെടുക്കുന്നത്. നാല്‍പ്പത്തിയഞ്ച് ടീമുകളായി തിരിഞ്ഞാണ് ഇവര്‍ പദ്ധതികള്‍ തയാറാക്കുന്നത്. റോഡ് സുരക്ഷയ്ക്ക് വേണ്ടി നടത്തുന്ന രാജ്യത്തെ തന്നെ ആദ്യ ഹാക്കത്തോണാണ് ഇത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ഹാക്കത്തോണിന് തുടക്കമായത്. 24 മണിക്കൂറാണ് സമയം. വിശ്രമമില്ലാതെ ഞായറാഴ്ച ഉച്ചവരെ ജോലിചെയ്യും. റോഡ് സുരക്ഷയ്ക്ക് സഹായകമാകുന്ന ഹാര്‍ഡ് വെയറുകളും സോഫ്റ്റുവെയറുകളും ആപ്ലിക്കേഷനുകളുമാണ് ഇവര്‍ ഉണ്ടാക്കുന്നത്. ഹാര്‍ഡ് വെയര്‍ വിഭാഗത്തില്‍ ഒമ്പത് ടീമുകളാണ് ഉള്ളത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള അപകട രക്ഷാ ആശയങ്ങള്‍വരെ വിവിധ ടീമുകള്‍ ഒരുക്കുന്നുണ്ട്.
കേരള റോഡ് സേഫ്റ്റി അതോറിട്ടി ലോകബാങ്കിന്റെയും ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെയും സഹകരണത്തോടെയാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.
സംസ്ഥാന സുരക്ഷാ കമ്മിഷന്‍ ചെയര്‍മാന്‍ പി.കെ.ഹോര്‍മിസ് തരകന്‍ ഉദ്ഘാടനം ചെയ്തു. ഡി.ജി.പി. ലോക്‌നാഥ്‌ െബഹ്‌റ അധ്യക്ഷനായിരുന്നു. ലോകബാങ്ക് ലീഡ് ട്രാന്‍സ്‌പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ് അര്‍ണാബ് ബന്ധോപാദ്ധ്യായ, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കുഞ്ചറിയ പി.ഐസക്, റോഡ് സേഫ്റ്റി കമ്മീഷണര്‍ ആര്‍.ശ്രീലേഖ, ലോകബാങ്ക് പ്രതിനിധി അലക്‌സാണ്ടര്‍ സെബാസ്റ്റ്യന്‍ ഓര്‍, ജി.ടെക് സെക്രട്ടറി ബിനു ജേക്കബ് എന്നിവര്‍ സംസാരിച്ചു.
മികച്ച സാങ്കേതികവിദ്യകളും ആശയങ്ങളും വികസിപ്പിക്കുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കും. ഒന്നാം സമ്മാനം 1,90,000 രൂപയും രണ്ടാം സമ്മാനം 95,000 രൂപയും ആണ്.

More Citizen News - Thiruvananthapuram