കരുംകുളത്ത് വൈദ്യുതത്തൂണ്‍ തകര്‍ന്നുവീണു; വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

Posted on: 23 Aug 2015ഗതാഗതം തടസപ്പെട്ടു


പൂവാര്‍:
കരുംകുളത്ത് വൈദ്യുതത്തൂണ്‍ റോഡിലേക്ക് വീണുവെങ്കിലും വന്‍ ദുരന്തമൊഴിവായി. വാഹനങ്ങള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വിഴിഞ്ഞം പൂവാര്‍ റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കരുംകുളത്തിനും കല്ലുമുക്കിനും ഇടക്കാണ് 11 കെ.വി. ലൈന്‍ കടന്നുപോകുന്ന ഇരുമ്പ് തൂണ് വീണത്. തൂണിന്റെ മുകള്‍ഭാഗം പൂര്‍ണമായും തുരുമ്പിച്ച് ദ്രവിച്ചിരുന്നു. ഈഭാഗമാണ് തകര്‍ന്ന് റോഡിലേക്ക് പതിച്ചത്. ഈസമയം റോഡിലൂടെ വാഹനങ്ങളും എത്തി. എന്നാല്‍ ആദ്യം എത്തിയ കെ.എസ്. ആര്‍.ടി.സി. ബസ് ഡ്രൈവര്‍ തൂണ് തകര്‍ന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ ബസ് നിര്‍ത്തി. അതിനാല്‍ വന്‍ദുരന്തം ഒഴിവായി. തുടര്‍ന്ന് കെ.എസ്.ഇ.ബി. അധികൃതരെത്തി വൈദ്യുതബന്ധം വിച്ഛേദിച്ചു.
വൈദ്യുതത്തൂണ് ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് വിഴിഞ്ഞം പൂവാര്‍ തീരദേശ റോഡില്‍ ശനിയാഴ്ച രാവിലെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. കെ.എസ്.ഇ.ബി. അധികൃതരുടെ അനാസ്ഥയാണ് വൈദ്യുതത്തൂണ് തകരാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇവിടെ അറ്റകുറ്റപ്പണികളും യഥാസമയം ചെയ്യാറില്ല. അതാണ് 11 കെ.വി. ലൈന്‍ കടന്നുപോകുന്ന തൂണ് തകര്‍ന്ന് വീണതെന്നും ആക്ഷേപമുയരുന്നു. കൂടാതെ ഇത്തരത്തിലുള്ള നിരവധി വൈദ്യുതത്തൂണുകള്‍ തീരദേശത്തുണ്ട്.

More Citizen News - Thiruvananthapuram