ബിജു പ്രഭാകറിനെ ശിശുക്ഷേമസമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് സമിതി പ്രസിഡന്റ് ചെമ്പഴന്തി അനില്‍

Posted on: 23 Aug 2015



തിരുവനന്തപുരം: ജില്ലാ കളക്ടര്‍ ബിജുപ്രഭാകറിനെ ശിശുക്ഷേമ സമിതിയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് സംസ്ഥാന ശിശുക്ഷേമ സംരക്ഷണ സമിതി പ്രസിഡന്റ് ചെമ്പഴന്തി അനില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരമാണ് ശിശുക്ഷേമ സംരക്ഷണ സമിതിയുടെ ചുമതലയേറ്റത്. എന്നാല്‍ അധികാരമുപയോഗിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് തുടരുകയാണെന്ന് അനില്‍ പറഞ്ഞു.
വിജിലന്‍സിന്റെ ക്വിക് വേരിഫിക്കേഷന്‍ നേരിടുന്ന കളക്ടര്‍ സമിതിയിലെ ബില്ലുകളും വൗച്ചറുകളും നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ജോര്‍ദാന്‍ ദമ്പതിമാര്‍ക്ക് കുട്ടിയെ ദത്ത് നല്‍കിയത് ഇത്രയുംനാള്‍ ഒളിപ്പിച്ചു വെക്കുകയായിരുന്നെന്നും തനിക്കെതിരെയുള്ള ആരോപണങ്ങളെ മറികടക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. സമിതി അഡ്മിനിസ്‌ട്രേറ്ററായിരുന്ന പി.ശശിധരന്റെ അഴിമതിക്ക് അനുകൂല വിധി സമ്പാദിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും സര്‍ക്കാര്‍ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും അനില്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ സംസ്ഥാന ശിശുക്ഷേമ സംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി സുനില്‍ സി. കുര്യനും പങ്കെടുത്തു.

More Citizen News - Thiruvananthapuram