ഓണവില്ലുകള്‍ പാടുന്നു, അഴിമതിക്കഥകള്‍

Posted on: 23 Aug 2015ഭഗവാനേ ശ്രീപദ്മനാഭാ,
കള്ളവും ചതിയുമില്ലാത്ത, പൊളിവചനം എള്ളോളമില്ലാത്ത ഒരുനല്ലകാലത്തിന്റെ ഓര്‍മപ്പെരുന്നാളായ ഈ ഓണക്കാലത്ത് അങ്ങയുടെ സവിധത്തില്‍ നടക്കുന്ന അഴിമതിയുടെ മണമുള്ള കഥ പറയേണ്ടിവന്നതില്‍ ഈയുള്ളവനോട് ക്ഷമിക്കണം. പലതരം കൊള്ളകള്‍ക്കും പേരുകേട്ട ഈ തീര്‍ത്ഥത്തിന്റെ കരയില്‍ നടക്കുന്ന ഈ സ്‌പെഷ്യല്‍ ഓണക്കൊള്ളയുടെ കഥ പറയാതിരിക്കാന്‍ നിവൃത്തിയില്ല. ഒന്നോര്‍ത്താല്‍ ഭഗവാന, ഈ ഓണത്തിനുമുണ്ടല്ലോ ആര്‍ത്തിയുടെയും ഗൂഢാലോചനയുടെയും പശ്ചാത്തലം.
ചില രാജ്യങ്ങളുടെ ഭരണം അട്ടിമറിക്കാന്‍ അമേരിക്ക ഗൂഢാലോചന നടത്തുന്നതുപോലെ മാവേലിയുടെ മുന്നാംലോക സദ്ഭരണം അവസാനിപ്പിക്കാന്‍ ദേവലോകം നടത്തിയ ഗൂഢാലോചനയാണല്ലോ മഹാവിഷ്ണു വേഷംകെട്ടി വരുവാനും മൂന്ന് സെന്റ് മാവേലിയോട് ഇരക്കാനുമൊക്കെ കാരണം. ചോദിച്ചതെല്ലാം കൊടുത്ത മാവേലിയെ വാമനന്‍ ശിരസ്സാ 'വഹിച്ചു.' ശിരസ്സില്‍ത്തന്നെ ചവിട്ടി പാതാളത്തിലേക്ക് താഴ്ത്തി. ധര്‍മിഷ്ടനായ മാവേലി ഒരു പ്രതിഷേധവുമില്ലാതെ ഈ ഗൂഢാലോചനയ്ക്ക് കീഴടങ്ങി. വര്‍ഷത്തിലൊരിക്കല്‍ നാട്ടിലെ പ്രജകളെ കാണാന്‍ അദൃശ്യമനുഷ്യനായി വരാന്‍ അദ്ദേഹം അവസരം ചോദിച്ചു. ഭാവിയെക്കുറിച്ച് മാവേലിയുടെ ദീര്‍ഘവീക്ഷണത്തിന് ഒരു നല്ല നമസ്‌കാരം വേണ്ടതുതന്നെ. അദ്ദേഹം അദൃശ്യനല്ലായിരുന്നെങ്കില്‍ ഇന്നാട്ടില്‍ ആളുകള്‍ ഓടിച്ചിട്ട് കല്ലെറിഞ്ഞേനെ.
വിഷ്ണുവിനോട് ചോദിച്ച വരത്തിന്റെ പകുതി മാത്രമേ ജനം അറിഞ്ഞുള്ളൂ. ചവിട്ടിത്താഴ്ത്തുമ്പോള്‍ മറ്റൊരു ആവശ്യംകൂടി മഹാബലി ചക്രവര്‍ത്തി ഉന്നയിച്ചു. മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണം. വര്‍ഷത്തിലൊരിക്കല്‍ ഭഗവാന്റെ ദശാവതാരദര്‍ശനം സാധ്യമാക്കണം. വര്‍ഷംതോറും ലൈവായി പ്രത്യക്ഷപ്പെടാന്‍ സമയക്കുറവുമൂലം സാധിക്കാത്ത ഭഗവാന്‍ ഒരുപായം മുന്നോട്ടുവെച്ചു. നോ ഒര്‍ജിനല്‍, ഒണ്‍ലി പെയിന്റിങ്. അതായത് മഹാബലി വരുമ്പോള്‍ ഭഗവാന്റെ സന്നിധിയില്‍ ദശാവതാരത്തിന്റെ പെയിന്റിങ് കാണും. കലാപ്രേമിയായ മാവേലിക്കും അത് സമ്മതമായി. ഉടന്‍തന്നെ ദേവലോകത്തെ ആസ്ഥാനചിത്രകാരനും ശില്പിയുമായ വിശ്വകര്‍മാവിന് ഭഗവാന്‍ ഒരു ദശാവതാര പെയിന്റിങ്ങിന് ഓര്‍ഡര്‍ കൊടുത്തു. അങ്ങനെ കടമ്പ് വൃക്ഷത്തിന്റെ വില്ലിന്റെ ആകൃതിയിലുള്ള പലകയില്‍ വിശ്വകര്‍മാവ് വരച്ച ചിത്രമാണ് ഓണവില്ലായതത്രെ. ഭഗവാനും മഹാബലിയുമായുള്ള ഈ ഉടമ്പടി പാലിക്കാന്‍ എല്ലാവര്‍ഷവും ചിങ്ങത്തിലെ തിരുവോണനാളില്‍ പദ്മനാഭ സ്വാമിയായ സാക്ഷാല്‍ വിഷ്ണുഭഗവാന്റെ സന്നിധിയില്‍ ഓണവില്ല് ചാര്‍ത്തും. ഭഗവാന്റെ പിറന്നാളും ചിങ്ങമാസത്തിലെ തിരുവോണ നാളിലാണല്ലോ.
വിശ്വകര്‍മാവ് സൃഷ്ടിച്ച ഓണവില്ലിന് പദ്മനാഭന്റെ നാട്ടിലെ ഫ്രാഞ്ചൈസി കരമന വാണിയംമൂലം വിളയില്‍ വീട്ടില്‍ കുടുംബത്തിനാണ് കിട്ടിയത്. ഇവര്‍ നിര്‍മിച്ച് ശ്രീപദ്മനാഭസ്വാമിക്കും ഉപദേവന്‍മാര്‍ക്കും സമര്‍പ്പിക്കുന്ന വില്ലുകള്‍ ഓണം കഴിഞ്ഞ് രാജകുടുംബത്തിന് നല്‍കും. 12 ഓണവില്ലുകളാണ് ഇത്തരത്തില്‍ പൂജിക്കുന്നത്. ക്ഷേത്രത്തിലും അഭിശ്രവണ മണ്ഡപത്തിലും ഓണനാളില്‍ പൂജിക്കുന്ന വില്ലുകളാണ് മുന്‍കൂട്ടി ബുക്ക് ചെയ്ത പ്രകാരം ഭക്തര്‍ക്ക് നല്‍കുന്നത്. ഓണവില്ലിന്റെ നിര്‍മാണം ഓണപ്പന്ത് കളിയല്ല. അതിന് ചില ആചാരവും വിശ്വാസവും പണ്ടുമുതല്‍ക്കുണ്ട്. 41 ദിവസത്തെ വ്രതം നോറ്റാണ് വില്ലുകള്‍ പാരമ്പര്യമായി നിര്‍മിച്ചിരുന്നത്.
ശ്രീപദ്മനാഭന്റെ പൂജിച്ച പ്രസാദം തങ്ങളുടെ വീടുകള്‍ക്ക് അനുഗ്രഹമാകട്ടെ എന്ന് സാധാരണക്കാരന്‍ ആഗ്രഹിച്ചു പോയാല്‍ അത്ഭുതപ്പെടാനുണ്ടോ. മഹാനിധിയുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. അങ്ങിനെയാണ് പൂജിച്ച ഓണവില്ലുകള്‍ വീടുകളില്‍ സൂക്ഷിക്കാന്‍ ഭക്തര്‍ ആവശ്യപ്പെട്ടു തുടങ്ങിയത്. അത് ക്ഷേത്രത്തില്‍ നിന്ന് വില്‍ക്കാന്‍ തുടങ്ങി. വര്‍ഷം 2000 മുതല്‍ 3000 വരെ വില്ലുകള്‍ പുറത്തേക്ക് നല്‍കിയിരുന്നു. പാരമ്പര്യ നിര്‍മാതാക്കള്‍ തന്നെയായിരുന്നു ആചാരപ്രകാരം ഓണവില്ലുകള്‍ നിര്‍മിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഈ കുടുംബത്തിന് വില്ല് നിര്‍മാണത്തിന് വിലക്കുവീണു. രാജകുടുംബത്തിന് നല്‍കേണ്ട 12 വില്ലുകള്‍ മാത്രം ഇവര്‍ നിര്‍മിച്ചാല്‍ മതിയെന്നാണത്രെ ഉദ്യോഗസ്ഥ കല്‍പ്പന. ഭക്തര്‍ ആഗ്രഹത്തോടെ വാങ്ങുന്ന ശേഷിച്ച വില്ലുകള്‍ തങ്ങള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് കഴിഞ്ഞവര്‍ഷം തന്നെ അവര്‍ തെളിയിച്ചു. അതിന് പിന്നിലെ കച്ചവടസാധ്യതയും നാണയക്കിലുക്കവും അവര്‍ മുന്‍കൂട്ടി കണ്ടിരുന്നു.
കരമനയിലെ നിര്‍മാതാക്കള്‍ക്ക് 525 രൂപയാണ് ഒരു ഓണവില്ല് തയ്യാറാക്കാന്‍ ക്ഷേത്രത്തില്‍ നിന്ന് നല്‍കുന്നത്. വില്ലൊന്നിന് 2000 രൂപ നിരക്കിലാണ് ക്ഷേത്രത്തില്‍ പുറത്തേക്ക് വില്‍ക്കുന്നത്. ഈ മറുകച്ചവടത്തില്‍ പാരമ്പര്യനിര്‍മാതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അവരും പുറം കച്ചവടം നടത്തുന്നുവെന്നാണ് ക്ഷേത്രസമിതിയുടെ ആരോപണം. നിശ്ചിത എണ്ണം ഓണവില്ല് നിര്‍മിച്ച് നല്‍കണമെന്നും പുറം വില്‍പ്പന നിര്‍ത്തണമെന്നും നിര്‍മാതാക്കളോട് ആവശ്യപ്പെട്ടതായും അവര്‍ തയ്യാറാകാത്തതിനാലാണ് സ്വയം നിര്‍മാണത്തിന് തുനിഞ്ഞതെന്നുമാണ് ക്ഷേത്രസമിതി പറയുന്നത്. രണ്ടായാലും കാര്യം വില്‍പ്പന തന്നെ. ആചാരത്തിന് എന്ത് വില? ആരെക്കൊണ്ടെങ്കിലും എങ്ങനെയെങ്കിലും വരപ്പിക്കുക. പാവപ്പെട്ടവര്‍ എന്ത് വിലകൊടുത്തും ഇത് വാങ്ങി പൂജിച്ച് നിര്‍വൃതി അടയും. ലാഭം കൂടുമെന്ന് കണ്ടാല്‍ അടുത്ത ഓണത്തിന് ഇവര്‍ ഓണവില്ലുണ്ടാക്കാന്‍ ചൈനക്ക് ഓര്‍ഡര്‍ കൊടുക്കും. ഓണവില്ല് -മെയ്ഡ് ഇന്‍ ചൈന! ശ്രീപദ്മനാഭാ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍തന്നെ അറിയുന്നില്ല. ക്ഷേത്രം ഭരിച്ച് ഭരിച്ച് ഓണവില്ലിന്റെ മഹിമയും ഇവര്‍ കെടുത്തിയല്ലോ.
ക്ഷേത്രാചാരങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നടപടി ആരംഭിച്ചിട്ട് നാളുകളായി. ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭരണസാമര്‍ഥ്യമാണ് ഇതിന് പിന്നില്‍. ഭരണം സംബന്ധിച്ച് സുപ്രീം കോടതിക്ക് മുന്നില്‍ മാത്രം മറുപടി പറഞ്ഞാല്‍ മതിയെന്ന ഹുങ്കാണ് ഇതിനൊക്കെയും പിന്‍ബലമാകുന്നത്. പുതിയ നിയമനങ്ങള്‍ നടത്തിയത് ഭരണസമിതി അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പദ്മതീര്‍ഥക്കുളം നവീകരണത്തിലും ജില്ലാ ഭരണകൂടവും ഈ ഉദ്യോഗസ്ഥനും ഇടഞ്ഞിരുന്നു. ഫലമോ കുളം നവീകരണം തുടക്കത്തിലേ മുടങ്ങി.
ശ്രീപദ്മനാഭാ, പ്രിയകവി ഒ.എന്‍.വി. പാടിയ രണ്ട് വരികളാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്. ഓണവില്ലുകള്‍ പാടി, ഓരോ കഥകള്‍ പാടി..അതെയതെ. ഇപ്പോള്‍ കേള്‍ക്കുന്നത് അഴിമതിയുടെ കഥകളാണെന്നേയുള്ളൂ. ശ്രീപദ്മനാഭാ എങ്ങനെയുണ്ട് പുത്തി? ഇങ്ങനെപോയാല്‍ ഇവര്‍ അങ്ങയെയും വില്‍ക്കും.
വാല്‍ക്കഷണം: എന്തരെടേ ശിവാ, ശ്രീപദ്മനാഭന്റെ ഓണവില്ലിലും മറിമായമെന്ന് കേക്കണല്ല്.
തന്നെതന്നെ. നിലവറയിലെ മഹാനിധിയിലും ഇനി മുക്കുപണ്ടം വരും അണ്ണാ!

More Citizen News - Thiruvananthapuram