കീഴാറൂര്‍-അരുവിക്കര റോഡില്‍ അപകടക്കെണി

Posted on: 23 Aug 2015കീഴാറൂര്‍: മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന കീഴാറൂര്‍-അരുവിക്കര റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും നവീകരണ ജോലികള്‍ വൈകുന്നതായി ആക്ഷേപം.
മലയോരമേഖലയിലെ പ്രധാന ഇടറോഡുകളില്‍ ഒന്നാണിത്. റോഡിന്റെ പലഭാഗത്തും ടാര്‍ ഇളകി മാറി വന്‍കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവയില്‍ ചില കുഴികളില്‍ മണ്ണ് കലര്‍ന്ന പാറപ്പൊടിയിട്ട് മൂടിയെങ്കിലും മഴയത്ത് ഇവ ഒലിച്ചുപോകും. ഇക്കാരണത്താല്‍ രാത്രിയില്‍ പലപ്പോഴും ഇവിടെ അപകടങ്ങളും ഉണ്ടാകുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സി. ബസുകളും സ്‌കൂള്‍ വാനുകളും മറ്റ് സമാന്തര സര്‍വീസുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ദിവസേന ഇതുവഴി കടന്നുപോകുന്നുണ്ട്. കൂടാതെ മറ്റ് മലയോരഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ക്ക് എളുപ്പമാര്‍ഗത്തില്‍ ഈ റോഡിലൂടെ നഗരത്തിലെത്താന്‍ കഴിയുമെന്നതിനാല്‍ ഇതുവഴിയുളള തിരക്കും നാള്‍ക്കുനാള്‍ പെരുകുന്നുണ്ട്.
വന്‍കിട ക്രഷര്‍യൂണിറ്റുകളില്‍ നിന്ന് അമിത അളവില്‍ നിര്‍മാണവസ്തുക്കള്‍ കയറ്റി ടിപ്പര്‍ലോറികള്‍ സഞ്ചരിക്കുന്നതാണ് റോഡ് പൊട്ടിപ്പൊളിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡിലെ ചല്ലി ഇളകി തെറിക്കുന്നതും, പൊടിപടലം വന്‍തോതില്‍ ഉയര്‍ന്ന് പൊങ്ങുന്നതും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
ടിപ്പറുകളുടെ പരക്കംപാച്ചില്‍ ഈ വഴിയില്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കും കാല്‍നടക്കാര്‍ക്കും അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആഴ്ചകള്‍ക്ക് മുമ്പ് കീഴാറൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചിരുന്നു. ഈ റൂട്ടില്‍ ടിപ്പര്‍ലോറികളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

More Citizen News - Thiruvananthapuram