ഉച്ചയ്ക്ക് ശേഷം ഒ.പി.യില്‍ ഡോക്ടര്‍മാരില്ല; ഓപ്പറേഷന്‍ തീയറ്റര്‍ പൂട്ടിയിട്ടിട്ട് ആറ് മാസം

Posted on: 23 Aug 2015നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ പൂട്ടിയിട്ടിട്ട് ആറ് മാസം കഴിഞ്ഞു. ഇത് കാരണം ആശുപത്രിയിലെ മേജര്‍ ശസ്ത്രക്രിയകളെല്ലാം മാറ്റിവെയ്ക്കുകയാണ്. ഉച്ചയ്ക്കുശേഷം ഒ.പി.യില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്ന പരാതിയും ഉണ്ട്.
ആറ് മാസം മുന്‍പാണ് അറ്റകുറ്റപ്പണികളുടെ പേരില്‍ മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍ പൂട്ടിയത്. ഇതോടെ മേജര്‍ ശസ്ത്രക്രികളെല്ലാം ഇവിടെ നിന്നും മാറ്റി. പകരം അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയ മാത്രമാണ് നടത്തുന്നത്. ഇതിനായി അത്യാഹിത വിഭാഗത്തിലെ ഓപ്പറേഷന്‍ തീയറ്ററാണ് ഉപയോഗിക്കുന്നത്.
ഇതുവരെ ഓപ്പറേഷന്‍ തിയറ്ററിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ പോലും ആരോഗ്യവകുപ്പിനായിട്ടില്ല. അടച്ചുപൂട്ടി ആറ് മാസം പിന്നിടുമ്പോള്‍ ടെന്‍ഡര്‍ നടപടി പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അറ്റകുറ്റപ്പണികള്‍ നടത്താന്‍ 25 ലക്ഷം രൂപ അനുവദിക്കുക മാത്രമാണ് ആരോഗ്യവകുപ്പ് ചെയ്തത്.
ഒരു വശത്ത് ഓപ്പറേഷന്‍ തീയറ്റര്‍ പൂട്ടിയിട്ടിരിക്കുമ്പോള്‍ മറുവശത്ത് സര്‍ജറി വിഭാഗത്തില്‍ ഡോക്ടര്‍മാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട സര്‍ജറി വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഉള്ളത്. ആറ് ഡോക്ടര്‍മാര്‍ വേണ്ടിടത്താണ് രണ്ട് പേരെ മാത്രംവെച്ച് ശസ്ത്രക്രിയകള്‍ നടത്തേണ്ടി വരുന്നത്. സര്‍ജറി വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ കുറയുന്നത് കാരണം അടിയന്തരമായി നടത്തേണ്ട ശസ്ത്രക്രിയകള്‍ ഒഴിച്ചുള്ളവ മാറ്റിവെയ്ക്കുകയാണ്.
ശസ്ത്രക്രിയ നടത്തണമെങ്കില്‍ അനസ്‌ത്യേഷ്യ ഡോക്ടര്‍മാരും വേണം. ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയിട്ടും അനസ്‌ത്യേഷ്യ വിഭാഗത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഉള്ളത്. ഈ ഡോക്ടര്‍ അവധിയെടുത്താല്‍ ശസ്ത്രക്രിയ മാറ്റിവെയ്ക്കുകയെ നിവൃത്തിയുള്ളൂ. ഡോക്ടര്‍മാരുടെ കുറവ് രൂക്ഷമായി അനുഭവപ്പെടുമ്പോഴും ഉച്ചയ്ക്ക് ശേഷം ഒ.പി.യില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭിക്കാറില്ലെന്ന പരാതിയുണ്ട്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഒ.പി. പരിശോധനാ സമയം രാവിലെ 8 മുതല്‍ രാത്രി 7 വരെയാണ്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം സ്‌പെഷ്യാലിറ്റി ഒ.പി.യില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാറില്ല.
ഞായറാഴ്ച ഒഴിച്ച് എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഒ.പി.കള്‍ പ്രവര്‍ത്തിക്കും. എട്ട് സ്‌പെഷ്യലിസ്റ്റ് ഒ.പി.കളാണ് ആശുപത്രിയില്‍ ഉള്ളത്. എന്നാല്‍ ഇവയില്‍ ഒന്നും ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തിക്കാറില്ല. ഒ.പി. സമയം രാത്രി 7 വരെയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ഉച്ചയ്ക്ക് ശേഷം ലഭിക്കാത്തത് കാരണം എന്‍.ആര്‍.എച്ച്.എം. വഴി താത്കാലിക നിയമനം ലഭിച്ച എം.ബി.ബി.എസ്. ബിരുദം മാത്രമുള്ള ഡോക്ടര്‍മാരാണ് രോഗികളെ പരിശോധിക്കുന്നത്. ഇവര്‍ തന്നെയാണ് രാത്രി 7 മണി കഴിഞ്ഞാല്‍ അത്യാഹിത വിഭാഗത്തിലും.

More Citizen News - Thiruvananthapuram