വനിതാ സംരംഭകര്‍ക്കായി വി മിഷന്‍: ഒന്നാം ഘട്ടം പൂര്‍ത്തിയായി

Posted on: 23 Aug 2015


ആര്‍.ആതിരതിരുവനന്തപുരം: വനിതാ സംരംഭകര്‍ക്കായി സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ െഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി.)ആരംഭിച്ച വി മിഷന്‍ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാകുന്നു. വനിതാ സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തിലൂടെയാണ് പദ്ധതി ആരംഭിച്ചത്. ജില്ലാതല സംരംഭക മീറ്റുകളാണ് പദ്ധതിയുടെ ഭാഗമായി ആദ്യം സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുത്തവര്‍ക്ക് ചോദ്യാവലി നല്‍കിയിരുന്നു. ഇതിന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് എന്തൊക്കെ കാര്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് തീരുമാനിക്കുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം പേര്‍ക്ക് പ്രയോജനകരമാകത്തക്ക തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വനിതകളുടെ ഉടമസ്ഥതയിലുള്ള 25 സ്ഥാപനങ്ങള്‍ തിരഞ്ഞെടുത്ത് അവയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാക്കുന്നതിനുള്ള നടപടികള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പാക്കും.
പുതുതായി സംരംഭങ്ങള്‍ തുടങ്ങുന്നവരെക്കാള്‍ പരിഗണന ഇപ്പോള്‍ സംരംഭം നടത്തുന്നവര്‍ക്കാണ് ലഭിക്കുക. സംരംഭം അഭിവൃദ്ധിപ്പെടുത്തുന്നതിനോ ഉപകരണങ്ങള്‍ വാങ്ങുന്നതിനോ ആവശ്യമായ സാമ്പത്തിക സഹായമാണ് നല്‍കുന്നത്. സംരംഭത്തിന്‍ എഴുപത്തഞ്ച് ശതമാനം വായ്പയായി നല്‍കും. 25 ലക്ഷം വരെ മാത്രമെ വായ്പ ലഭിക്കുകയുള്ളൂ.
സംരംഭകരാകാന്‍ താത്പര്യമുള്ള വനിതകള്‍ക്ക് വ്യവസായം തുടങ്ങാനുള്ള ഉപദേശ നിര്‍ദേശങ്ങള്‍, ഫണ്ട് ലഭിക്കാനുള്ള വഴികള്‍, വിജയമാതൃകകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം മനസ്സിലാക്കാനുള്ള അവസരം, വിപണനത്തിനുള്ള സഹായങ്ങള്‍ തുടങ്ങിയവയെല്ലാം ലഭ്യമാക്കുകയും ഈ മേഖലയിലുള്ളവരുമായി മികച്ച രീതിയില്‍ ബന്ധം സ്ഥാപിക്കാന്‍ അവസരമൊരുക്കുകയെന്നതും പരിപാടിയുടെ ലക്ഷ്യങ്ങളാണ്.
വി മിഷന്റെ ഭാഗമായി നവംബറില്‍ വനിതാ സംരംഭകരുടെ സമ്മേളനം നടത്താനും കോര്‍പ്പറേഷന്‍ അലോചിക്കുന്നുണ്ട്. ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇവരുടെ നിര്‍ദേശങ്ങളും അനുഭവങ്ങളും സംരംഭകര്‍ക്കായി പങ്കുവെക്കുന്നതിന് അവസരമൊരുക്കുന്നതിനാണ് സമ്മേളനം.

More Citizen News - Thiruvananthapuram