'പുഴപോലവള്‍' കാണാന്‍ ആദിവാസികളെത്തി

Posted on: 23 Aug 2015തിരുവനന്തപുരം: കാടിന്റെ മക്കള്‍ ഒരുമിച്ച് നിളാ തിയേറ്ററിലെത്തി. ആദ്യമായി അഭിനയിച്ച സിനിമ കാണാനെത്തിയതിന്റെ സന്തോഷവും ആകാംഷയും അവരില്‍ പലരുടെയും മുഖത്തുണ്ടായിരുന്നു. പ്രസാദ് ജി. എഡ്വേര്‍ഡ് സംവിധാനം ചെയ്ത 'പുഴപോലവള്‍' എന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാനെത്തിയതായിരുന്നു അവര്‍. കോട്ടൂരില്‍ നിന്നുള്ള കാണി വര്‍ഗത്തിലെ സ്ത്രീകളും കുട്ടികളുമടക്കം മുപ്പതോളം പേരാണ് സിനിമ കാണാനെത്തിയത്. സിനിമയിലെ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആദിവാസി ഊരുകളില്‍ നിന്നുള്ളവരാണ്.
കാട്ടിനുള്ളിലെ ഏകാധ്യാപക വിദ്യാലയത്തിലെ ആനി എന്ന അധ്യാപികയെ മുഖ്യ കഥാപാത്രമാക്കിയാണ് സിനിമ. സ്‌കൂളിലേക്കുള്ള യാത്രയില്‍ ഒരു ദിവസം ആനിക്ക് നേരിടേണ്ടിവന്ന ദുരന്തമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരുപാട് ദുരിതമനുഭവിച്ച് ഏകാധ്യാപക വിദ്യാലയങ്ങളിലെത്തുന്ന അധ്യാപകരുണ്ട്. അവരുടെ സാമൂഹ്യ സേവനം ആരും അറിയാതെ പോകുന്നു. അതിനാലാണ് സാമൂഹ്യപ്രതിബദ്ധതയുള്ള ഇത്തരമൊരു ചിത്രമെടുത്തതെന്ന് സംവിധായകന്‍ പ്രസാദ് ജി. എഡ്വേര്‍ഡ് പറഞ്ഞു.
ഈ ഒരു ചിത്രം കൊണ്ട് തങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പുറത്ത് വരില്ലെന്ന് ആദിവാസി ഊരില്‍ നിന്നെത്തിയ സുനില്‍കുമാര്‍ പറഞ്ഞു. ബോസ് എന്റര്‍ടെയ്‌നേഴ്‌സിന്റെ ബാനറില്‍ വിന്‍സെന്റ് ബോസ് മാത്യുവാണ് ചിത്രം നിര്‍മിച്ചത്. ഗോപികാ സുരേഷാണ് അധ്യാപികയുടെ വേഷത്തിലെത്തുന്നത്.


More Citizen News - Thiruvananthapuram