സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വന്‍ സാമ്പത്തിക ക്രമക്കേടെന്ന് എ.ജി.

Posted on: 23 Aug 2015


അനീഷ് ജേക്കബ്‌തിരുവനന്തപുരം: സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന സോഫ്റ്റ് വെയറിന് മുടക്കിയത് 99.97 ലക്ഷം രൂപ. ഒരേ ദിവസം തന്നെ വാങ്ങിയതില്‍ പഴയ തലമുറ കമ്പ്യൂട്ടറുകള്‍ക്ക് നല്‍കിയത് പുതുതലമുറ കമ്പ്യൂട്ടറുകളെക്കാള്‍ കൂടിയ വിലയും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വന്‍ ക്രമക്കേട് നടന്നെന്നാണ് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട്. 2013-14 ലെ
എ.ഐ.സി.ടി.ഇ. യുടെ വെബ്‌സൈറ്റില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യേണ്ട മാറ്റ്‌ലാബ് എന്ന സോഫ്റ്റ് വെയറാണ് ഒരു കോടിയോളം രൂപ മുടക്കി സര്‍ക്കാര്‍ വാങ്ങിയത്. ഇത് സൗജന്യമായി ലഭ്യമാണെന്നും വിലകൊടുത്ത് വാങ്ങേണ്ടതില്ലെന്നും പോളിടെക്‌നിക്കുകളിലെ കരിക്കുലത്തിന്റെ ചുമതലയുള്ള ജോയിന്റ് ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അത് കണക്കിലെടുത്തില്ല.
10 ലക്ഷംരൂപയ്ക്ക് മുകളില്‍ വരുന്ന സോഫ്‌റ്റ്വെയറുകള്‍ വാങ്ങുന്നതിന് ഐ.ടി. വകുപ്പിന്റെ അനുമതി വേണമെന്നും അവരുടെ പ്രതിനിധി പര്‍ച്ചേസ് കമ്മിറ്റിയില്‍ വേണമെന്നും ചട്ടമുണ്ടെങ്കിലും അതെല്ലാം മറികടന്നായിരുന്നു ഈ കച്ചവടം.
34 പോളിടെക്‌നിക്കുകളില്‍ ഡീസല്‍ ജനറേറ്റര്‍ വാങ്ങുന്നതിനുള്ള ടെന്‍ഡറില്‍ കുറഞ്ഞ നിരക്ക് നല്‍കിയ കമ്പനിയെ ഒഴിവാക്കി കൂടിയ വില നല്‍കിയ കെല്ലിനാണ് കരാര്‍ നല്‍കിയത്. എന്നാല്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ ഇത് പുറത്തുനിന്ന് വാങ്ങി നല്‍കുകയായിരുന്നു.
മറ്റൊരു കമ്പനിയുടെ ജനറേറ്ററാണ് കെല്‍ നല്‍കിയത്. ടെന്‍ഡര്‍ നടപടികള്‍ ഇല്ലാതെ കരാര്‍ നല്‍കിയാല്‍ കെല്ലിന്റെ ജനറേറ്റര്‍ മാത്രമേ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വാങ്ങാനാകൂ. ഈയിനത്തില്‍ നഷ്ടം 64.92 ലക്ഷമാണ്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 31 സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ 53.68 ലക്ഷം രൂപ മുടക്കി. എന്നാല്‍ ഏതാനും ചിലതൊഴികെ ബാക്കിയെല്ലാം താമസിയാതെ പണിമുടക്കി. ഇത്രയും പണം മുടക്കി ചെയ്ത പഞ്ചിങ് സംവിധാനം പ്രയോജനപ്പെടാത്തതിലൂടെ അത് പാഴ് ചെലവായി മാറിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
കമ്പ്യൂട്ടര്‍ വാങ്ങുന്നതിന് നല്‍കിയ ഓര്‍ഡറില്‍ ഒരേ കമ്പനിയുടെ പുതുതലമുറയില്‍പ്പെട്ട കമ്പ്യൂട്ടറിനെക്കാള്‍ കൂടുതല്‍ തുക പഴയതലമുറയില്‍പ്പെട്ടതിന് നല്‍കി. ഈയിടപാടില്‍ 15.75 ലക്ഷം രൂപ നഷ്ടമായി. വിദ്യാര്‍ഥികളുടെ പ്രായോഗിക പരിശീലനത്തിനായി ഫോര്‍സ്‌ട്രോക്ക് മള്‍ട്ടി സിലിന്‍ഡര്‍ ഡീസല്‍ എന്‍ജിന് വാങ്ങിയ ഇനത്തിലുള്ള നഷ്ടം 13.76 ലക്ഷമാണ്. 15 കെ.ഡബ്ലൂു. ശേഷിയുള്ള എന്‍ജിന്‍ ടെന്‍ഡര്‍ നല്‍കിയശേഷം അതില്‍ കുറഞ്ഞ ശേഷിയുള്ള എന്‍ജിനാണ് വാങ്ങിയത്. ഇതുകാരണം ഇവ സ്റ്റോക്കില്‍ ചേര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു.
സ്റ്റോര്‍ പര്‍ച്ചേസ് ചട്ടങ്ങള്‍ മറികടന്ന് 1,400 കമ്പ്യൂട്ടര്‍ വാങ്ങിയ വകയിലെ നഷ്ടം അഞ്ച് കോടിയില്‍പ്പരം രൂപയാണ്. സിഡ്‌കൊയെയും കെല്‍ട്രോണിനെയും മുന്നില്‍ നിര്‍ത്തിയായിരുന്നു ഇവ വാങ്ങിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരും ചില പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതോദ്യോഗസ്ഥരും ഭരണതലത്തില്‍ സ്വാധീനമുള്ളവരും ചേര്‍ന്നാണ് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതെന്ന് വിമര്‍ശമുണ്ട്.
ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് വകുപ്പ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.

More Citizen News - Thiruvananthapuram