പൂക്കളത്തില്‍ നാട്ടുപൂക്കള്‍; ഓണത്തിന് വിഷരഹിതപച്ചക്കറിയുമായി ചെല്ലഞ്ചി

Posted on: 23 Aug 2015പാലോട്: മാറിയകാലത്ത് അന്യസംസ്ഥാനത്തുനിന്ന് എത്തുന്ന പച്ചക്കറികളെ അടുക്കളയില്‍നിന്നും, പൂക്കളെ പൂക്കളങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താനായി ഓണത്തിന് ചെല്ലഞ്ചിഗ്രാമം ഒരുങ്ങുന്നു. ഇക്കുറി ഓണത്തിന് മത്തനും പാവലും, പയറും, പടവലും, വെള്ളരിയും, നേന്ത്രക്കായും ഉള്‍പ്പടെ ഒട്ടുമിക്കപച്ചക്കറിളും ചെല്ലഞ്ചിയില്‍ നിന്ന് വിപണിയിലെത്തും.
മുപ്പത് ഏക്കറിലായി പതിനഞ്ച് കര്‍ഷകരും മൂന്ന് പുരുഷസംഘങ്ങളും ഇവിടെ പച്ചക്കറി, പുഷ്പ്പക്കൃഷി നടത്തുന്നുണ്ട്. നന്ദിയോട് കൃഷിഭവനാണ് ജൈവഗ്രാമം പദ്ധതിക്കുപിന്നിലുള്ളത്.
വാമനപുരം നദിയിലെ ജലസമൃദ്ധിയാണ് ചെല്ലഞ്ചിയിലെ കര്‍ഷകര്‍ക്ക് നൂറുമേനി വിളനല്‍കുന്നത്. ചെല്ലഞ്ചി പാടത്ത് പച്ചക്കറി കൃഷി നടത്തിയിരിക്കുന്ന ബാലചന്ദ്രന്‍, അമ്പു, ബാബുരാജന്‍, ആനക്കുഴിയില്‍ കൃഷിചെയ്യുന്ന ചന്ദ്രന്‍, റോബിന്‍സണ്‍, ചെല്ലഞ്ചി സ്വദേശികളായ പ്രസേനന്‍, പ്രഭാകരന്‍ നായര്‍, ആനക്കുളത്തെ ഗീത, കള്ളിപ്പാറയിലെ ശ്രീലത, ജനാര്‍ദനന്‍ നായര്‍, തെങ്ങുംകോണത്ത് അപ്പുക്കുട്ടന്‍ നായര്‍ എന്നീകര്‍ഷകരും ആനക്കുളം ബോധി, പാലോട് ചിന്ത എന്നീ പുരുഷസംഘങ്ങളുമാണ് ഏറ്റവുമധികം പച്ചക്കറിക്കൃഷിനടത്തിയിരിക്കുന്നത്.
പച്ചമുളക്, ഇഞ്ചി, വഴുതന, പാവല്‍, പടവലം, വെള്ളരി, ചേമ്പ്, ചേന,തുടങ്ങി ഇരുപതിലധികം ഇടവിള പച്ചക്കറികളാണ് ചെല്ലഞ്ചിഗ്രാമത്തില്‍വിളയുന്നത്. ഇതുകൂടാതെ നാട്ടുപൂക്കള്‍ പരമാവധി കണ്ടെത്തിസംരക്ഷിക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. സ്വന്തം ഭൂമികൂടാതെ പാട്ടത്തിനെടുത്ത ഭൂമിയിലും കൃഷിചെയ്യുന്നവരുണ്ട്. അന്‍പതിനായിരം മുതല്‍ രണ്ടു ലക്ഷം വരെയാണ് ഓരോകര്‍ഷകന്റെയും മുടക്കുമുതല്‍. രാസവളം തീരെ ഇല്ല. പകരം കോഴിക്കാരം, പച്ചിലക്കൂട്ട്, പിണ്ണാക്ക്, ചാണകം എന്നിവയാണ് വളങ്ങള്‍. കീടനാശിനികള്‍ക്കും ഇവിടെ പ്രവേശനമില്ല.
വിപണി കണ്ടെത്താനായി പേരയം, കുറുപുഴ, നന്ദിയോട് എന്നിവിടങ്ങളില്‍ അന്തിച്ചന്തയും ആരംഭിച്ചുകഴിഞ്ഞു. ഇതു കൂടാതെ വെള്ളിയാഴ്ച എട്ട് ടണ്‍ പച്ചക്കറി ഇവിടെനിന്ന് കൊച്ചിയിലെ വൈറ്റിലയിലേക്ക് കയറ്റി അയയ്ക്കുന്നുമുണ്ട്. എല്ലാ ആഴ്ചയിലും ടെക്‌നോപാര്‍ക്കിലേക്ക് നൂറ് കിറ്റ് പച്ചക്കറി ഇവിടെനിന്ന് നല്‍കുന്നു. കര്‍ഷകദിനത്തില്‍ ഇവിടെ നടന്ന പുഷ്പപ്രദര്‍ശനത്തില്‍ ഇരുന്നൂറിലധികം നാട്ടുപൂക്കളാണ് വനിതാകര്‍ഷകര്‍ പ്രദര്‍ശനത്തിനെത്തിച്ചത്. കൃഷിപാഠങ്ങള്‍ പരസ്​പരം പങ്കുെവച്ചും, കാര്‍ഷിക കൂട്ടായ്മകള്‍ സംഘടിപ്പിച്ചുമാണ് നന്ദിയേട്, ചെല്ലഞ്ചി ഗ്രാമം ഈ നേട്ടം കൈവരിച്ചത്.

More Citizen News - Thiruvananthapuram