യൗവനം പാടത്തേക്കിറങ്ങി തരിശ്ശുനിലം നെല്ലറയായി

Posted on: 23 Aug 2015നെടുമങ്ങാട്: നാല് ചുവരുകള്‍ക്കുള്ളിലെ കലാലയ പഠനത്തിനു പുറമേ പുതു തലമുറ പാടത്തേക്കിറങ്ങി. പാടം നല്‍കിയതോ നൂറുമേനി വിളവും. ചെളിയും കാടും നിറഞ്ഞു കിടന്ന തരിശ്ശുനിലത്തില്‍ വിത്തിറക്കി വിളയിച്ചെടുത്ത സ്വര്‍ണ നിറമുള്ള നെല്ക്കതിരുകള്‍ കാണാന്‍ നാട്ടുകാരും ഒപ്പം കൂടി. നെടുമങ്ങാട് സര്‍ക്കാര്‍ കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകരാണ് തൂമ്പയും നെല്‍വിത്തുമായി പാടത്തേക്കിറങ്ങിയത്. കരുപ്പൂര് ഏലായിലെ തരിശ്ശായി കിടന്ന ഒന്നരയേക്കറോളം പാടം പാട്ടത്തിനെടുത്താണ് എന്‍.എസ്.എസ്. കാര്‍ഷിക കൂട്ടായ്മ ജൈവക്കൃഷിയിലൂടെ നെല്ല് വിളയിച്ചെടുത്തത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ സുരേഷ്‌കുമാറിന്റെയും മുതിര്‍ന്ന കര്‍ഷകരുടെയും നിര്‍ദേശങ്ങള്‍ വഴികാട്ടിയായപ്പോള്‍ വിളവിന് നൂറുമേനിയെന്ന് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ.അന്‍സര്‍ പറഞ്ഞു. ഞാറ് നടീല്‍ മുതല്‍ കൊയ്ത്തുത്സവംവരെ വിദ്യാര്‍ഥികളുടെ ശ്രദ്ധയും അധ്വാനവും പാടത്തുണ്ടായിരുന്നു. കൊയ്ത്തുത്സവത്തിന് യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്.പ്രശാന്ത്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിജയന്‍, വൈസ് പ്രിന്‍സിപ്പല്‍ എല്‍.അശോകന്‍ , എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അന്‍സര്‍, ആര്‍.എന്‍.ബീന, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഒഫീസര്‍ ഡോ. എന്‍.ജി.ബാലചന്ദ്രനാഥ്, അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ ജയശ്രീ, വിത്സണ്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 34 നെടുമങ്ങാട് കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ കരുപ്പൂര് ഏലായില്‍ കൊയ്ത്തു നടത്തുന്നു

More Citizen News - Thiruvananthapuram