ഷാജിയുടെ കൊലപാതകം; വിശ്വസിക്കാനാവാതെ വീട്ടുകാരും നാട്ടുകാരും

Posted on: 22 Aug 2015കാഞ്ഞിരംകുളം: ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞ മകനെ കാത്തിരുന്ന അച്ഛന് ഏഴാംനാള്‍ അറിയാനായത് മകന്റെ ദാരുണമായ മരണവാര്‍ത്തയാണ്. മകന്റെ മരണത്തിന് കാരണമായതും മറ്റൊരു മകനാണെന്നതും അച്ഛന് വിശ്വസിക്കാനാവുന്നില്ല. വിഴിഞ്ഞം മുല്ലൂര്‍ ഇലഞ്ഞിക്കല്‍ വിളാകത്ത് വീട്ടില്‍ രത്‌നസ്വാമിയാണ് മകന്റെ മരണവാര്‍ത്തയും മറ്റൊരു മകന്റെ ക്രൂരതയും അറിഞ്ഞ് തളര്‍ന്നുപോയത്. 13 ന് വൈകീട്ടാണ് ഷാജി വീട്ടില്‍നിന്ന് പോയത്. അന്ന് രാത്രി വിളിച്ചപ്പോള്‍ കോവളത്ത് നില്‍ക്കുകയാണെന്ന് പറഞ്ഞതായി രത്‌നസ്വാമി പറയുന്നു. അപ്പോഴാണ് ഭക്ഷണം വാങ്ങിവരാന്‍ പറഞ്ഞത്. പിന്നെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയി. തുടര്‍ന്ന് കാണാതാവുകയായിരുന്നു. രണ്ട് ദിവസം കാത്തിട്ടും ഷാജി വീട്ടിലെത്തിയില്ല. തുടര്‍ന്ന് രത്‌നസ്വാമി പരാതി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും മൂത്ത മകന്‍ സതീഷ് തടഞ്ഞു. നേരത്തെ സതീഷ് ഷാജിക്കെതിരെ ഭാര്യയെ ഉപദ്രവിച്ചെന്ന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കുറെനാള്‍ ജയിലിലും കിടന്നു. ഷാജിയെ കാണാനില്ലെന്ന് പരാതിപ്പെട്ടാല്‍ തന്നെയും പോലീസ് ഉപദ്രവിക്കും എന്ന് അച്ഛനോട് പറഞ്ഞു. ഇതാണ് മകനെ കാണാനില്ലെന്ന പരാതിയുമായി മുന്നോട്ട് പോകാത്തതെന്ന് രത്‌നസ്വാമി പോലീസിന് മൊഴിനല്‍കി. ഇതിനിടെ എറണാകുളത്തുനിന്നും ഫോണ്‍ സന്ദേശം എത്തി. എങ്കിലും മകന്റെ സ്വരം കേള്‍ക്കാത്തതിനാല്‍ രത്‌നസ്വാമി സംശയിച്ചു. ഇതിനിടെയാണ് പുല്ലുവിളയില്‍ മൃതദേഹം അടിഞ്ഞത് ശ്രദ്ധയില്‍പെട്ടത്. വീണ്ടും ദിവസങ്ങളായിട്ടും മകനെ കാണാത്തതിനെ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്.
അച്ഛന്‍ മൃതദേഹം തിരിച്ചറിഞ്ഞ വിവരം പോലീസ് സതീഷിനെ അറിയിച്ചു. ഷാജി കൊല്ലപ്പെട്ടതായി സംശയിക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ സ്റ്റേഷനില്‍ എത്താനും ആവശ്യപ്പെട്ടു. എന്നാല്‍ സതീഷ് സ്റ്റേഷനിലെത്താതെ മുങ്ങി. ഇതിനിടെ രത്‌നസ്വാമി സതീഷിനെ ഫോണില്‍ വിളിച്ചെങ്കിലും അയാളുടെ സംസാരത്തിലെ പൊരുത്തക്കേടുകള്‍ പോലീസിന്റെ സംശയം കൂട്ടി. തുടര്‍ന്നാണ് കരുംകുളം പള്ളത്ത് നിന്നും പെട്രോള്‍ നിറക്കുന്നതിനിടെ കാഞ്ഞിരംകുളം പോലീസ് ഇയാളെ സാഹസികമായി പിടികൂടിയത്. സതീഷ് പത്ര പ്രവര്‍ത്തകന്‍ എന്ന പേരിലാണ് വിഴിഞ്ഞത്ത് അറിഞ്ഞിരുന്നത്. കൂടാതെ നിരവധി തട്ടിപ്പ് നടത്തിയതായും ഇയാള്‍ക്കെതിരെ ആരോപണങ്ങളുണ്ട്.
ഇയാളില്‍നിന്ന് ഒരു പത്രത്തിന്റെ വ്യാജ ഐഡന്റിറ്റി കാര്‍ഡും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട ഷാജിയുടെ മൃതദേഹം സംസ്‌കരിച്ചു. സരോജമാണ് ഷാജിയുടെ അമ്മ.

More Citizen News - Thiruvananthapuram