അശോകന്‍ വധം: പ്രതി ജസ്റ്റിന് ജീവപര്യന്തം തടവ്‌

Posted on: 22 Aug 2015നെയ്യാറ്റിന്‍കര: കെ.എസ്.എഫ്.ഇ. ജീവനക്കാരനായിരുന്ന അശോകനെ വധിച്ച കേസില്‍ ഒന്നാം പ്രതിയായ ജസ്റ്റിന് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. തടവിന് പുറമെ 50000 രൂപ പിഴയും അടയ്ക്കാന്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ ജഡ്ജി ജി. ഗിരീഷ് വിധിച്ചു.
കെ.എസ്.എഫ്.ഇ. നെയ്യാറ്റിന്‍കര മെയിന്‍ ബ്രാഞ്ചിലെ പ്യൂണായ അശോകനെ കാറില്‍ കയറ്റിക്കൊണ്ട്‌പോയി കയര്‍കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം പ്രതി അതിയന്നൂര്‍ ഏലായില്‍ മൃതദേഹം കൊണ്ടിട്ടെന്നായിരുന്നു കേസ്. 2007 ജൂലായ് 11നായിരുന്നു കേസിന് ആസ്​പദമായ സംഭവം നടന്നത്.
കെ.എസ്.എഫ്.ഇയില്‍ നിന്നും ബാങ്കിലടയ്ക്കാനുള്ള നാല് ലക്ഷം രൂപയുമായി നടന്നുവരുമ്പോഴായിരുന്നു പ്രതിയായ ചായ്‌ക്കോട്ടുകോണം നെടിയകാല ജോയി ഭവനില്‍ ജോയി അശോകനെ കാറില്‍ കയറ്റിക്കൊണ്ട്‌പോയത്. സംഭവം നടന്ന് ഒരാഴ്ചയ്ക്കകം പ്രതിയെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും 52 സാക്ഷികളെ വിസ്തരിച്ചു. ഇതിനൊപ്പം അറുപത്തിയാറില്‍പ്പരം രേഖകളും 20 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലൂക് പ്രോസിക്യൂട്ടര്‍ പി. രാധാകൃഷ്ണന്‍ നായര്‍ ഹാജരായി.

More Citizen News - Thiruvananthapuram