തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ല-കളക്ടര്‍

Posted on: 22 Aug 2015പേരൂര്‍ക്കട: ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ തനിക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍. അഴിമതിയുടെ കൂത്തരങ്ങായിരുന്ന സമിതിയില്‍ അച്ചടക്കം കൊണ്ടുവരാന്‍ താന്‍ ശ്രമിച്ചതാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് കാരണമെന്നും കളക്ടര്‍ പറഞ്ഞു. വെള്ളായണി ജലോത്സവവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു കളക്ടര്‍. ശിശുക്ഷേമസമിതിയില്‍ നിന്ന് കുട്ടികളെ നല്‍കാം എന്ന് പറഞ്ഞ് പലരും പണം വാങ്ങിയിരുന്നു. കേരളത്തില്‍ നിന്നുള്ളവര്‍ കുട്ടികളെ ഏറ്റെടുക്കാന്‍ കാത്തുനിന്നപ്പോള്‍ അവര്‍ക്ക് നല്‍കാതെ ജോര്‍ദാനിലുള്ള ദമ്പതിമാര്‍ക്ക് കുട്ടികളെ നല്‍കാന്‍ തീരുമാനമെടുത്തതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇവിടെ ഉണ്ടായി. താന്‍ കര്‍ശനമായ നിലപാട് എടുത്തപ്പോള്‍ കുട്ടികളെ നല്‍കാം എന്നുപറഞ്ഞ് പണം വാങ്ങിയവര്‍ക്ക് അത് തിരിച്ചുകൊടുക്കേണ്ടിവന്നു. ഇത് തനിക്ക് ശത്രുക്കളെ ഉണ്ടാക്കിയതായും കളക്ടര്‍ പറഞ്ഞു.
താന്‍ ഏറ്റെടുത്തിട്ടുള്ള പദവികളിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായാണ് നടത്തിയിട്ടുള്ളത്. ഇതൊന്നും കേട്ടാല്‍ താന്‍ തളരില്ലെന്നും മുന്നോട്ടുപോകുമെന്നും കളക്ടര്‍ അറിയിച്ചു. ജോലിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ തനിക്ക് ഹെവി ലൈസന്‍സ് ഉണ്ടെന്നും വണ്ടിയോടിച്ച് ജീവിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

More Citizen News - Thiruvananthapuram