ഓപ്പറേഷന്‍ അനന്ത: നിയമക്കുരുക്കില്‍പെടുമെന്ന് ആശങ്ക

Posted on: 22 Aug 2015തിരുവനന്തപുരം: ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി തെക്കനംകര കനാലിന് മുകളിലുള്ള കൈയേറ്റമൊഴിപ്പിക്കാനുള്ള ജില്ലാഭരണകൂടത്തിന്റെ നീക്കം വീണ്ടും നിയമക്കുരുക്കിലേക്ക് പോകുമെന്ന് ആശങ്ക. ദുരന്തനിവാരണ അതോറിറ്റി നിയമമനുസരിച്ച് ചെയര്‍മാന്റെ ചുമതല കൈമാറുന്നത് ചട്ടവിരുദ്ധമാണെന്ന് വാദിക്കുന്ന ഉദ്യോഗസ്ഥരേറെയാണ്. അങ്ങനെയെങ്കില്‍ കഴിഞ്ഞ ദിവസം രാജധാനി ബില്‍ഡിങ്‌സ് പൊളിച്ചുമാറ്റണമെന്ന ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കുമെന്നാണ് ഇവര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം നല്‍കിയ നോട്ടീസ് നിയമപരമായി നിലനില്‍ക്കുന്നതാണോയെന്ന് പരിശോധിക്കാന്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് നല്‍കുന്നതിന് മുമ്പ് സെക്രട്ടേറിയറ്റ് നിയമവിഭാഗത്തിന്റെ പരിശോധനയ്ക്ക് ഇത് വിടണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അത് പാലിക്കപ്പെട്ടിട്ടില്ലെന്നും പറയപ്പെടുന്നു. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായാണ് തെക്കനംകര കനാലിന് മുകളിലെ കൈയേറ്റമൊഴിപ്പിക്കാന്‍ തീരുമാനമായത്. കനാലിന് മുകളില്‍ രാജധാനി ബില്‍ഡിങ്‌സിന്റെ കൈയേറ്റമുണ്ടെന്ന് കണ്ടെത്തിയതും അനന്ത ടീം ആണ്. എന്നാല്‍ ഈ കൈയേറ്റമൊഴിപ്പിക്കല്‍ നടപടി തുടക്കം മുതല്‍ തന്നെ നിയമക്കുരുക്കുകളിലേക്ക് പോകുകയാണ്.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ ജില്ലാകളക്ടറാണ്. രാജധാനി ബില്‍ഡിങ്‌സുമായി ബന്ധപ്പെട്ട ഹിയറിങ്ങില്‍നിന്ന് ഒഴിവായിക്കൊണ്ട് അദ്ദേഹമാണ് ചുമതല കൈമാറിയത്. ഇത് നിയമപരമായി കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. നേരത്തേയും ജില്ലാഭരണകൂടം നടത്തിയ നിയമപരമായ വീഴ്ചകളാണ് പ്രശ്‌നത്തെ നിയമക്കുരുക്കില്‍ തളച്ചത്. ആദ്യം പാളിച്ചകള്‍ നിറഞ്ഞ നോട്ടീസ് നല്‍കി, പിന്നീടിത് പിന്‍വലിച്ചു. തെറ്റുകള്‍ തിരുത്തിക്കൊണ്ട് വീണ്ടും നോട്ടീസ് നല്‍കിയെങ്കിലും കെട്ടിടമുടമയ്ക്ക് വിശദീകരണം നല്‍കാനുള്ള സമയപരിധിക്ക് മുമ്പ് തന്നെ വീണ്ടും വിശദീകരണം നല്‍കാന്‍ വിളിച്ചു. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കെട്ടിടമുടമയുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഇതും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നതാണ് ഉദ്യോഗസ്ഥരുടെ ആശങ്ക. കൈയേറ്റമൊഴിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ നേരത്തേ തന്നെ പൂര്‍ത്തീകരിക്കാമെന്നിരിക്കേ ഇത് അനന്തമായി നീട്ടിയതിന് പിന്നില്‍ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ ഇടപെടലാണെന്ന് ആരോപണമുണ്ട്. പൊളിച്ചുമാറ്റല്‍ അട്ടിമറിക്കാനുള്ള നീക്കമാണിതിന് പിന്നിലെന്ന് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്.

More Citizen News - Thiruvananthapuram