ജീവനക്കാരില്ല; നെയ്യാറ്റിന്‍കര ആശുപത്രിക്ക് ദുരിതകാലം

Posted on: 22 Aug 2015നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പുതിയ തസ്തിക സൃഷ്ടിക്കാത്തതിന് പുറമെ നഴ്‌സുമാരുള്‍പ്പെടെയുള്ള മറ്റു ജീവനക്കാരുടെ കുറവ് കാരണം പ്രവര്‍ത്തനം താളംതെറ്റുന്നു. രക്തബാങ്കില്‍ മാസങ്ങളായി മെഡിക്കല്‍ ഓഫീസറില്ല. ഇതിനിടയില്‍ പുതിയ ലാബുമില്ല. നിലവിലെ ലാബിലെ ജോലിഭാരത്തിനനുസരിച്ച് ടെക്‌നീഷ്യന്മാരെ നിയമിക്കുന്നുമില്ല.
മാസങ്ങളായി രക്തബാങ്കില്‍ മെഡിക്കല്‍ ഓഫീസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഈ സ്ഥാനത്ത് പുതിയ നിയമനം നടത്താന്‍ ആരോഗ്യവകുപ്പിനായിട്ടില്ല. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും ഓപ്പറേഷന്‍ തിയേറ്ററുമുള്ള ആശുപത്രികളില്‍ രക്ത ബാങ്ക് നിര്‍ബന്ധമാണ്. മാത്രവുമല്ല ഈ രക്തബാങ്കുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം. എന്നാല്‍ രക്തബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കേണ്ട മെഡിക്കല്‍ ഓഫീസര്‍ മാത്രം ഇല്ല. മെഡിക്കല്‍ ഓഫീസര്‍ തസ്തിക അനുവദിക്കാനായി പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് അനങ്ങാപാറ നയമാണ് പിന്തുടരുന്നത്.
മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് രക്തദാന ക്യാമ്പുകള്‍ നടപ്പിലാക്കേണ്ടത്. മെഡിക്കല്‍ ഓഫീസര്‍ ഇല്ലാത്തത് കാരണം നെയ്യാറ്റിന്‍കര ആശുപത്രിക്കായി രക്തദാന ക്യാമ്പുകള്‍ നടക്കാറില്ല. മറ്റ് രക്തബാങ്കുകളില്‍ നിന്നുമാണ് ഇവിടേയ്ക്ക് ആവശ്യമായ രക്തം എത്തിക്കുന്നത്.
ജനറല്‍ ആശുപത്രിയാക്കുമ്പോള്‍ സൃഷ്ടിക്കേണ്ട ഡോക്ടര്‍മാരുടെ തസ്തികകള്‍ കൂടാതെ മറ്റ് ജീവനക്കാരുടെയും ഒഴിവുകള്‍ നികത്തുന്നില്ല. ജനറല്‍ ആശുപത്രിയാക്കുമ്പോള്‍ ഇരുന്നൂറോളം നഴ്‌സിങ് സ്റ്റാഫിനെ നിയമിക്കണം. എന്നാല്‍ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളിലായി 92 പേര്‍ മാത്രമാണ് ഉള്ളത്.
മൂന്ന് ഷിഫ്ടുകളിലായി ജോലിചെയ്യാന്‍ മതിയായ നഴ്‌സിങ് ജീവനക്കാരില്ല. ഇതുകാരണം രണ്ട് വാര്‍ഡുകളുടെ ചുമതല ഒരു നഴ്‌സിനാണ്. നഴ്‌സുമാരുടെ പുതിയ തസ്തിക സൃഷ്ടിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
ജനറല്‍ ആശുപത്രിയാക്കിയതോടെ പുതിയ ലാബ് നിര്‍മിക്കാനും കൂടുതല്‍ ലാബ് ടെക്‌നീഷ്യന്‍മാരെ നിയമിക്കാനും തീരുമാനിച്ചെങ്കിലും നടപ്പായില്ല.
എല്ലാതരത്തിലുള്ള പരിശോധനകളും നെയ്യാറ്റിന്‍കര ആശുപത്രിയിലെ ലാബില്‍ ചെയ്യാനാവും. എന്നാല്‍ ഈ പരിശോധനകള്‍ യഥാസമയം ചെയ്തു നല്‍കാന്‍ മാത്രം ടെക്‌നീഷ്യന്‍മാരില്ല. 9 ടെക്‌നീഷ്യന്‍മാര്‍ വേണ്ടിടത്ത് രണ്ട് പേര്‍ മാത്രമാണ് ഉള്ളത്. നെയ്യാറ്റിന്‍കര ആശുപത്രിയിലെ ലാബില്‍ ടെക്‌നീഷ്യന്‍മാരെ നിയമിച്ചിട്ട് വര്‍ഷങ്ങളായി. താത്കാലിക ടെക്‌നീഷ്യന്‍മാരെ നിയമിച്ചാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
റേഡിയോഗ്രാഫര്‍, ഫാര്‍മസിസ്റ്റ്, അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ തുടങ്ങിയ വിഭാഗങ്ങളിലും ജീവനക്കാരുടെ കുറവുണ്ട്. പന്ത്രണ്ട് ഫാര്‍മസിസ്റ്റ് വേണ്ട സ്ഥാനത്ത് രണ്ടുപേരാണ് ജോലിചെയ്യാനുള്ളത്. ഇവരെ വെച്ചാണ് 24 മണിക്കൂറും ഫാര്‍മസി പ്രവര്‍ത്തിപ്പിക്കാന്‍. ഫാര്‍മസിസ്റ്റിന്റെ കുറവ് കാരണം രാത്രികാലങ്ങളില്‍ ഫാര്‍മസി പ്രവര്‍ത്തിക്കാറില്ല.
ജനറല്‍ ആശുപത്രിയാക്കുമ്പോള്‍ ഉണ്ടാകേണ്ട ജീവനക്കാരുടെ പട്ടിക ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആവശ്യമായ ജീവനക്കാരുടെ പട്ടിക നല്‍കിയിട്ട് രണ്ട് വര്‍ഷം പിന്നിട്ടിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഒ.പി. രാത്രി 7 മണി വരെയാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഡോക്ടര്‍മാരില്ലാത്തതിന്റെ പേരില്‍ ഉച്ചകഴിഞ്ഞാല്‍ ഒ.പി.യില്‍ പരിശോധന ഉണ്ടാകാറില്ല. പലപ്പോഴും ഉച്ചയ്ക്ക് ശേഷവും രോഗികള്‍ക്ക് ഡോക്ടര്‍മാരെ കാത്തിരിക്കേണ്ടി വരുന്നു.

More Citizen News - Thiruvananthapuram