അയ്യങ്കാളി ജലോത്സവം 27 മുതല്‍ 29 വരെ

Posted on: 22 Aug 2015പേരൂര്‍ക്കട: വെള്ളായണി കായലിലെ 42-ാമത് അയ്യങ്കാളി ജലോത്സവം 27 മുതല്‍ 29 വരെ നടക്കും. ഓണം വാരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്നതാണ് ഈ ജലോത്സവം. 27 ന് രാവിലെ 9 ന് വെള്ളായണി ദേവീക്ഷേത്ര മൈതാനത്തുനിന്ന് വിളംബരഘോഷയാത്രയോടെ പരിപാടികള്‍ക്ക് തുടക്കമാകും. 28ന് വൈകീട്ട് കാക്കാമൂല കായല്‍ക്കരയില്‍ നിന്നും തിരുവോണക്കാഴ്ചയും സാംസ്‌ക്കാരിക സമ്മേളനവും ദീപാലങ്കാരവും നടക്കും. സാംസ്‌ക്കാരിക സമ്മേളനം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. 29ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ജലഘോഷയാത്ര നടത്തുന്നത്. കുട്ടനാടന്‍ ചുണ്ടന്‍വള്ളങ്ങളോടൊപ്പം നാടന്‍വള്ളങ്ങളും പങ്കെടുക്കും.
കനോയിങ്ങ്, കയോക്കിങ് മത്സരങ്ങള്‍ക്കും വെള്ളായണി കായല്‍ വേദിയാകും. കായികതാരങ്ങളുടെ വള്ളംകളി, മുത്തുക്കുടകള്‍, നിശ്ചല ദൃശ്യങ്ങള്‍, ശിങ്കാരിമേളം, വനിതകള്‍ തുഴയുന്ന നാടന്‍വള്ളങ്ങളുടെ പ്രദര്‍ശന മത്സരം എന്നിവ ഈ ജലോത്സവത്തിന് മനോഹാരിത പകരും. ജലഘോഷയാത്രക്കുശേഷം നടക്കുന്ന പൊതുസമ്മേളനം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നായ വെള്ളായണി കായലില്‍ നടക്കുന്ന ജലോത്സവം പരിസ്ഥിതി-നീര്‍ത്തട സംരക്ഷണത്തിന് ഉതകുന്ന തരത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. തിരുവനന്തപുരം നഗരസഭയ്ക്കും നേമം അതിയന്നൂര്‍ ബ്‌ളോക്ക് പഞ്ചായത്തുകള്‍ക്കും ഇടയിലുള്ള കായലും പുഞ്ചപ്പാടങ്ങളും കൃഷിഭൂമിയും സംരക്ഷിക്കുന്നതിനുള്ള വലിയ ജനകീയ ബോധവത്കരണവും ഈ ജലോത്സവത്തിന്റെ ലക്ഷ്യമാണെന്ന് സംഘാടകര്‍ വ്യക്തമാക്കി. സംഘാടകസമിതി ചെയര്‍മാന്‍ ജമീലാപ്രകാശം എം.എല്‍.എ., ജനറല്‍ കണ്‍വീനര്‍ ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍, ജനറല്‍ സെക്രട്ടറി എസ്.സുരേഷ്, ആര്‍.മോശ, ആറയൂര്‍ കെ.ചെല്ലപ്പന്‍, അഡ്വക്കേറ്റ് പുഞ്ചക്കരി രവീന്ദ്രന്‍ എന്നിവര്‍ കളക്ടറേറ്റില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram